China:കമ്യൂണിസ്റ്റ് നേതാവിനെതിരായ ലൈംഗികാരോപണം, അപ്രത്യക്ഷമാവല്‍, ഒടുവില്‍ താരം പ്രത്യക്ഷപ്പെട്ടു

By Web TeamFirst Published Nov 22, 2021, 2:22 PM IST
Highlights

ചൈനീസ് മുന്‍ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരായി ലൈംഗികാതിക്രമ ആരോപണം ഉയര്‍ത്തിയതിനു പിന്നാലെ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷയായ ലോക പ്രശസ്ത ടെന്നീസ് താരം പെങ് ഷുവായിയുടെ (Peng Shuai) വീഡിയോ കോള്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ചൈനീസ് മുന്‍ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരായി (Zhang Gaoli) ലൈംഗികാതിക്രമ ആരോപണം ഉയര്‍ത്തിയതിനു പിന്നാലെ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷയായ ലോക പ്രശസ്ത ടെന്നീസ് താരം പെങ് ഷുവായിയുടെ (Peng Shuai) വീഡിയോ കോള്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദുരൂഹ സാഹചര്യത്തില്‍ പൊതുരംഗത്തുനിന്നും അപ്രത്യക്ഷയായി മൂന്നാഴ്ചയ്ക്കു ശേഷമാണ് മുപ്പത്തിയഞ്ചുകാരിയായ പെങ് ഷുവായി വീഡിയോകോളില്‍ പ്രത്യക്ഷപ്പെട്ടത്. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയാണ് (International Olympic Committee IOC) ഇക്കാര്യം അറിയിച്ചത്. പെങ് ഷുവായി ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കുമായി വീഡിയോ കോളില്‍ സംസാരിച്ചതായാണ് സമിതി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്. താന്‍ സുരക്ഷിതയാണെന്നും സുഖമായിരിക്കുന്നുവെന്നും പെങ്് പറഞ്ഞതായാണ് വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ബീജിംഗിലെ വസതിയില്‍ തന്നെയുണ്ടെന്നും പെങ്് പറഞ്ഞതായാണ് ഒളിമ്പിക് കമ്മിറ്റി അറിയിച്ചത്.  

 

 

ദുരൂഹ സാഹചര്യത്തില്‍ കായികതാരം അപ്രത്യക്ഷയായതിനെ തുടര്‍ന്ന് അവരെവിടെ എന്ന ചോദ്യം ലോകവ്യാപകമായി ഉയര്‍ന്നിരുന്നു. യുഎന്നും (United Nations) യുഎസും (US) നിരവധി കായിക താരങ്ങളും പെങ് എവിടെ എന്ന ചോദ്യമുയര്‍ത്തി. സോഷ്യല്‍ മീഡിയയിലും ഈ വിഷയം കത്തിപ്പിടിച്ചു. വിമന്‍സ് ടെന്നീസ് അസോസിയേഷന്‍ ഈ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം പെങ്ങിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് വാഷിംഗ്ടണില്‍ അമേരിക്കയില്‍ കഴിയുന്ന ചൈനീസ് ഫെമിനിസ്റ്റുകള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സിഎന്‍എന്‍ ഉള്‍പ്പടെ അന്താരാഷ്ട്ര മാധ്യമങ്ങളും ഈ വിഷയം സജീവമായി ചര്‍ച്ചയാക്കിയിരുന്നു. 

ചൈനയിലെ ഏറ്റവും പ്രശസ്തയായ കായിക താരങ്ങളിലൊരാളാണ് പെങ് ഷുവായി. ലോക മുന്‍ ഒന്നാം നമ്പര്‍ ഡബിള്‍സ് താരമാണ്. ഒന്നാം റാങ്കിലെത്തിയ ആദ്യ ചൈനീസ് താരം എന്ന നേട്ടം പെങ്ങിനുണ്ട്. 2013-ല്‍ വിംബിള്‍ഡനും 2014-ല്‍ ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് കിരീടവും സ്വന്തമാക്കി. കരിയറിലാകെ രണ്ട് സിംഗിള്‍സും 22 ഡബിള്‍സ് കിരീടങ്ങളുമുയര്‍ത്തി. 2010-ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി.മൂന്ന് ഒളിംപിക്‌സില്‍ പങ്കെടുത്തതും സവിശേഷതയാണ്.

മൂന്നാഴ്ച മുമ്പ് ചൈനീസ് സാമൂഹ്യമാധ്യമായ വെയ്‌ബോയിലാണ് പെങ്ങിന്റെ ലൈംഗിക ആരോപണം പ്രത്യക്ഷപ്പെട്ടത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രമുഖനായ മുന്‍ ഉപപ്രധാനമന്ത്രി സാങ് ഗാവൊലി ലൈംഗിക ബന്ധത്തിനായി ബലപ്രയോഗം നടത്തിയെന്നായിരുന്നു പോസ്റ്റ്. പോസ്റ്റ് വന്ന ഉടന്‍ വെയ്ബോയില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടു. ഈ വിഷയം വലിയ ചര്‍ച്ചയാവാതിരിക്കാന്‍ ഇന്റര്‍നെറ്റില്‍ കനത്ത സെന്‍സറിംഗ് നടന്നു. ഇതിനു പിന്നാലെയാണ് ലോകത്തെ ഏറ്റവും മികച്ച ടെന്നീസ് താരങ്ങളിലൊന്നായ പെങ്ങിനെ കാണാതായത്. 

സാങ് ഗാവൊലിക്കെതിരെ പെങ്് ഉയര്‍ത്തിയ ലൈംഗിക ആരോപണത്തെ കുറിച്ചും പെങ്ങിന്റെ തിരോധാനത്തെ കുറിച്ചും അറിയില്ല എന്നായിരുന്നു തുടക്കം മുതല്‍ ചൈനയുടെ പ്രതികരണം.  നയതന്ത്രപരമായ ചോദ്യമല്ലെന്നും വിഷയത്തെക്കുറിച്ച് അറിയില്ലെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. അതിനിടെ, പെങ് ഷുവായി സുരക്ഷിതയാണെന്നും പൊതുവേദിയില്‍ ഉടന്‍ പ്രത്യക്ഷപ്പെടുമെന്നും ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ഹു ഷിന്‍ജിന്‍ പ്രതികരിച്ചിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക മാധ്യമമായ പീപ്പിള്‍സ് ഡെയ്ലിക്ക് കീഴിലുള്ള പത്രമാണ് ദ് ഗ്ലോബല്‍ ടൈംസ്.

പെങ്ങിന്റെ തിരോധാനം ലോകമാകെ ചര്‍ച്ചയായതിനിടെ, കഴിഞ്ഞ ദിവസം ചൈനീസ് മാധ്യമങ്ങള്‍ പെങ്ങിന്റെ ഫോട്ടോയും വീഡിയോയും പുറത്തുവിട്ടിരുന്നു. ചൈനീസ് ദേശീയ മാധ്യമത്തിലെ ഒരു മാധ്യമപ്രവര്‍ത്തകനാണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ചൈനീസ് ടെന്നീസ് അധികൃതരുമായി ചിരിച്ചുകൊണ്ട് സംസാരിക്കുന്ന പെങ്ങിന്റെ വീഡിയോയാണ് ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെ, ചൈനീസ് ടെന്നീസ് അസോസിയേഷന്‍ പെങ്ങിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. പെങ്് സുരക്ഷിതയായി വീട്ടിലിരിക്കുകയാണ് എന്നു പറഞ്ഞാണ്, അവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. അതിനു പിന്നാലെയാണ്, രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ വാര്‍ത്താ കുറിപ്പ് വന്നത്. 

പെങ് ജീവിച്ചിരിക്കുന്നതിന് തെളിവ് പുറത്തുവിടണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരുന്നു. പെങ്ങിന്റെ ജീവനില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കനത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. 73-കാരനായ ചൈനീസ് നേതാവിനെതിരായ ആരോപണങ്ങളില്‍ സുതാര്യമായ അന്വേഷണം വേണമെന്നാണ് യുന്‍ ആവശ്യപ്പെട്ടത്. പെങ് അപ്രത്യക്ഷയായ സംഭവത്തെ തുടര്‍ന്ന്ചൈന വേദിയാവുന്ന ടൂര്‍ണമെന്റുകള്‍ പിന്‍വലിക്കും എന്ന് വനിതാ ടെന്നീസ് അസോസിയേഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

പുതിയ സാഹചര്യത്തില്‍, വനിതാ ടെന്നീസ് അസോസിയേഷന്‍ വീണ്ടും രംഗത്തുവന്നിട്ടുണ്ട്. വീഡിയോകളല്ല, പെങ്ങിനെയാണ് കാേണണ്ടത് എന്നാണ് അസോസിയേഷന്‍ പ്രതികരിച്ചത്. ഇത്ര പ്രശസ്തയായ ഒരു താtം എന്തുകൊണ്ടാണ് പൊതുരംഗത്തുനിന്നും പുറത്തായത് എന്ന കാര്യത്തില്‍ വിശദീകരണം വേണമെന്നും പെങ്് ഉയര്‍ത്തിയ ലൈംഗികാരോപണത്തില്‍ നടപടി വേണമെന്നും അസോസിയേഷന്‍ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു. 

'പെങ് ഷുവായി എവിടെ?' (#WhereIsPengShuai) എന്ന ഹാഷ്ടാഗില്‍ താരത്തിനായി സാമൂഹ്യമാധ്യമങ്ങളില്‍ ക്യാംപയിന്‍ശക്തമായിരുന്നു. ടെന്നീസ് സൂപ്പര്‍താരങ്ങളായ നൊവാക് ജോക്കോവിച്ച്, സെറീന വില്യംസ്, നവോമി ഒസാക, സിമോണ ഹാലെപ്പ്തുടങ്ങിയവര്‍ ക്യാംപയിന്റെ ഭാഗമായി.

click me!