
അഫ്ഗാനിസ്താനില്‍ സ്ത്രീകള്‍ ടി വി സീരിയലുകളില്‍ അഭിനയിക്കുന്നത് വിലക്ക്. താലിബാന്‍ ഭരണകൂടം പുതുതായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ സ്ത്രീകളെ ടിവി സീരിയലുകളില്‍ അഭിനയിക്കുന്നത് വിലക്കിയത്. ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന വനിതാ മാധ്യമപ്രവര്‍ത്തകരും സ്ത്രീ അവതാരകരും നിര്‍ബന്ധമായും മുഖവരണം ധരിക്കണമെന്നും താലിബാന്‍ പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു.
അഫ്ഗാന്‍ ചാനലുകള്‍ക്ക് നല്‍കിയ പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ എട്ട് പ്രധാന നിര്‍ദേശങ്ങളാണ് ഉള്ളത്. ഇസ്‌ലാമിക നിയമത്തിനും അഫ്ഗാന്‍ മൂല്യങ്ങള്‍ക്കും എതിരായ സിനിമകള്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം കുറ്റകരമാണ്. പുരുഷന്‍മാര്‍ അവരുടെ ശരീര ഭാഗങ്ങള്‍ തുറന്നു പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചു. അതോടൊപ്പം, മതത്തെ നിന്ദിക്കുന്നതും അഫ്ഗാന്‍ സംസ്‌കാരത്തിന് എതിരായതുമായ കോമഡി, വിനോദ പരിപാടികളും നിരോധിച്ചു. വിദേശ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്നും നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്.
സാധാരണയായി, സ്ത്രീകള്‍ മുഖ്യകഥാപാത്രമായി വരുന്ന സീരിയലുകളാണ് അഫ്ഗാന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യാറുള്ളത്. സ്ത്രീകള്‍ അഭിനയിക്കുന്നത് നിരോധിച്ചതോടെ ചാനല്‍ പരിപാടികള്‍ പ്രതിസന്ധിയിലായി. പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പലതും അവ്യക്തമാണ്. ഏത് പരിപാടിയെയും ഈ മാര്‍ഗനിര്‍ദേശപ്രകാരം വ്യാഖ്യാനിക്കാനും നടപടി എടുക്കാനും ഇതുവഴി അധികൃതര്‍ക്ക് കഴിയും. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അപ്രതീക്ഷിതമായിരുന്നുവെന്ന് മാധ്യമ സംഘടനാ പ്രതിനിധി ഹുജ്ജത്തുല്ലാ മുജദ്ദീദി പറഞ്ഞു. ഈ നിര്‍ദേശങ്ങള്‍ നിലവില്‍ വരുന്നത് ചാനല്‍ പരിപാടികളെ സാരമായി ബാധിക്കുമെന്നും ചാനലുകള്‍ പൂട്ടിപ്പോവുന്ന അവസ്ഥ ഉണ്ടാവുമെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു.
ഓഗസ്ത് പകുതിയോടെയാണ് നിലവിലുള്ള സര്‍ക്കാറിനെ അട്ടിമറിച്ച് താലിബാന്‍ അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചത്. അതിനു ശേഷം അവര്‍ മാധ്യമങ്ങളുടെ മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ്. താലിബാന്‍ ആദ്യം അധികാരത്തിലെത്തിയ സമയത്ത് സ്ത്രീകള്‍ പഠിക്കുന്നതും ജോലി ചെയ്യുന്നതും അവര്‍ നിരോധിച്ചിരുന്നു. ഇത്തവണ അധികാരത്തില്‍ വന്നതിനു പിന്നാലെ വിദ്യാര്‍ത്ഥിനികളും യുവതികളും വിദ്യാഭ്യാസം ചെയ്യുന്നത് വിലക്കി വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ താലിബാന്‍ കൊണ്ടുവന്നിരുന്നു. താലിബാന്‍ അധികാരത്തിലെത്തി ആഴ്ചകള്‍ക്കകം കാബൂള്‍ നഗരസഭാ ഓഫീസിലെ സ്ത്രീകള്‍ ജോലിക്ക് വരേണ്ടതില്ലെന്ന് മേയര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് പുതിയ നിര്‍ദേശങ്ങള്‍.