വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ ലാഹോറില്‍ കണ്ടെത്തി, ലക്ഷ്യമിട്ടത് കൊറിയയില്‍ചെന്ന് ബിടിഎസിനെ കാണല്‍!

By Web TeamFirst Published Jan 12, 2023, 6:19 PM IST
Highlights

13, 14 വയസ്സുള്ള പെണ്‍കുട്ടികള്‍ വീട്ടില്‍നിന്നിറങ്ങിയത് കഴിഞ്ഞ ആഴ്ച. കണ്ടെത്തിയത് ലാഹോറില്‍
 

പാക്കിസ്താനിലെ കറാച്ചിയിലുള്ള കൊറാന്‍ജി  റെസിഡന്‍ഷ്യല്‍ കോളനിയിലുള്ള മുഹമ്മദ് ജുനൈദ് എന്ന ബിസിനസുകാരന്‍ കഴിഞ്ഞ ആഴ്ച പൊലീസില്‍ ഒരു പരാതി നല്‍കി. തന്റെ മകളെയും കൂട്ടുകാരിയെയും കാണാനില്ല എന്നായിരുന്നു അയാളുടെ പരാതി. കുട്ടികളെ ആരോ തട്ടിക്കൊണ്ടു പോയെന്നാണ് സംശയമെന്നും പരാതിയില്‍ അയാള്‍ വ്യക്തമാക്കി. 

14 വയസ്സുള്ള തന്റെ മകളെ 13-കാരിയായ കൂട്ടുകാരിക്കൊപ്പമാണ് കാണാതായത് എന്നായിരുന്നു പരാതി. തന്റെ മകളെ കാണാന്‍ കൂട്ടുകാരി വീട്ടില്‍ വന്നുവെന്നും ടെറസില്‍ പോകുന്നു എന്നു പറഞ്ഞ് മുകള്‍ നിലയിലേക്ക് പോയ ഇരുവരെയും അല്‍പ്പസമയം കഴിഞ്ഞ് നോക്കുമ്പോള്‍ കാണാതായെന്നുമാണ് അദ്ദേഹം പരാതിയില്‍ പറഞ്ഞത്. ഇരുവരും വീട്ടിനു പുറത്തേക്കു പോവുന്നത് കണ്ടുവെന്നായിരുന്നു അന്വേഷിച്ചപ്പോള്‍ അയല്‍വാസികള്‍ പറഞ്ഞത്. കുട്ടികളെ കാണാതെ പരിഭ്രാന്തനായ മുഹമ്മദ് ജുനൈദ് മകളുടെ കൂട്ടുകാരിയുടെ പിതാവിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് ഇരുവരും പൊലീസിനെ സമീപിച്ചു. 

പൊലീസ് സംഘം അന്വേഷണം തുടങ്ങിയെങ്കിലും ഇരുവരുടെയും പൊടി പോലും കിട്ടിയില്ല. അതിനിടെയാണ് അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ വീട്ടില്‍ വന്ന് പെണ്‍കുട്ടിയുടെ മുറി പരിശോധിച്ചത്. പെണ്‍കുട്ടിയുടെ ഡയറി അവിടെനിന്നും കിട്ടി. അതില്‍ വിവിധ നഗരങ്ങളിലേക്കുള്ള ട്രെയിന്‍ ചാര്‍ജും ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലേക്കുള്ള വിമാന സര്‍വീസ് വിവരങ്ങളും കണ്ടെത്തി. രണ്ടു കുട്ടികളും കൊറിയന്‍ സംഗീത ബാന്‍ഡായ ബിടിഎസിന്റെ കട്ട ആരാധകരാണെന്നും ഡയറിയില്‍നിന്നും തെളിഞ്ഞതായി പാക് പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.  

അന്വേഷണം തുടര്‍ന്നു. പക്ഷേ, കുട്ടികളെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല. അതിനിടെയാണ് കഴിഞ്ഞ ദിവസം രണ്ട് കുട്ടികളെയും ലാഹോറില്‍ കണ്ടെത്തിയതായി അവിടത്തെ പൊലീസിന് വിവരം കിട്ടിയത്. തുടര്‍ന്ന്, കറാച്ചിയില്‍നിന്നും 1200 കിലോ മീറ്റര്‍ അകലെയുള്ള ലാഹോറിലെ റെയില്‍വേ സ്‌റ്റേഷനടുത്തു വെച്ച് കുട്ടികളെ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലില്‍ കുട്ടികള്‍ തങ്ങളുടെ ഗൂഢപദ്ധതി തുറന്നുപറഞ്ഞു. 

ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുള്ള കൊറിയന്‍ സംഗീയ ബാന്‍ഡായ ബി ടി എസിന്റെ കടുത്ത ആരാധകരാണ് തങ്ങളെന്ന് കുട്ടികള്‍ സമ്മതിച്ചു. വീടുവിട്ട് കൊറിയയില്‍ ചെന്ന് ബി ടി എസിനെ കാണുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും കുട്ടികള്‍ സമ്മതിച്ചു. ഇതേ പ്രായത്തിലുള്ള നൗഫില്‍ എന്ന കസിനും ഈ പദ്ധതിയില്‍ ഉണ്ടായിരുന്നുവെന്നും അവസാന ഘട്ടം അവന്‍ പേടിച്ച് പിന്‍മാറുകയായിരുന്നവെന്നും കുട്ടികള്‍ സമ്മതിച്ചു. ഇതോടെ ലാഹോര്‍ പൊലീസ് കുട്ടികളുടെ വീട്ടുകാരെ വിവരമറിയിച്ചു.  ലാഹോറില്‍ ചെന്ന് കുട്ടികളെ കൊണ്ടുവരാന്‍ പുറപ്പെട്ടിരിക്കുകയാണ് വീട്ടുകാരും പൊലീസും. 

കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം പ്രത്യേകം ശ്രദ്ധിക്കണമെന്നും അവരുടെ ലോകങ്ങള്‍ ഏറെ മാറിമറിയുന്നുണ്ടെന്ന് രക്ഷിതാക്കള്‍ മനസ്സിലാക്കണമെന്നും ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കറാച്ചി പൊലീസ് പുറത്തിറക്കിയ വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കി. 


ബിടിഎസ് 

തെക്കന്‍ കൊറിയന്‍ വിനോദമേഖലയിലെ ഏറ്റവും വലിയ വിജയചരിത്രമാണ് ബിടിഎസ് എന്ന കൗമാരക്കാരുടെ ഗായകസംഘം. രണ്ട് തവണ ഗ്രാമി വേദിയില്‍ പരിപാടി അവതരിപ്പിച്ച, രണ്ട് തവണ ഗ്രാമി നോമിനേഷന്‍ കിട്ടിയ, വൈറ്റ് ഹൗസ് സന്ദര്‍ശിച്ച, ബില്‍ബോര്‍ഡ് 200ല്‍ ഒന്നാമത് എത്തുന്ന, യുഎന്നില്‍ പരിപാടി അവതരിപ്പിച്ച ഏക കൊറിയന്‍ പോപ് ഗ്രൂപ്പായ ബിടിഎസിന് കിട്ടിയത് എണ്ണമറ്റ അന്താരാഷ്ട്ര സംഗീത പുരസ്‌കാരങ്ങള്‍. 

ബിടിഎസിന്റെ ഏറ്റവും വലിയ ശക്തി ആരാധകപിന്തുണയാണ്. രാജ്യമോ ഭാഷയോ സംസ്‌കാരമോ വേര്‍തിരിവുകള്‍ തീര്‍ക്കാത്ത വന്‍ജനസഞ്ചയമാണത്. കേരളത്തിലെ ജനസംഖ്യയേക്കാള്‍ കൂടുതലുണ്ട് അത്. ബിടിഎസ് എന്നത്  ജീവവായുവായി കൊണ്ടുനടക്കുന്ന കോടിക്കണക്കിന് പേരില്‍ യുവജനത മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. പെണ്‍കുട്ടികള്‍ മാത്രമാണ് ചുള്ളന്‍ ചെക്കന്‍മാരുടെ പാട്ടില്‍ ഹരം കൊള്ളുന്നതെന്നും വിചാരിക്കരുത്. ലോക്ഡൗണ്‍ കാലത്തെ മടുപ്പില്‍ കുളിര്‍തെന്നലായി ബിടിഎസ് ലോകമെമ്പാടും പടര്‍ന്നപ്പോള്‍ കൊറിയന്‍ പിള്ളേര്‍ക്ക് ഹൃദയം കൊടുത്തവരില്‍ ആബാലവൃദ്ധം ജനങ്ങളുമുണ്ട്. 

THE  MOST BEAUTIFUL MOMENT IN LIFE എന്ന ആല്‍ബത്തിലെ I NEED U ആയിരുന്നു ബിടിഎസിന്റെ ആദ്യഹിറ്റ്. അന്ന് അവരുടെ കൂടെ കൂടിയവരാരും പിന്നെ വേറെ തിരിഞ്ഞുനോക്കിയില്ല. ഓരോ ദിവസം കഴിയുന്തോറും ഓരോ പുതിയ പാട്ടിറങ്ങുമ്പോഴും കേള്‍വിക്കാരുടെയും ആരാധകരുടേയും എണ്ണം കൂടിക്കൂടി വന്നു. ഈയടുത്ത് നിര്‍ബന്ധിത സൈനിക സേവനത്തിനു വേണ്ടി ബി ടി എസ് താല്‍ക്കാലികമായി വിടവാങ്ങിയിരിക്കുകയാണ്. 2025 ആവുമ്പോഴേക്കും ഇവര്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അന്താരാഷ്ട്ര തലത്തില്‍ തെക്കന്‍ കൊറിയയുടെ സംഗീതമേല്‍വിലാസമായ സാമ്പത്തിക സ്ഥിതിയിലും നിര്‍ണായക സ്വാധീനമാണ് ബിടിഎസ് എന്ന ഗായകസംഘത്തിനുള്ളത്. ഏതാണ് 3.6 ശതകോടി ഡോളര്‍ ആണ് ബിടിഎസ് സംഭാവന. അതായത് 26 മധ്യവര്‍ഗ കമ്പനികളുടെ സാമ്പത്തിക സംഭാവനയാണ് ഏഴ് പയ്യന്‍മാരുടെ പാട്ടുസംഘം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിയിലേക്ക് നല്‍കുന്നത്. രാജ്യത്ത് എത്തുന്ന 13 വിദേശസഞ്ചാരികളില്‍ ഒരാള്‍ എന്ന കണക്കിലാണ് ബിടിഎസ് സ്വന്തം നാട്ടിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. ബിടിഎസ് താരങ്ങളുടെ പേരില്‍ ഒരു വര്‍ഷം വിറ്റുപോകുന്നത് ഏതാണ് 1.1 ശതകോടി ഡോളറിന്റെ ഉപഭോക്തൃവസ്തുക്കളാണ്. 

click me!