
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ചണ്ഡീഗഢിലെ സംരംഭകൻ തന്റെ ടീമിന് സമ്മാനമായി നൽകിയത് 51 പുത്തൻ കാറുകൾ. പഞ്ച്കുളയിലെ മിറ്റ്സ് ഹെൽത്ത്കെയറിന്റെ സ്ഥാപകനും സാമൂഹിക പ്രവർത്തകനുമായ എം. കെ. ഭാട്ടിയയാണ് തന്റെ ടീമിലുള്ള മികച്ച പ്രകടനം കാഴ്ചവച്ച അംഗങ്ങൾക്ക് ഈ ആഴ്ച കാറുകളുടെ താക്കോൽ കൈമാറിയത്. അര നൂറ്റാണ്ടായി താൻ ഇങ്ങനെ സമ്മാനം കൈമാറുന്നുണ്ട് എന്നും ഭാട്ടിയ തൻറെ പോസ്റ്റിൽ പറയുന്നു. ഇത് തുടർച്ചയായ മൂന്നാം വർഷമാണ് അദ്ദേഹം സഹപ്രവർത്തകർക്ക് കാറുകൾ സമ്മാനമായി നൽകുന്നത്.
ലിങ്ക്ഡ്ഇനിലെ തന്റെ പോസ്റ്റിൽ ഭാട്ടിയ എഴുതുന്നത്, ‘കഴിഞ്ഞ രണ്ട് വർഷമായി, ടീമിൽ നന്നായി പ്രകടനം കാഴ്ചവെച്ചവർക്ക് കാറുകൾ സമ്മാനിച്ചുകൊണ്ടാണ് ഞങ്ങൾ ആഘോഷിക്കുന്നത്, ഈ വർഷവും അത് തുടരുന്നു എന്നാണ്. അവരെ ഞാൻ ഒരിക്കലും ജീവനക്കാരെന്നോ സ്റ്റാഫ് എന്നോ വിളിച്ചിട്ടില്ല- എന്റെ ജീവിതം ഒരു സിനിമയാണെങ്കിൽ അതിലെ റോക്ക് സ്റ്റാർ സെലിബ്രിറ്റികളാണ് അവർ. ഞങ്ങളുടെ യാത്രയിലെ ഓരോ രംഗവും ഒരു ബ്ലോക്ക്ബസ്റ്ററാക്കി മാറ്റുന്ന താരങ്ങളാണവർ. ചില റൈഡുകൾ ഇതിനകം തന്നെ എത്തിക്കഴിഞ്ഞു, കൂടുതൽ ഇനി വരാനിരിക്കുന്നു. അതിനായി കാത്തിരിക്കൂ... ഈ ദീപാവലി വളരെ പ്രത്യേകതയുള്ളതായിരിക്കും’ എന്നും ഭാട്ടിയ കുറിക്കുന്നു. ഒപ്പം താക്കോൽ കൈമാറുന്ന ചിത്രങ്ങളും ഷെയർ ചെയ്തിട്ടുണ്ട്.
വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട് പ്രകാരം, ഭാട്ടിയ ഈ ആഴ്ചയാണ് ജീവനക്കാർക്ക് വാഹനങ്ങൾ കൈമാറിയത്. തുടർന്ന് ഷോറൂമിൽ നിന്ന് കമ്പനിയുടെ മിറ്റ്സ് ഹൗസ് ഓഫീസിലേക്ക് ആഘോഷപൂർവ്വമായ കാർ ഗിഫ്റ്റ് റാലിയും നടന്നുവത്രെ. ഭാട്ടിയ ഷെയർ ചെയ്ത പോസ്റ്റിന് നിരവധിപ്പേർ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് കമന്റുകൾ നൽകിയിട്ടുണ്ട്.