മകൻ ശ്വാസം കിട്ടാതെ മരണത്തിലേക്ക്, മയക്കുമരുന്നുപയോ​ഗിച്ച് ബോധമില്ലാതെ അമ്മ

Published : Apr 06, 2022, 02:35 PM IST
മകൻ ശ്വാസം കിട്ടാതെ മരണത്തിലേക്ക്, മയക്കുമരുന്നുപയോ​ഗിച്ച് ബോധമില്ലാതെ അമ്മ

Synopsis

അവന് സ്കൂളിൽ ഹാജർ കുറവായിരുന്നുവെന്നും, ഗൃഹപാഠം ചെയ്യാറില്ലെന്നും, തീർത്തും അവഗണയിലാണ് കഴിഞ്ഞിരുന്നതെന്നും സ്കൂൾ അധികൃതർ പൊലീസിനെ അറിയിച്ചു. 

സ്വന്തം മകൻ മരിക്കാനിടയായ കുറ്റത്തിന് ഇംഗ്ലണ്ടിലെ കോവെൻട്രി ക്രൗൺ കോടതിയിൽ വിചാരണ നേരിടുകയാണ് 39 -കാരിയായ ലോറ ഹീത്ത്(Laura Heath). രാത്രിയിൽ കടുത്ത ആസ്ത്മ ബാധിച്ച് ഏഴു വയസ്സുള്ള മകൻ മരിച്ചു കൊണ്ടിരിക്കുമ്പോൾ ഇതൊന്നുമറിയാതെ ലോറ മയക്ക് മരുന്ന് വലിച്ച് ബോധമില്ലാതെ ഉറങ്ങുകയായിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു. മകന്റെ ആസ്ത്മ പമ്പ് ഉപയോഗിച്ച് മയക്കുമരുന്ന് വലിച്ചതിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങൾ കോടതിയിൽ ഹാജരാക്കപ്പെട്ടു. അതേസമയം തന്റെ മേലിൽ ചാർത്തപ്പെട്ട കുറ്റം അവൾ അപ്പാടെ നിഷേധിച്ചു.

2017 നവംബർ 26 -ന് ബർമിംഗ്ഹാമിലെ കുക്ക് സ്ട്രീറ്റിലെ വീടിന്റെ പൂന്തോട്ടത്തിലാണ് മരിച്ച നിലയിൽ ഹക്കീം ഹുസൈനെ(Hakeem Hussain) കണ്ടെത്തിയത്. ആ വർഷത്തെ ഏറ്റവും തണുപ്പുള്ള രാത്രികളിൽ ഒന്നായിരുന്നു അത്. അവന് ഹൃദയാഘാതം സംഭവിച്ചതായി ഡോക്ടർമാർ മനസ്സിലാക്കി. തുടർന്ന് സംഭവസ്ഥലത്ത് വച്ച് തന്നെ അവൻ മരണപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ടു. ആസ്ത്മ അറ്റാക്ക് ആയിരുന്നു മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു. ആ സമയത്ത് പുറത്തെ താപനില 2 അല്ലെങ്കിൽ 3 ഡിഗ്രി സെൽഷ്യസിലായിരുന്നു. ഹക്കീം ഒരു ടോപ്പും പൈജാമയും മാത്രമേ ധരിച്ചിരുന്നുള്ളൂ. മയക്കുമരുന്നിന് അടിമയായ ഹീത്ത് തന്റെ മകനെ നിർദ്ദയമായി അവഗണിച്ചതായി ആരോപിക്കപ്പെടുന്നു. അമ്മ ഹെറോയിൻ, കൊക്കെയ്ൻ തുടങ്ങിയ മയക്ക് മരുന്നുകൾ മകന്റെ മുന്നിൽ വച്ച് വലിക്കുകയും, അതിന്റെ പുക ആസ്ത്മയുള്ള അവൻ ശ്വസിക്കാൻ ഇടയാക്കുകയും ചെയ്തുവെന്ന് പൊലീസ് ആരോപിച്ചു.  

വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസ് പുറത്തുവിട്ട ഫോട്ടോഗ്രാഫുകളിൽ ഹക്കീമിന്റെ ആസ്ത്മ പമ്പുകൾ മയക്കുമരുന്നിന് അടുത്തായി ഫോയിലിൽ പൊതിഞ്ഞ നിലയിൽ കാണാമായിരുന്നു. തന്റെ ഇളയ മകന്റെ ക്ഷേമത്തേക്കാളും അവളുടെ ജീവിതത്തിലെ പ്രഥമ പരിഗണന മയക്ക് മരുന്നിനായിരുന്നുവെന്ന് കോടതിയിൽ ആരോപണം ഉയർന്നു. ഹക്കീം പലപ്പോഴും വൃത്തിഹീനമായ പരിതസ്ഥിതിയിൽ ഒരു സോഫയിലാണ്   ഉറങ്ങിയിരുന്നത്. അവന്റെ നിക്കറിന് മൂത്രത്തിന്റെ ഗന്ധവും സ്കൂൾ യൂണിഫോമിന് മയക്ക് മരുന്നിന്റെ ഗന്ധമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ജൂറിക്ക് കാണിച്ച ഫോട്ടോഗ്രാഫുകളിൽ, ചപ്പുചവറുകൾ നിറഞ്ഞ വീടിന്റെ ചിത്രങ്ങളുമുണ്ടായിരുന്നു.  

ഹക്കീമിന്റെ ശ്വാസോച്ഛ്വാസം ദിവസം ചെല്ലുന്തോറും വഷളായതായി പൊലീസ് പറഞ്ഞു. എന്നിട്ടും പോസ്റ്റ്‌മോർട്ടത്തിൽ അവന്റെ ശരീരത്തിൽ നിന്ന് മരുന്നിന്റെ സാന്നിധ്യം ഒന്നും കണ്ടെത്താനായില്ല. അവന് സ്കൂളിൽ ഹാജർ കുറവായിരുന്നുവെന്നും, ഗൃഹപാഠം ചെയ്യാറില്ലെന്നും, തീർത്തും അവഗണയിലാണ് കഴിഞ്ഞിരുന്നതെന്നും സ്കൂൾ അധികൃതർ പൊലീസിനെ അറിയിച്ചു. ലോറ ഹെറോയിനും കൊക്കെയ്‌നും വലിക്കുന്നതിലൂടെ ശിശു സംരക്ഷണ ചുമതല ലംഘിച്ചുവെന്നും, മകന്റെ ആസ്ത്മ നിയന്ത്രിക്കുന്നതിൽ അവൾ പരാജയപ്പെട്ടുവെന്നും പ്രോസിക്യൂട്ടർമാർ ആരോപിച്ചു. അവൾ വലിച്ച പുക മകൻ ശ്വസിക്കുന്നതിലൂടെ അവന്റെ ആസ്ത്മ കൂടി.

കൂടാതെ വൈദ്യസഹായം നൽകാൻ അവൾ ശ്രമിച്ചില്ല എന്നതും മകന്റെ മരണ കാരണങ്ങളായി പൊലീസ് പറഞ്ഞു. മരിച്ചതിന്റെ ഏഴാം ദിവസം, ഹക്കീമിന്റെ ശരീരത്തിൽ പാസീവ് സ്മോക്കിം​ഗിലൂടെയുള്ള നിക്കോട്ടിൻ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മരണത്തിന് 32 മുതൽ 40 മണിക്കൂർ മുൻപ് വരെ ഹക്കീം ഇൻഹേലർ ഉപയോഗിച്ചിരുന്നില്ല എന്നും അവർ കണ്ടെത്തി. കേസിൽ വിചാരണ തുടരുകയാണ്.  


 

PREV
Read more Articles on
click me!

Recommended Stories

വർഷം 38 കോടി വരുമാനം, യൂട്യൂബിൽ തരംഗമായി ഇന്ത്യയുടെ 'ബന്ദർ അപ്നാ ദോസ്ത്', എഐ വീഡിയോയുടെ കാലമോ?
ഇതൊക്കെയാണ് പൊരുത്തം, ശരിക്കും ഞെട്ടിച്ചു; ഭർത്താവും ഭാര്യയും പരസ്പരം കരുതിയ സമ്മാനം, വൈറലായി ചിത്രം