ബോഡി മോഡിഫിക്കേഷനിലൂടെ 'രാക്ഷസ'രൂപമായി, ഗർഭിണിയായ യുവതിയെ ബന്ദിയാക്കി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

By Web TeamFirst Published Jan 18, 2023, 10:42 AM IST
Highlights

തുടർച്ചയായ പീഡനത്തിനിടയിൽ യുവതിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ബരാജാസ് അവളുടെ ചികിത്സയ്ക്കായി ആരോഗ്യ പ്രവർത്തകരെ വീട്ടിലെത്തിച്ചു. തന്നെ ശുശ്രൂഷിക്കാനെത്തിയ ആരോഗ്യ പ്രവർത്തകരോടാണ് യുവതി താനിവിടെ ബന്ദിയാക്കപ്പെട്ടിരിക്കുകയാണ് എന്ന വിവരം രഹസ്യമായി പറഞ്ഞത്.

രാക്ഷസനായി രൂപമാറ്റം വരുത്തി, ഗർഭിണിയായ സ്ത്രീയെ ബന്ദിയാക്കി പീഡിപ്പിച്ചതിന് 36 -കാരൻ അറസ്റ്റിൽ. ബോഡി മോഡിഫിക്കേഷനിലൂടെ തന്റെ മുഖം രാക്ഷസരൂപത്തിലേക്ക് മാറ്റിയാണ് ഇയാൾ ഗർഭിണിയായ സ്ത്രീയെ ആഴ്ചകളോളം ഭയപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തത്. മനുഷ്യക്കടത്ത് സംഘത്തിലും ഇയാൾ പങ്കാളിയായിരുന്നു. മൈക്കൽ ആന്റണി ബരാജാസ് എന്ന 36 -കാരനാണ് യുവതികളെ ഭയപ്പെടുത്തുന്നതിനായി തൻറെ മുഖം രാക്ഷസരൂപത്തിലേക്ക് മാറ്റിയത്. ബന്ദിയാക്കപ്പെട്ട സ്ത്രീയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

2022 നവംബർ 23 -നാണ് ഇയാൾ തന്നെ തട്ടിക്കൊണ്ടുപോയത് എന്നാണ് മിഷിഗൻ സ്വദേശിയായ 20 -കാരി യുവതി പൊലീസിനോട് പറഞ്ഞത്. വീടിന് പുറത്തായിരുന്ന യുവതിയെ ഇയാൾ തട്ടിക്കൊണ്ടുപോയി തൻറെ വീട്ടിൽ താമസിപ്പിക്കുകയായിരുന്നു. കട്ടിലിൽ കെട്ടിയിട്ട യുവതിയെ തുടർന്ന് ശാരീരികവും മാനസികവുമായി നിരന്തര പീഡനത്തിന് ഇരയാക്കുകയായിരുന്നു. യുവതിയുടെ ജീവൻ പിടിച്ചുനിർത്താനായി ഇയാൾ കൃത്യമായി ഭക്ഷണവും വെള്ളവും നൽകിയിരുന്നു. ഇതിനിടയിൽ രണ്ടുതവണ യുവതി തടവിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു എങ്കിലും ഇയാളുടെ പിടിയിലാകുകയായിരുന്നു. രാക്ഷസന് സമാനമായ രീതിയിൽ കൂർത്ത പല്ലുകൾ ആയിരുന്നു ഇയാൾക്ക് ഉണ്ടായിരുന്നതെന്നും പലപ്പോഴും അത് തന്റെ കഴുത്തിനോട് ചേർത്തുവച്ച് പറയുന്നത് അനുസരിച്ചില്ലെങ്കിൽ കടിച്ചു കീറും എന്ന് ഭയപ്പെടുത്തിയിരുന്നതായും യുവതി പൊലീസിനോട് പറഞ്ഞു. 

തുടർച്ചയായ പീഡനത്തിനിടയിൽ യുവതിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ബരാജാസ് അവളുടെ ചികിത്സയ്ക്കായി ആരോഗ്യ പ്രവർത്തകരെ വീട്ടിലെത്തിച്ചു. തന്നെ ശുശ്രൂഷിക്കാനെത്തിയ ആരോഗ്യ പ്രവർത്തകരോടാണ് യുവതി താനിവിടെ ബന്ദിയാക്കപ്പെട്ടിരിക്കുകയാണ് എന്ന വിവരം രഹസ്യമായി പറഞ്ഞത്. തുടർന്ന് ആരോഗ്യപ്രവർത്തകർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് ബരാജാസിന്റെ വീട് പൊലീസ് റെയ്ഡ് ചെയ്യുകയും മുറിയിൽ പൂട്ടിയിട്ട നിലയിൽ യുവതിയെ കണ്ടെത്തുകയും ചെയ്തത്. 

യുവതി ഇപ്പോൾ സുരക്ഷിതയാണ്. പീഡനത്തിനുശേഷം മനുഷ്യക്കടത്ത് സംഘത്തിന് യുവതിയെ കൈമാറാനായിരുന്നു ബരാജാസിന്റെ ലക്ഷ്യം. അറസ്റ്റിലായ ഇയാളുടെ വീട്ടിൽ നിന്നും പൊലീസ് വൻ ആയുധശേഖരം കണ്ടെത്തി. തട്ടിക്കൊണ്ടുപോകൽ, ലൈംഗിക പീഡനം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾ ചുമത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

tags
click me!