മോണ്ട് ബ്ലാങ്ക് ഹിമാനി അപകടത്തിൽ : ഉരുകിയിടിഞ്ഞിറങ്ങാൻ പോവുന്നത് രണ്ടരലക്ഷം ക്യൂബിക് മീറ്റർ മഞ്ഞുകട്ട

By Web TeamFirst Published Sep 25, 2019, 1:27 PM IST
Highlights

പരിസരത്തുള്ള വീടുകൾക്ക് ഇപ്പോൾ ഭീഷണിയില്ലെങ്കിലും മലഞ്ചെരിവുകളിലെ കുടിലുകളിൽ താമസിക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്

ആൽപ്‌സ് പർവ്വതനിരകളിലെ മോണ്ട് ബ്ലാങ്ക് ഹിമാനി അപകടത്തിലാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് മുന്നറിയിപ്പ് കിട്ടിയതിന്റെ പിന്നാലെ അവിടേക്കുള്ള റോഡുകളെല്ലാം ബ്ലോക്ക് ചെയ്തിരിക്കുകയാണ് ഇറ്റാലിയൻ ഫ്രഞ്ച് അധികാരികൾ. ആൽപ്‌സിന്റെ ഇറ്റാലിയൻ ഫ്രഞ്ച് അതിർത്തികൾക്കുള്ളിലായി 4000മീറ്റർ ഉയരത്തിലായി 11 കൊടുമുടികളിലായാണ് ഈ ഹിമാനി പരന്നുകിടക്കുന്നത്. പതിനായിരക്കണക്കിന് വിനോദസഞ്ചാരികൾ വർഷാവർഷം സന്ദർശനത്തിനെത്തുന്ന തിരക്കേറിയ അവധിക്കാലകേന്ദ്രം കൂടിയാണ് ഇത്. 

രണ്ടര ലക്ഷം ക്യൂബിക് മീറ്റർ മഞ്ഞാണ് ഉരുകിയിടിഞ്ഞിറങ്ങാൻ തയ്യാറായി മലമുകളിലുള്ളത്. ഇപ്പോൾ തന്നെ ഹിമാനിയുടെ ഒരു ഭാഗം ദിവസവും 50-60 cm (16-23 inch)എന്ന കണക്കിന് താഴേക്ക് ഇടിച്ചിറങ്ങിക്കൊണ്ടിരിക്കുകയാണ്.  പരിസരത്തുള്ള വീടുകൾക്ക് ഇപ്പോൾ ഭീഷണിയില്ലെങ്കിലും മലഞ്ചെരിവുകളിലെ കുടിലുകളിൽ താമസിക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന് കോർമെയ്‌ർ മേയർ സ്‌റ്റെഫാനോ മിസെറോച്ചി ഇറ്റാലിയന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ആഗോള താപനമാണ് ഇത്തരത്തിലുള്ള പ്രകടമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാവുന്നത് എന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ മാസം സ്വിറ്റ്സർലൻഡിന്റെ വടക്കു കിഴക്കു ഭാഗത്തുള്ള പിസോൾ ഹിമാനി ഇതുപോലെ അപ്രത്യക്ഷമായിരുന്നു. അതിലുള്ള പ്രതിഷേധസൂചകമായി ഫ്രാൻസിൽ അടുത്തിടെ പ്രസ്തുത ഹിമാനിയുടെ 'ശവമടക്ക് യാത്ര' സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇന്നുള്ളതിന്റെ പത്തിരട്ടിയെങ്കിലും വലിപ്പം മോണ്ട് ബ്ലാങ്ക് ഹിമാനിക്ക് വർഷങ്ങൾ മുമ്പ് ഉണ്ടായിരുന്നു. ആഗോളതലത്തിൽ ഉണ്ടായ താപനിലയിലുള്ള വർധനവാണ് ഇത്തരത്തിലുള്ള മഞ്ഞുരുകലുകൾക്ക് കാരണമാകുന്നത്.   
 

click me!