കൊതുകുകൾ കാരണം ഉറക്കം തന്നെ നഷ്ടപ്പെട്ട ഒരു ​ഗ്രാമം, കന്നുകാലികൾക്കും രക്ഷയില്ല!

Published : Aug 12, 2021, 02:37 PM IST
കൊതുകുകൾ കാരണം ഉറക്കം തന്നെ നഷ്ടപ്പെട്ട ഒരു ​ഗ്രാമം, കന്നുകാലികൾക്കും രക്ഷയില്ല!

Synopsis

കൊതുകിനെ തുരത്താൻ തങ്ങൾ ഇനി സമീപിക്കാത്ത ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരുമില്ല എന്നവർ പറയുന്നു. സാധാരണ ആളുകൾ നല്ല റോഡുകൾക്കോ വെള്ളത്തിനോ വൈദ്യുതിക്കോ വേണ്ടി പോരാടുമ്പോൾ, ഇവിടത്തുകാർ സമാധാനമായി ഒന്നുറങ്ങാൻ വേണ്ടിയാണ് സമരം ചെയ്യുന്നത്. 

കർണാടകയിലെ ഹാസൻ ജില്ലയിലെ ചന്നരായപട്ടണ താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് അഡഗുരു. ഏകദേശം 400 വീടുകളുള്ള ആ ഗ്രാമത്തിലെ ജനങ്ങൾ ഇന്ന് ഒരു വലിയ പ്രശ്നത്തെ നേരിടുകയാണ്. അവരുടെ ആവശ്യം ഇത്രമാത്രമാണ്: രാത്രി കാലങ്ങളിൽ അവർക്ക് സമാധാനമായി ഒന്നുറങ്ങണം. കള്ളന്മാരോ, സാമൂഹ്യവിരുദ്ധരോ ഒന്നുമല്ല അവരുടെ പ്രശ്‌നം, പകരം കൊതുകുകളാണ്.  കേൾക്കുമ്പോൾ നിസ്സാരമായി തോന്നുമെങ്കിലും, ഒരു ഗ്രാമത്തിന്റെ മുഴുവൻ ഉറക്കം കെടുത്താൻ അവയ്ക്ക് സാധിക്കുന്നു എന്നതാണ് സത്യം. "ഒരു രാത്രി ഒന്ന് സ്വസ്ഥമായി ഉറങ്ങാൻ വേണ്ടി ഞങ്ങൾ നടത്തിയിട്ടുള്ള പ്രതിഷേധങ്ങൾ എത്രയാണെന്നോ? അവിടത്തെ ഒരു നിവാസിയായ രാജേഗൗഡ പറയുന്നു.

ഏകദേശം അഞ്ച് വർഷമായി അഡഗുരു നിവാസികൾക്ക് ഉറക്കമില്ലാതായിട്ട്. ഈ ഗ്രാമത്തിലെ മനുഷ്യർ മാത്രമല്ല, എല്ലാ ജീവികളുടെയും ജീവിതം കൊതുകുകൾ ദുരിതപൂർണമാക്കി. ഇരുപത്തിനാലു മണിക്കൂറും ഈ ഗ്രാമത്തിൽ കൊതുകുകളുടെ മൂളിപ്പാട്ടാണ്. രക്തദാഹികളായ ഈ ചെറുപ്രാണികളിൽ നിന്ന് രക്ഷപ്പെടാൻ കന്നുകാലി ഷെഡിൽ പോലും കൊതുകുവലയും ഫാനുകളും കാണാം. ഇതിന്റെ മൂലകാരണം 100 ഏക്കർ വരുന്ന ഒരു തടാകമാണ്.  

ഹാസൻ ജില്ലയിലെ എല്ലാ തടാകങ്ങൾക്കും വർഷം മുഴുവനും നല്ല ജലവിതരണം ഉറപ്പാക്കാൻ ഹേമാവതി നദിക്ക് കുറുകെ നിരവധി ചാനലുകൾ നിർമ്മിച്ചിട്ടുണ്ട്. ഗ്രാമത്തിന്റെ അടുത്തുള്ള പട്ടണമായ ചന്നരായപട്ടണത്തിലെ അഴുക്കുചാലുകളിൽ നിന്നും ശുദ്ധീകരിക്കാത്ത വെള്ളം ചാനലിലൂടെ അഡഗുരു തടാകത്തിലേക്ക് ഒഴുകുന്നു. വെള്ളം വളരെ വൃത്തിഹീനമായതിനാൽ ആളുകളോ കന്നുകാലികളോ തടാകത്തിനരികിലൂടെ കടന്നുപോകാൻ പോലും മടിക്കുന്നു. ദുർഗന്ധം വമിക്കുന്ന തടാകം കൊതുകുകളുടെ പ്രജനന കേന്ദ്രമാണ്.  

"എന്റെ കുട്ടിക്കാലം മുതൽ ഞങ്ങൾ ഈ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്, വേറെ എവിടെ പോകും? കൊതുകുവലകൾ, ഫാനുകൾ, റിപ്പല്ലന്റുകൾ എന്നിവയാണ് ഇപ്പോഴുള്ള ഞങ്ങളുടെ ഏക ആശ്രയം. മൃഗങ്ങൾ പോലും ഈ കൊതുകുകടി കൊണ്ട് ബുദ്ധിമുട്ടുന്നു. അതുകാരണം ഞങ്ങൾക്ക്  പകുതി കന്നുകാലികളെ വിൽക്കേണ്ടി വന്നു. ഞങ്ങൾ നിസ്സഹായരും ഉറക്കമില്ലാത്തവരുമാണ്” അഡഗുരു നിവാസിയായ മഞ്ജുളമ്മ പറയുന്നു.

കൊതുകിനെ തുരത്താൻ തങ്ങൾ ഇനി സമീപിക്കാത്ത ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരുമില്ല എന്നവർ പറയുന്നു. സാധാരണ ആളുകൾ നല്ല റോഡുകൾക്കോ വെള്ളത്തിനോ വൈദ്യുതിക്കോ വേണ്ടി പോരാടുമ്പോൾ, ഇവിടത്തുകാർ സമാധാനമായി ഒന്നുറങ്ങാൻ വേണ്ടിയാണ് സമരം ചെയ്യുന്നത്. അത് മാത്രവുമല്ല,  ഇവിടേയ്ക്ക് ഇപ്പോൾ ആരും വരാറില്ലെന്നും അവർ വിഷമത്തോടെ പറയുന്നു. "കൊതുകിനെ ഭയന്ന് ഞങ്ങളുടെ ബന്ധുക്കളാരും ഞങ്ങളെ സന്ദർശിക്കാറില്ല. ആരെങ്കിലും വന്നാലും, അവർ കുറച്ച് മിനിറ്റ് ഇരുന്നു, അപ്പോൾ തന്നെ സ്ഥലം വിടും. രോഗങ്ങളെ ഭയന്ന് കുട്ടികളെ കൊണ്ടുവരാതിരിക്കാൻ അവർ ശ്രദ്ധിക്കുന്നു. അതാണ് ഞങ്ങളുടെ ദയനീയ അവസ്ഥ. ചില ദിവസം അതിഥികൾ ഞങ്ങളോടൊപ്പം ചിലവഴിക്കാൻ തീരുമാനിച്ചെങ്കിലും അർദ്ധരാത്രിയിൽ എഴുന്നേറ്റ് ഉടൻ പുറപ്പെട്ട സന്ദർഭങ്ങളുണ്ട്. ഇത് അപമാനകരമാണ്, പക്ഷേ ഞങ്ങൾ നിസ്സഹായരാണ്” അഡഗുരുവിലെ മുതിർന്ന താമസക്കാരനായ രാജേഗൗഡ പറയുന്നു.

(ചിത്രം പ്രതീകാത്മകം)

PREV
click me!

Recommended Stories

കാച്ചിൽ; വലിയ മുതൽമുടക്കില്ല, വിളവും കുടുതൽ
നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി, പിന്നാലെ എഐയെ വിവാഹം ചെയ്ത് യുവതി; പങ്കാളിക്ക് മുന്‍വിധികളില്ലെന്ന് വെളിപ്പെടുത്തൽ