
ഒന്നിലധികം കൊലപാതകങ്ങൾ ചെയ്ത റോബർട്ട് മൗഡ്‌സ്‌ലി(Robert Maudsley) 1979 മുതൽ ഒരു ഗ്ലാസ് സെല്ലിൽ ഏകാന്തതടവിലാണ്. 1970 -കളിൽ നാല് പുരുഷന്മാരെ കൊലപ്പെടുത്തിയതിന് 47 വർഷമായി ചില്ലുകൂട്ടിലടക്കപ്പെട്ട റോബർട്ട് ബ്രിട്ടനിലെ ഏറ്റവും കൂടുതൽ കാലം തടവിൽ കഴിയുന്ന കൊലപാതകിയാണ്. 'ഹാനിബാൾ എന്ന നരഭോജി'(Hannibal the Cannibal) എന്നാണ് അയാൾ അറിയപ്പെടുന്നത് തന്നെ. മോൺസ്റ്റർ മാൻഷൻ എന്ന് വിളിക്കപ്പെടുന്നു വേക്ക്ഫീൽഡ് ജയിലിലെ ഒരു പ്രത്യേക ഭൂഗർഭ സെല്ലിലാണ് അയാളെ പാർപ്പിച്ചിരിക്കുന്നത്. ഇപ്പോൾ 67 വയസ്സുള്ള മൗഡ്‌സ്‌ലി കൊന്ന നാലുപേരിൽ മൂന്നുപേർ സഹതടവുകാരാണ്.
അതേസമയം, സുഹൃത്തുക്കളും കുടുംബാംഗങ്ങളും അയാൾ ഒരു സൗമ്യനും ദയാലുവും, ബുദ്ധിമാനുമാണെന്ന് പറയുന്നു. അയാൾ കവിത, കല, ശാസ്ത്രീയ സംഗീതം എന്നിവ ഇഷ്ടപ്പെടുന്നുവെന്നും പറയപ്പെടുന്നു. 1953 -ൽ ലിവർപൂളിലാണ് റോബർട്ട് ജോൺ മൗഡ്‌സ്‌ലി ജനിച്ചത്. എന്നാൽ, മാതാപിതാക്കൾക്ക് നോക്കാൻ കഴിയാത്തതിനാൽ, ആറ് മാസം പ്രായമായപ്പോൾ, സഹോദരങ്ങൾക്കൊപ്പം ലിവർപൂളിലെ ക്രോസ്ബിയിലുള്ള ഒരു ആതുരാലയത്തിൽ അവൻ എത്തിപ്പെട്ടു. പിന്നീടുള്ള ഒമ്പത് വർഷം കുട്ടികൾ റോമൻ കത്തോലിക്കരുടെ നിയന്ത്രണത്തിലുള്ള ആ കേന്ദ്രത്തിൽ കന്യാസ്ത്രീകളുടെ പരിചരണത്തിലായിരുന്നു.
ഒമ്പതാം വർഷം, മാതാപിതാക്കളായ ജോർജും ജീനും, വീണ്ടും കുട്ടികളെ തിരികെ കൊണ്ടുപോയി. എന്നാൽ, മൂന്ന് ആൺകുട്ടികൾക്കും സ്വന്തം മാതാപിതാക്കളിൽ നിന്നും സ്നേഹം ലഭിച്ചില്ല. പകരം നിരന്തരം പീഡനം നേരിട്ടു. തനിക്ക് ലഭിച്ചിരുന്ന അടികൾ മാത്രമായിരുന്നു കുട്ടിക്കാലത്തെ കുറിച്ചുള്ള തന്റെ ഓർമ്മയെന്ന് മൗഡ്‌സ്‌ലി പിന്നീട് പറയുകയുണ്ടായി. "ഒരിക്കൽ എന്നെ ഒരു മുറിയിൽ ആറ് മാസത്തേക്ക് പൂട്ടിയിട്ടു. ഒരുദിവസം നാലോ ആറോ പ്രാവശ്യം അടിക്കാൻ മാത്രം അച്ഛൻ കതക് തുറന്ന് വന്നു" അയാൾ പറഞ്ഞു. മാതാപിതാക്കളോടൊപ്പം താമസം മാറി 12 മാസത്തിനുള്ളിൽ, വളർത്താനായി മൗഡ്‌സ്‌ലിനെ മറ്റൊരു ദമ്പതികളെ ഏല്പിച്ചു. പതിനാറാം വയസ്സിൽ മൗഡ്‌സ്‌ലി ലണ്ടനിലേക്ക് പലായനം ചെയ്തു. മയക്കുമരുന്നിനടിമയായി. രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സൈക്യാട്രിക് യൂണിറ്റുകളിൽ സമയം ചെലവഴിച്ചു. മയക്കുമരുന്ന് വാങ്ങാനായി പണം കണ്ടെത്താൻ ഒരു ലൈംഗികത്തൊഴിലാളിയായി.
ഒരു രാത്രിയിൽ, ഒരു പുരുഷവേശ്യയായി ജോലി ചെയ്യുന്നതിനിടയിൽ, മൗഡ്‌സ്‌ലിയെ തൊഴിലാളിയായ ജോൺ ഫാരെൽ കൂട്ടിക്കൊണ്ടുപോയി. താൻ ദുരുപയോഗം ചെയ്ത കുട്ടികളുടെ ചിത്രങ്ങൾ ഫാരെൽ അവന് കാണിച്ചു കൊടുത്തു. ഇത് കണ്ട് ദേഷ്യം സഹിക്കാനാകാതെ മൗഡ്‌സ്‌ലി അലറി. തുടർന്ന് ഒരു ചുറ്റിക കൊണ്ട് ഫാരെലിന്റെ തല അടിച്ചു പൊട്ടിച്ചു. കൊലപാതകത്തിന് ശേഷം പൊലീസിൽ കീഴടങ്ങുകയും, കുറ്റം സമ്മതിക്കുകയും ചെയ്തു. വിചാരണ നേരിടാൻ യോഗ്യനല്ലെന്ന് മനസിലാക്കിയ കോടതി അവനെ ബ്രിട്ടനിലെ ഏറ്റവും അക്രമാസക്തരായ ചില തടവുകാരുള്ള ബ്രോഡ്മൂർ ആശുപത്രിയിലേക്ക് അയച്ചു.
ആദ്യം, അവൻ ഒരു നല്ല തടവുകാരനായിരുന്നു, പ്രശ്‌നങ്ങളിൽ നിന്ന് ഒഴിഞ്ഞുനിന്നു. എന്നാൽ, 1977 -ൽ അവനും സഹതടവുകാരനായ ഡേവിഡ് ചീസ്‌മാനും ചേർന്ന് കുട്ടികളെ പീഡിപ്പിക്കുന്ന ഡേവിഡ് ഫ്രാൻസിസിനെ കൊന്നു. ഒമ്പത് മണിക്കൂർ നീണ്ട പീഡനത്തിനൊടുവിൽ ഫ്രാൻസിസിന്റെ ചേതനയറ്റ ശരീരം ജയിൽ കാവൽക്കാർക്ക് കാണാനായി അവർ തൂക്കിയിട്ടു. മൗഡ്‌സ്‌ലിയെ നരഹത്യയ്ക്ക് ശിക്ഷിക്കുകയും എച്ച്എംപി വേക്ക്ഫീൽഡിലേക്ക് അയയ്ക്കുകയും ചെയ്തു. അവിടെ വച്ചാണ് മൂന്നാമത്തെ കൊലപാതകം. 1978 -ൽ ഭാര്യയെ കൊലപ്പെടുത്തിയതിന് ജയിലിൽ കഴിഞ്ഞിരുന്ന സാൽനി ഡാർവുഡിനെ മൗഡ്‌സ്‌ലി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
അവിടം കൊണ്ടും തീർന്നില്ല. ഏഴുവയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത 56 -കാരനായ ബിൽ റോബർട്ട്‌സിന്റെ സെല്ലിലേക്ക് നുഴഞ്ഞുകയറി അയാളെയും കൊന്നു. പിന്നീട് ജീവപര്യന്തം തടവിന് മൗഡ്‌സ്‌ലി ശിക്ഷിക്കപ്പെട്ടു. അയാളുടെ അഭിഭാഷകരുടെ അഭിപ്രായത്തിൽ, കുട്ടിക്കാലം മുതലുള്ള നിരന്തരമായ പീഡനങ്ങൾ ഏല്പിച്ച മുറിവാണ് ഈ കൊലപാതകങ്ങൾ ചെയ്യാൻ അയാളെ പ്രേരിപ്പിച്ചത്. "ഞാൻ കൊല്ലുമ്പോൾ, എന്റെ മനസ്സിൽ എന്റെ മാതാപിതാക്കളെയാണ് ഞാൻ കാണുന്നത്" മൗഡ്‌സ്‌ലി പറഞ്ഞു.
"1970 -ൽ ഞാൻ എന്റെ മാതാപിതാക്കളെ കൊന്നിരുന്നുവെങ്കിൽ, ഈ ആളുകൾ ആരും മരിക്കേണ്ടി വരില്ലായിരുന്നു" അയാൾ കൂട്ടിച്ചേർത്തു. 2000 -ത്തിൽ, മരിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് അയാൾ കോടതിയിൽ ഒരു നിയമപരമായ അപേക്ഷ നൽകിയിരുന്നു. അടുത്ത കാലത്തായി മൗഡ്‌സ്‌ലിയുടെ ആരോഗ്യം ക്ഷയിച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു. കൂടാതെ അയാളുടെ മാനസികാരോഗ്യം വഷളായതായും ഇരുമ്പഴികൾക്കുള്ളിൽ മരണത്തെ കാത്ത് ദിവസങ്ങൾ തള്ളിനീക്കുകയാണെന്നും സൂചനകളുണ്ട്.