തടവുകാരുടെ ചങ്കും കരളും പച്ചയ്ക്ക് മുറിച്ചെടുക്കുന്ന സര്‍ജന്‍മാര്‍, കണ്ണില്‍ചോരയില്ലാത്ത ചങ്കിലെ ചൈന!

By Web TeamFirst Published Apr 9, 2022, 6:43 PM IST
Highlights

ചൈനയില്‍ മരിക്കുന്നതിന് മുമ്പേ തന്നെ അവയവങ്ങള്‍ ശസ്ത്രക്രിയക്കായി മുറിച്ചെടുക്കുന്നതായാണ് പഠനം തെളിയിക്കുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുടെ ശരീരങ്ങളാണ് അവയവക്കച്ചവടങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നത് 

ചൈനീസ് സര്‍ജന്‍മാര്‍ ആരാച്ചാര്‍മാരുടെ പണി കൂടി എടുക്കുന്നതായി പഠനറിപ്പോര്‍ട്ട്. ചൈനയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരില്‍നിന്നും ജീവനോടെ വിലപ്പെട്ട അവയവങ്ങള്‍ എടുക്കുന്നതായാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. അവയവ മാറ്റവുമായി ബന്ധപ്പെട്ട എല്ലാ രാജ്യാന്തര നിയമങ്ങളും കാറ്റില്‍ പറത്തിയാണ്, ചൈന തടവുകാരെ ഉപയോഗിച്ച് അവയവക്കച്ചവടം നടത്തുന്നതെന്നും അമേരിക്കന്‍ ജേണല്‍ ജേണല്‍ ഓഫ് ട്രാന്‍സ്പ്ലാന്‍േറഷനില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയന്‍ നാഷനല്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ചൈനീസ് മെഡിക്കല്‍ ജേണലുകളിലെ അവയവമാറ്റവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് ഈ കണ്ടെത്തല്‍ നടത്തിയത്. നൂറുകണക്കിന് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ജയിലുകള്‍ കേന്ദ്രീകരിച്ച് അവയവങ്ങള്‍ മുറിച്ചെടുക്കുന്നതില്‍ പങ്കാളികളാവുന്നതായി പഠനം വ്യക്തമാക്കുന്നതായി അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. 

മരിച്ചു കഴിഞ്ഞതിനു ശേഷമാണ് അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കായി അവയവങ്ങള്‍ എടുക്കേണ്ടത് എന്നാണ് രാജ്യാന്തര ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പറയുന്നത്. അവയവം എടുക്കുന്നത് ഒരിക്കലും ദാതാവിന്റെ മരണത്തിന് കാരണമാവരുതെന്നും ഇതുമായി ബന്ധപ്പെട്ട് ലോകമാകെ പിന്തുടരുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ചൈനയില്‍ മരിക്കുന്നതിന് മുമ്പേ തന്നെ അവയവങ്ങള്‍ ശസ്ത്രക്രിയക്കായി മുറിച്ചെടുക്കുന്നതായാണ് പഠനം തെളിയിക്കുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുടെ ശരീരങ്ങളാണ് അവയവക്കച്ചവടങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നത് എന്നതാണ് ഇതിലെ ഞെട്ടുന്ന വശം. ആരും ചോദിക്കാനും പറയാനുമില്ലാത്ത സാഹചര്യമായതിനാല്‍ ഇക്കാര്യം ഒരിക്കലും പുറത്തറിയാതിരിക്കുകയും ചെയ്യുന്നു. 

ഓസ്‌ട്രേലിയന്‍ സര്‍വകലാശാലയിലെ ഗവേഷകന്‍ മാത്യു പി റോബര്‍ട്‌സണ്‍, കാര്‍ഡിയാക് സര്‍ജനായ ജേക്കബ് ലെവി എന്നിവരാണ് അസാധാരണമായ ഈ പഠനം നടത്തിയത്. ചൈനീസ് ശാസ്ത്രജേണലുകളില്‍ പ്രസിദ്ധീകരിച്ച 2838 റിപ്പോര്‍ട്ടുകള്‍ ഫോറന്‍സിക് റിവ്യൂ നടത്തിയ ഗവേഷകര്‍ ഇതില്‍ 71 കേസുകളില്‍ മസ്തിഷ്‌ക മരണം നടക്കുന്നതിനു മുമ്പു തന്നെ സര്‍ജന്‍മാര്‍ ദാതാക്കളുടെ ഹൃദയം, ശ്വാസകോശം, കരള്‍ മുതലായ ശരീരാവയവങ്ങള്‍ എടുത്തുമാറ്റിയതായി കണ്ടെത്തി. 

വെന്റിലേറ്ററിന്റെ സഹായമില്ലാതെ ജീവിക്കാനാവാത്ത അവസ്ഥയാണ് മസ്തിഷ്‌ക മരണം. അത് സംഭവിക്കുന്നതിനു മുമ്പു തന്നെ ജീവനുള്ള ശരീരങ്ങളില്‍നിന്നും അവയവങ്ങള്‍ മുറിച്ചെടുക്കുന്നതായാണ് പഠനം സൂചിപ്പിക്കുന്നത്. 1980-2015 കാലത്തുള്ളതാണ് ഈ 71 കേസുകളും. 

വധശിക്ഷാ തടവുകാരില്‍നിന്നും അവയവങ്ങള്‍ മുറിച്ചെടുക്കുന്നത് ചൈന നിരോധിച്ച വര്‍ഷമാണ് 1980. അതിനു മുമ്പ്, ചൈനയില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കായുള്ള അവയവങ്ങള്‍ വധശിക്ഷ തടവുകാരുടെ ശരീരത്തില്‍നിന്നായിരുന്നു എടുത്തിരുന്നത്. അതാണ്, 1980-ല്‍ നിരോധിച്ചത്. അതിനു പിന്നാലെയുള്ള കാലഘട്ടത്തിലെ കണക്കുകള്‍ ഓരോന്നായി എടുത്ത് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്താനായതെന്ന് പഠനം നടത്തിയ സംഘത്തിലെ മാത്യു റോബര്‍ട്‌സണ്‍ അല്‍ജസീറയോട് പറഞ്ഞു. 

ചൈനയില്‍ വധശിക്ഷ നടപ്പാക്കുന്നത് രണ്ട് വിധത്തിലാണ്. ഫയറിംഗ് സ്‌ക്വാഡ് വെടിവെച്ചു കൊല്ലുകയോ വിഷം കുത്തിവെച്ചു കൊല്ലുകയോ ചെയ്യല്‍. അതിനു മുമ്പായി സര്‍ജന്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും ഉപയോഗിച്ച് ശരീരാവയവങ്ങള്‍ മുറിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങള്‍ മുറിച്ചെടുക്കുന്നതോടെ, വധശിക്ഷ അനാവശ്യമാവും. രാഷ്ട്രത്തിനു വേണ്ടി സര്‍ജന്‍മാര്‍ ആരാച്ചാര്‍മാരാവുന്ന അവസ്ഥയാണ് ഇതെന്നും സര്‍വ്വ രാജ്യാന്തര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. 

1951 മുതല്‍ 2020 വരെയുള്ള 124,770 പ്രസിദ്ധീകരണങ്ങളിലെ ഡാറ്റ ഉപയോഗിച്ചാണ് ഇവര്‍ ഗവേഷണം തുടങ്ങിയത്. ഇതില്‍ ഹൃദയ, ശ്വാസകോശ അവയവമാറ്റ ശസ്ത്രക്രിയകള്‍ മാത്രം തെരഞ്ഞെടുത്താണ് 2,838  എണ്ണം പ്രത്യേകമായി പഠിച്ചത്. 310 പേപ്പറുകള്‍ മാനുവലായി പരിശോധിച്ചാണ് ഇവര്‍ തങ്ങളുടെ പ്രധാന കണ്ടെത്തല്‍ നടത്തിയത്.  എന്തങ്കിലും പ്രശ്‌നമുള്ള മസ്തിഷ്‌കമരണ കേസുകള്‍ പ്രത്യേകമായി പരിഗണിച്ചാണ് ഗുവേഷക സംഘം 71 കേസുകള്‍ കണ്ടെത്തിയത്. ആ കേസുകള്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ്, നിയമം മൂലം ചൈനയില്‍ പോലും നിരോധിച്ചിട്ടും വധശിക്ഷാ തടവുകാരുടെ അവയവങ്ങള്‍ മുറിച്ചെടുക്കുന്നതായി ഇവര്‍ കണ്ടെത്തിയത്. 

click me!