
അമിതമായി ജോലിചെയ്യുന്ന ഇന്ത്യൻ സംസ്കാരത്തെ കുറിച്ചുള്ള ചർച്ചയ്ക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ് ഫിനാൻസ് യൂട്യൂബറും കണ്ടന്റ് ക്രിയേറ്ററുമായ അക്ഷത് ശ്രീവാസ്തവയുടെ വൈറൽ പോസ്റ്റ്. ഇത്തരത്തിൽ അമിതമായി ജോലി ചെയ്യുന്നത് ആരുടെയും വ്യക്തിപരമായ തിരഞ്ഞെടുപ്പല്ലെന്നും മറിച്ച് വ്യവസ്ഥാപരമായ സമ്മർദ്ദങ്ങളാണ് അമിത ജോലിഭാരത്തിന് കാരണമെന്നുമാണ് അക്ഷത് പറയുന്നത്.
അക്ഷത് ശ്രീവാസ്തവയുടെ പോസ്റ്റിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്; "ഭൂമിയിൽ ഏറ്റവും കൂടുതൽ ജോലിഭാരം അനുഭവിക്കുന്നത് ഇന്ത്യക്കാരാണ്. സ്വന്തം ഇഷ്ടപ്രകാരമല്ല മറിച്ച്, വ്യവസ്ഥിതിയാണ് അതിനു കാരണം. കഠിനാധ്വാനികളായ നിരവധി ഇന്ത്യക്കാർ വിദേശത്തേക്ക് കുടിയേറുന്നു. അവരുടെ യൂറോപ്യൻ സഹപ്രവർത്തകർ വിശ്രമിക്കുമ്പോൾ, ഇന്ത്യക്കാർ അവരുടെ ഉറക്കം, കുടുംബം, ആരോഗ്യം എന്നിവ ത്യജിക്കുന്നത് അവരുടെ കമ്പനിയെ സേവിക്കുന്നതിനാണ്."
കഠിനമായ ഈ അധ്വാനം കുട്ടിക്കാലം മുതൽ തുടങ്ങുന്നതാണെന്നും അക്ഷത് അഭിപ്രായപ്പെടുന്നു. ഐഐടി-ജെഇഇ പോലുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾ പലപ്പോഴും ദിവസത്തിൽ 10–12 മണിക്കൂർ വരെ പഠിക്കുന്നതും അദ്ദേഹം പോസ്റ്റിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഠിനാധ്വാനം ചെയ്യുന്ന പല കുട്ടികൾക്കും കഷ്ടപ്പെടുകയല്ലാതെ മറ്റ് മാർഗമില്ലന്നും നല്ല ജീവിതം കെട്ടിപ്പടുക്കാൻ ആളുകൾ ചെറുപ്പത്തിൽ തുടരുന്ന കഠിനമായ അധ്വാനം ജീവിതാവസാനം വരെ തുടരുകയാണെന്നും പോസ്റ്റിൽ പറയുന്നു.
പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ സമ്മിശ്ര പ്രതികരണമാണ് ഇതുമായി ബന്ധപ്പെട്ട ഉണ്ടായത്. ഒരു വിഭാഗം ആളുകൾ അക്ഷതിന്റെ അഭിപ്രായത്തോട് പൂർണ്ണമായി യോജിച്ചു. മരണം വരെ വിശ്രമമില്ലാതെ കഷ്ടപ്പെടുന്നവരാണ് ഇന്ത്യക്കാരിൽ ഭൂരിഭാഗവും എന്നായിരുന്നു ഈ വിഭാഗത്തിൽപ്പെട്ടവർ അഭിപ്രായപ്പെട്ടത്. എന്നാൽ മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാൻ അധ്വാനിക്കുന്നതിൽ എന്താണ് തെറ്റ് എന്നായിരുന്നു മറുവിഭാഗത്തിന്റെ ചോദ്യം?
കഠിനമായി ജോലി ചെയ്യുകയും ആഗ്രഹിക്കുന്ന ജീവിതം നേടിയെടുക്കുകയും ചെയ്യുന്നവർ വിഡ്ഢികൾ അല്ലെന്നും ഈ വിഭാഗം അഭിപ്രായപ്പെട്ടു. ജോലി ചെയ്യാൻ താല്പര്യപ്പെടുന്നവരുടെ മനസ്സിനെ വിമർശിക്കുന്നതിനു പകരം അഭിനന്ദിക്കാനും വിലമതിക്കാനും തയ്യാറാക്കണമെന്നും അഭിപ്രായങ്ങൾ ഉയർന്നു.