
അമ്മയും മകളും ഒരുമിച്ച് പരീക്ഷ എഴുതിയ വാർത്ത അടുത്തിടെയാണ് മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. അത്തരത്തിലൊരു അമ്മയും മകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരങ്ങൾ. പക്ഷേ ഇവർ ഒരുമിച്ച് പരീക്ഷ എഴുതിയല്ല, മറിച്ച് ഒരുമിച്ച് വിമാനം പറത്തിയാണ് താരങ്ങളായി മാറിയത്. ഡെൽറ്റാ എയർലൈൻസിന്റെ വിമാനം പറത്തിയാണ് ഈ അമ്മയും മകളും ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്.
പൈലറ്റായ അമ്മയും സഹ പൈലറ്റായ മകളും വിമാനം പറത്തിയത് കാലിഫോർണിയയിൽ നിന്നും അറ്റ്ലാന്റയിലേക്കും അവിടെനിന്നും ജോർജ്ജിയയിലേക്കുമാണ്. ഇരുവരും വിമാനത്തിനുള്ളിൽ ഇരിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചതോടെ നിരവധി പേരാണ് അഭിനന്ദനവും പ്രോത്സാഹനവുമായി രംഗത്തെത്തിയത്.
പൈലറ്റും എംബ്രി റിഡിൽ എയറോനോട്ടിക്കൽ യൂണിവേഴ്സിറ്റിയിലെ ചാൻസിലറുമായ ജോൺ ആർ വാട്രറ്റാണ് അമ്മയുടെയും മകളുടെയും ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. ഫാമിലി ഫ്ലൈറ്റ് ക്രൂ എന്നാണ് ഇതിന് മറുപടിയായി ഡെൽറ്റാ എയർലൈൻ നൽകിയത്.
41,000ത്തോളം ആളുകൾ ഇതിനോടകം തന്നെ ട്വീറ്റ് ലൈക്ക് ചെയ്തു കഴിഞ്ഞു. 16,000 റീട്വീറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. എന്നാൽ അമ്മയും മകളും വിമാനം പറത്തിയതിനെതിരെ ചിലർ രംഗത്തെത്തിയിട്ടുണ്ട്. കുടുംബാംഗങ്ങൾ വിമാനം പറത്തുന്നത് അത്ര നല്ലതല്ലെന്നാണ് ഇത്തരക്കാരുടെ അഭിപ്രായം.
എന്തായാലും ഈ സ്ത്രീകൾ മറ്റെല്ലാ യുവതികൾക്കും മാതൃകയാണെന്നും ലോകത്തെ മറ്റെല്ലാ വനിതാ പൈലറ്റുമാർക്കും ഇവർ പ്രചോദനമാണെന്നുമാണ് ഭൂരിഭാഗം പേരും പ്രതികരിച്ചിരിക്കുന്നത്.