
ദക്ഷിണ കൊറിയയിലെ ഒരു സ്കൂളിൽ പരീക്ഷാ പേപ്പറുകൾ മോഷ്ടിക്കാൻ അതിക്രമിച്ചു കയറിയതിന് സ്കൂളിലെ മുൻ അധ്യാപികയെയും ഒരു വിദ്യാർത്ഥിനിയുടെ അമ്മയെയും അറസ്റ്റ് ചെയ്തു. മോഷണം നടത്തിയ സ്ത്രീയുടെ മകൾക്കായിരുന്നു ക്ലാസിൽ ഒന്നാം റാങ്ക് ലഭിച്ചിരുന്നത്. മോഷണക്കുറ്റത്തിന് അമ്മയും മുൻ അധ്യാപികയും അറസ്റ്റിലായതോടെ വിദ്യാർത്ഥിനിയെ സ്കൂളിൽ നിന്നും പുറത്താക്കി.
നോർത്ത് ജിയോങ്‌സാങ് പ്രവിശ്യയിലെ ആൻഡോങ്ങിലാണ് സംഭവം നടന്നത്. ജോലി രാജി വെച്ചിരുന്നെങ്കിലും ഇപ്പോഴും പ്രവർത്തിക്കുന്ന ഫിംഗർപ്രിന്റ് ആക്‌സസ് ഉപയോഗിച്ചാണ് മുൻ അധ്യാപിക രാത്രി വൈകി സ്കൂളിൽ പ്രവേശിച്ചത്. കൊറിയ ജൂങ് ആങ് ഡെയ്‌ലിയുടെ റിപ്പോർട്ട് പ്രകാരം, ജൂലൈ 4 -ന് പുലർച്ചെ 1:20 ഓടെയാണ് മോഷണം നടന്നത്.
31 -കാരിയായ മുൻ അധ്യാപിക പ്രധാന കവാടത്തിൽ ഫിംഗർസ്കാൻ ചെയ്താണ് സ്കൂളിനുള്ളിൽ പ്രവേശിച്ചത്. സ്കൂളിൽ പഠിക്കുന്ന ഒരു വിദ്യാർഥിനിയുടെ അമ്മയും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഇവർ ഒരുമിച്ച് സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഫാക്കൽറ്റി ഓഫീസിൽ കയറി. അവിടെയായിരുന്നു പരീക്ഷാ പേപ്പറുകൾ സൂക്ഷിച്ചിരുന്നത്. പരീക്ഷാ പേപ്പറുകൾ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ, ഒരു സുരക്ഷാ അലാറം മുഴങ്ങി. ഇരുവരും ഓടി രക്ഷപ്പെട്ടെങ്കിലും അടുത്ത ദിവസം അറസ്റ്റ് ചെയ്യപ്പെട്ടു.
2024 ഫെബ്രുവരിയിൽ അധ്യാപിക രാജിവച്ചെങ്കിലും, അവരുടെ ഫിംഗർപ്രിന്റ് ഡാറ്റ സ്കൂളിന്റെ സെക്യൂരിറ്റി സിസ്റ്റത്തിൽ സജീവമായിരുന്നതാണ് മോഷണം എളുപ്പമാക്കിയത്. കൊറിയ ജൂങ് ആങ് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മുൻ അധ്യാപികയും അമ്മയും ഓഫീസ് മുറിയിലേക്ക് കയറുന്നതിന്റെയും വളരെ വേഗത്തിൽ പുറത്തേക്ക് പോകുന്നതിന്റെയും ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പറഞ്ഞിട്ടുണ്ട്. രാജിവച്ചതിന് ശേഷം ഈ അധ്യാപിക കുറഞ്ഞത് ഏഴ് തവണയെങ്കിലും കെട്ടിടത്തിൽ പ്രവേശിച്ചതായാണ് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നത്.
വിദ്യാർഥിനിയുടെ അമ്മയിൽ നിന്നും പണം വാങ്ങിയാണ് മുൻ അധ്യാപിക പരീക്ഷാ പേപ്പറുകൾ മോഷ്ടിച്ച് നൽകിയിരുന്നത് എന്നാണ് പോലീസ് പറയുന്നത്. 2023 മുതൽ ഓരോ പരീക്ഷാ കാലയളവിലും ഏകദേശം 2 ദശലക്ഷം വോൺ (ഏകദേശം 1.2 ലക്ഷം രൂപ) അധ്യാപിക അമ്മയിൽ നിന്നും കൈപ്പറ്റിയതായാണ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നത്.