മകനെ കടുവ പിടികൂടി, തളരാതെ പോരാടി രക്ഷിച്ച് അമ്മ!

By Web TeamFirst Published Sep 6, 2022, 9:31 AM IST
Highlights

ആക്രമണത്തിന് ശേഷം യുവതിയെയും മകനെയും ഉടൻ തന്നെ മാൻപൂരിലെ ആരോഗ്യ കേന്ദ്രത്തിലേക്കും പിന്നീട് ചികിത്സയ്ക്കായി ഉമരിയയിലെ ജില്ലാ ആശുപത്രിയിലേക്കും കൊണ്ടുപോയതായി ഫോറസ്റ്റ് ഗാർഡ് രാം സിംഗ് മാർക്കോ പറഞ്ഞു.

അമ്മമാർക്ക് കുട്ടികളോടുള്ള സ്നേഹം പലപ്പോഴും അനിർവചനീയമാണ്. അവർക്ക് വേണ്ടി എന്തും ചെയ്യാൻ ചിലപ്പോഴൊക്കെ അവർ തയ്യാറാവാറുമുണ്ട്. അവിടെ ചിലപ്പോൾ ലോജിക്കൊന്നും പ്രവർത്തിക്കണം എന്നില്ല. മധ്യപ്രദേശിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള 25 -കാരിയായ ഒരു സ്ത്രീയും അത് തന്നെയാണ് ചെയ്തത്. തന്റെ 15 മാസം പ്രായമുള്ള മകനെ കടുവയുടെ പിടിയിൽ നിന്ന് സംരക്ഷിക്കാൻ അസാമാന്യ ധൈര്യമാണ് അവർ കാഴ്ച വച്ചത്. 

ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിലെ ഉമരിയ ജില്ലയിലെ മാള ബീറ്റിലെ റൊഹാനിയ ഗ്രാമത്തിൽ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. അതിന് ശേഷം പരിക്കേറ്റ അമ്മയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തന്റെ മകൻ രവിരാജുമായി വയലിലേക്ക് പോയതാണ് അർച്ചന ചൗധരി എന്ന സ്ത്രീ. ആ സമയത്ത് കടുവ മകനെ പിടികൂടുകയായിരുന്നു എന്ന് അർച്ചന പറയുന്നു. മകനെ രക്ഷിക്കാൻ ശ്രമിക്കവെ അർച്ചനയേയും കടുവ ആക്രമിച്ച് തുടങ്ങി. എന്നാൽ, അർച്ചന ഒരിക്കലും ശ്രമം ഉപേക്ഷിച്ചില്ല. അതിനിടയിൽ അവൾ ബഹളം വച്ച് ആളുകളേയും കൂട്ടി. അങ്ങനെ കുറച്ച് നാട്ടുകാർ കൂടി വന്നു. അവരെല്ലാം കൂടി കടുവയെ തുരത്താനുള്ള ശ്രമം ആരംഭിച്ചു. ഒടുവിൽ കുട്ടിയേയും ഉപേക്ഷിച്ച് കടുവ കാട്ടിലേക്ക് ഓടിപ്പോയി. 

തന്റെ ഭാര്യയുടെ അരയിലും കൈയ്ക്കും മുതുകിനും പരിക്കേറ്റു, മകന് തലയ്ക്കും മുതുകിനും പരിക്കേറ്റു എന്ന് ചൗധരിയുടെ ഭർത്താവ് ഭോല പ്രസാദ് പറഞ്ഞു. ആക്രമണത്തിന് ശേഷം യുവതിയെയും മകനെയും ഉടൻ തന്നെ മാൻപൂരിലെ ആരോഗ്യ കേന്ദ്രത്തിലേക്കും പിന്നീട് ചികിത്സയ്ക്കായി ഉമരിയയിലെ ജില്ലാ ആശുപത്രിയിലേക്കും കൊണ്ടുപോയതായി ഫോറസ്റ്റ് ഗാർഡ് രാം സിംഗ് മാർക്കോ പറഞ്ഞു.

വനം വകുപ്പിന്റെ ഒരു സംഘം കുട്ടിയെ ആക്രമിച്ച കടുവയ്ക്കായി തെരച്ചിൽ നടത്തുന്നുണ്ട്. ഉമരിയ കലക്ടർ സഞ്ജീവ് ശ്രീവാസ്തവ ജില്ലാ ആശുപത്രിയിൽ യുവതിയെയും മകനെയും സന്ദർശിച്ചു. കൂടുതൽ ചികിത്സയ്ക്കായി ഇരുവരെയും ജബൽപൂരിലെ ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

click me!