
ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാന്റി(Queensland)ൽ മകനെ തവി കൊണ്ട് തല്ലിയ (smacking with a spoon) കേസിൽ കുറ്റസമ്മതം നടത്തിയ യുവതിക്ക് ഒമ്പത് മാസത്തെ പ്രൊബേഷൻ ശിക്ഷ. മകനെ തല്ലിയെന്ന കാരണം കൊണ്ട് രണ്ടു കുട്ടികളുടെ അമ്മയായ യുവതിയ്ക്ക് മക്കളുടെ കസ്റ്റഡിയും നഷ്ടമായി. സൗത്ത്പോർട്ട് മജിസ്‌ട്രേറ്റ് കോടതിയാണ് 46 -കാരിയായ വനിതയ്ക്ക് ശിക്ഷ വിധിച്ചത്. ഗോൾഡ് കോസ്റ്റിൽ നിന്നുള്ള അവൾ തനിച്ചാണ് കുടുംബം നോക്കിയിരുന്നത്. അവളുടെ ക്രെഡിറ്റ് കാർഡിൽ നിന്ന് 45000 രൂപ ചിലവാക്കി മകൻ വീഡിയോ ഗെയിം കളിച്ചു. ഇതറിഞ്ഞ അവൾ മകനെ തല്ലുകയായിരുന്നു.
എന്നാൽ മകന് ഓട്ടിസവും, പഠന വൈകല്യവുമുണ്ട്. സ്ത്രീക്കാണെങ്കിൽ ജോലിയും ഇല്ലായിരുന്നു. ഈ ജോലിയില്ലാതെ കഷ്ടപ്പെടുന്ന അവരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് മകൻ മാർച്ചിൽ വീഡിയോ ഗെയിമുകൾ വാങ്ങിയത്. എന്നാൽ ഇതറിഞ്ഞ ഉടനെ, അമ്മ ഗെയിമിംഗ് കൺസോൾ പൂട്ടി വച്ചു. അടുക്കളയിൽ നിന്ന് കൈയിൽ കിട്ടിയ ഒരു മരത്തിന്റെ തവി എടുത്ത് അവനെ അടിക്കുകയും, അടിയേറ്റ ഭാഗത്ത് ചതവ് പറ്റുകയും ചെയ്തു. ദേഷ്യം വന്ന കുട്ടി ചുമരിൽ പല തവണ ചവിട്ടുകയും, ബഹളമുണ്ടാക്കുകയും ചെയ്തു. സംഭവം പിന്നീട് ചൈൽഡ് സേഫ്റ്റി അധികൃതർ അറിയുകയും, പൊലീസ് യുവതിയെ ചോദ്യം ചെയ്യുകയും ചെയ്തു. കുട്ടിയെ മർദിച്ചതായി യുവതി പൊലീസിനോട് തുറന്ന് സമ്മതിച്ചു. ഓട്ടിസവും മറ്റ് രോഗങ്ങളുമുള്ള മകനെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന കാരണം കൊണ്ട് സ്ത്രീക്കെതിരെ പൊലീസ് കേസ് എടുത്തു.
ഇങ്ങനെ പരിമിതികളുള്ള ഒരു കുട്ടിയെ നോക്കാൻ എളുപ്പമല്ലെന്നും, അവൾ മാനസികമായി ആകെ തളർന്നു പോയി എന്നും അവളുടെ അഭിഭാഷകനായ ആന്റോണിയസ് അബ്ദുൽഷാഹിദ് പറഞ്ഞു. അതേസമയം മകനെ തല്ലിയത് തെറ്റ് തന്നെയാണ് എന്ന് അദ്ദേഹവും പറയുന്നു. സ്ത്രീയുടെ അവസ്ഥയിൽ മജിസ്‌ട്രേറ്റ് ബാംബെറി സഹതപിച്ചു. എന്നാൽ, കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറയുന്നു. സമൂഹം അതിൽ നിന്നെല്ലാം ഒരുപാട് ദൂരം മുന്നോട്ട് പോയി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'അവൾ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് എനിക്ക് മനസ്സിലാകും. രണ്ട് കുട്ടികളുള്ള ഒരു രക്ഷിതാവിന് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ എത്ര ബുദ്ധിമുട്ടാണെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ' ശിക്ഷാവിധിയുടെ വേളയിൽ അദ്ദേഹം പറഞ്ഞു. ആഴ്ചയിൽ രണ്ടുതവണ തന്റെ കുട്ടികളെ കാണാൻ സ്ത്രീക്ക് അനുവാദമുണ്ട്. തന്റെ കുട്ടികളെ തിരികെ ലഭിക്കാൻ ഏതറ്റം വരെയും പോകാൻ യുവതി തയ്യാറാണെന്ന് അബ്ദുൽഷാഹിദ് വെളിപ്പെടുത്തി.