
അണുകുടുംബങ്ങളിൽ കുട്ടികളുണ്ടാകുമ്പോൾ, അവരെ നോക്കാനായി ഒരു ആളെ ഏര്‍പ്പാടാക്കുകയാണ് പതിവ്. സാധാരണയായി കുട്ടിയുടെ അച്ഛന്‍റെയോ അമ്മയുടെയോ മാതാപിതാക്കളാകും ഇത്തരം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നത്. എന്നാല്‍ എല്ലാ കുടുംബങ്ങൾക്കും അതിനുള്ള സൌകര്യമുണ്ടാകണമെന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ജോലിക്ക് പോകുമ്പോഴോ, അടുത്ത മുറിയില്‍ കിടത്തി ഉറക്കുമ്പോഴോ കുട്ടിയെ ശ്രദ്ധിക്കുന്നതിനായി അണുകുടുംബങ്ങൾ സിസിടിവി കാമറകളുടെയോ നാനോ കാമറകളുടെയോ ബേബി മോണിറ്ററുകളുടെയോ സഹായം തേടുന്നു. ഇത് ഏത് നിമിഷവും കുടുംബാംഗങ്ങള്‍ക്ക് കുട്ടിയെ നിരീക്ഷിക്കാനും ഒപ്പം നിര്‍ദ്ദേശങ്ങൾ കൈമാറാനും സഹായിക്കുന്നു. അത്തരത്തില്‍ തന്‍റെ കുഞ്ഞിനെ ശ്രദ്ധിക്കാനായി സ്ഥാപിച്ച സിസിടിവി കാമറ സംസാരിച്ച് തുടങ്ങിയതിനെ തുടര്‍ന്ന് പരിഭ്രാന്തയായ ഒരമ്മ, സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പ് വൈറലായി.
വീട്ടിലെ ഒരു അപരിചിതനുമായി കുഞ്ഞ് സംസാരിക്കുന്നത് കണ്ട ഒരു അമ്മയ്ക്കാണ് സംഭവം വിവരിച്ച് കൊണ്ട് കുറിപ്പെഴുതിയത്. അപരിചിതനായ ആൾ കുഞ്ഞിന്‍റെ അടുത്ത് എന്തിന് എത്തിയെന്നും അതല്ലെങ്കില്‍ കുഞ്ഞിനടുത്തെത്തിയത് അമാനുഷിക ശക്തികളെന്തെങ്കിലും ആണോയെന്നുമായിരുന്നു അമ്മയുടെ ആകുലത. കുട്ടിയെ നിരീക്ഷിക്കാനായി വച്ച സിസിടിവി കാമറ വൈഫൈയുമായി ബന്ധിപ്പിച്ച് ഒരു ആപ്പിന്‍റെ സഹായത്തോടെ അമ്മ തന്‍റെ മൊബൈല്‍ ഫോണുമായി കണക്ക്റ്റ് ചെയ്തിരുന്നു. ഇത് വഴി കുഞ്ഞിന് നിര്‍ദ്ദേശങ്ങൾ നല്‍കാനും അവനെ ശ്രദ്ധിക്കാനും അമ്മയ്ക്ക് കഴിഞ്ഞിരുന്നു.
ഒരു ദിവസം കുട്ടി നിര്‍ത്താതെ കരയുന്നത് അമ്മ ശ്രദ്ധിച്ചു. ഈ സമയം കുളിക്കാനായി പോകുകയായിരുന്ന അമ്മ ഫോണിലെ സിസിടിവി ദൃശ്യങ്ങളിലൂടെ മകനെ നിരീക്ഷിച്ചു. അതിനിടെ ഫോണില്‍ ഒരു സ്ത്രീ ശബ്ദം കേട്ട അവര്‍ ഞെട്ടിപ്പോയി. വളരെ അസ്വസ്ഥമായ ശബ്ദം കുഞ്ഞിനോട് സംസാരിക്കുകയായിരുന്നെന്നും അവര്‍, റെഡ്ഡിറ്റിലെഴുതിയ കുറിപ്പില്‍ പറയുന്നു. അപ്രതീക്ഷിതമായി മകന്‍റെ മുറിയില്‍ നിന്നും ശബ്ദം കേട്ടതിന് പിന്നാലെ അമ്മ അസ്വസ്ഥയായി. ഒരു ഭയം തന്നെ മൂടിയെന്നും അവര്‍ കുറിച്ചു. ഉടനെ തന്നെ ഭര്‍ത്താവിനോട് കുട്ടിയുടെ മുറിയില്‍ ആരാണ് ഉള്ളതെന്ന് ചോദിച്ചു. എന്നാല്‍ ആരും ഇല്ലെന്നായിരുന്ന മറുപടി. പിന്നാലെ അവര്‍ മുറിയിലേക്ക് ഓടിയെത്തിയെങ്കിലും അവിടെ ആരെയും കണ്ടെത്തിയില്ല. മാത്രമല്ല, കുഞ്ഞ്, സിസിടിവിയിലേക്ക് നോക്കി കിടക്കുന്നതാണ് കണ്ടത്. പിന്നാലെ സ്ത്രീ ശബ്ദം സിസിടിവിയില്‍ നിന്നാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. പെട്ടെന്ന് തന്നെ താന്‍ സിസിടിവി കാമറ ഓഫ് ചെയ്തെന്നും അവരെഴുതി.
പിന്നാലെ നടത്തിയ അന്വേഷണത്തില്‍, ഏതാണ്ട് നാല് ദിവസത്തോളമായി ഒരു സ്ത്രീ ശബ്ദം തന്‍റെ കുഞ്ഞിനോട് സിസിടിവിയിലൂടെ സംസാരിക്കുകയായിരുന്നെന്ന് അവര്‍ കണ്ടെത്തി. കാമറയുടെ വൈഫൈ ആരോ ഹാക്ക് ചെയ്തതായി അവര്‍ക്ക് വ്യക്തമായി. ആരെങ്കിലും കാമറ വൈഫൈ ഹാക്ക് ചെയ്ത് കയറി, തന്‍റെ കുഞ്ഞുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുകയായിരുന്നെന്ന തിരിച്ചറിവ് തന്നെ ഭയപ്പെടുത്തിയെന്നും അതിന് പിന്നാലെ സിസിടിവി കാമറ ഉപയോഗിച്ച് കുഞ്ഞിനെ നിരീക്ഷിക്കുന്നത് താന്‍ ഒഴിവാക്കിയെന്നും അവരെഴുതി. വൈഫൈ ഉപയോഗിക്കുന്ന ഗാഡ്ജെറ്റുകൾ ഹാക്ക് ചെയ്യാന്‍ എഴുപ്പമാണെന്ന് നിരവധി സമൂഹമാധ്യമ ഉപയോക്താക്കളും കുറിച്ചു. സുരക്ഷിതത്വമെന്നത് ഇന്നത്തെ കാലത്ത് ഒരു മിഥ്യാ സങ്കല്പമാകുന്നുവെന്നായിരുന്നു ചിലരുടെ കുറിപ്പുകൾ.