മരതകത്തിന്റെയും വജ്രത്തിന്റെയും കണ്ണടകൾ ലേലത്തിന്, പ്രതീക്ഷിക്കുന്നത് 25 കോടി!

By Web TeamFirst Published Sep 25, 2021, 3:43 PM IST
Highlights

സോതെബിയുടെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ഇന്ത്യാ ചെയര്‍മാന്‍ എഡ്വാര്‍ഡ് ഗിബ്ബ്സ് പറയുന്നത്, ഇത് മുഗള്‍ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ടവയാണ് എന്ന് കരുതുന്നു എന്നാണ്. 

പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ച രണ്ട് ജോഡി കണ്ണടകൾ ലേലത്തിന്. വെറും കണ്ണടകളല്ല. തിന്മയെ അകറ്റുകയും ധരിക്കുന്നവർക്ക് ജ്ഞാനോദയം നേടാൻ സഹായിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്ന രണ്ട് ജോഡി പുരാതന കണ്ണടകൾ. തീർന്നില്ല, ഒന്നില്‍ മരതക ലെൻസുകളാണ്. മറ്റൊന്ന് വജ്രങ്ങളുടേതും. മുഗൾ രാജവംശത്തിന്റേയോ പ്രഭുക്കന്മാരുടേതോ ആണിതെന്ന് പറയപ്പെടുന്നു. അടുത്ത മാസം സോതെബി ലേലശാല ഇവ വിൽക്കും. 3.5 മില്ല്യണ്‍ ഡോളറാണ് ഇതിന് വിലയിട്ടിരിക്കുന്നത്. അതായത്, ഏകദേശം 25 കോടി രൂപ. 

സോതെബിയുടെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ഇന്ത്യാ ചെയര്‍മാന്‍ എഡ്വാര്‍ഡ് ഗിബ്ബ്സ് പറയുന്നത്, ഇത് മുഗള്‍ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ടവയാണ് എന്ന് കരുതുന്നു എന്നാണ്. ഇതുപോലെ മറ്റൊന്നുള്ളതായി അറിവില്ല എന്നും അദ്ദേഹം പറയുന്നു. വിശ്വാസം അനുസരിച്ച്, ഈ രണ്ട് ജോഡികളും ധരിക്കുന്നവർക്ക് പ്രബുദ്ധത കൈവരിക്കാനും തിന്മയെ അകറ്റാനും സഹായിക്കും എന്ന് കരുതപ്പെടുന്നു. ഇപ്പോൾ അവ ന്യൂയോർക്ക്, ഹോങ്കോംഗ്, ലണ്ടൻ എന്നിവിടങ്ങളിലെ പ്രദർശന ടൂറുകളുടെ ഭാഗമാണ്. 

300 കാരറ്റിലധികം തൂക്കമുള്ള കൊളംബിയൻ മരതകത്തിൽ നിന്ന് 'ഗേറ്റ് ഓഫ് പാരഡൈസ്' ഗ്ലാസുകളും പ്രശസ്തമായ ഗോൾകോണ്ട മേഖലയിൽ കണ്ടെത്തിയ ഒരൊറ്റ 200 കാരറ്റ് വജ്രത്തിൽ നിന്നുള്ള 'ഹാലോ ഓഫ് ലൈറ്റ്' കണ്ണടയുമാണ് ലേലത്തിനെത്തുക. ഈ വര്‍ഷം ഒക്ടോർ 27 -ന് ലണ്ടനിൽ ഇവ ലേലത്തിനെത്തുമെന്നാണ് കരുതുന്നത്. 
 

click me!