പുൽവാമ ആക്രമണത്തിന്റെ ആസൂത്രകന്‍ മുഹമ്മദ് ഉമൈർ ഇന്നും പിടികിട്ടാപ്പുള്ളിയായി വിലസുന്നു, തൊടാനാകാതെ എൻഐഎ

Published : Feb 14, 2020, 05:47 PM ISTUpdated : Feb 14, 2020, 05:50 PM IST
പുൽവാമ ആക്രമണത്തിന്റെ ആസൂത്രകന്‍ മുഹമ്മദ് ഉമൈർ ഇന്നും  പിടികിട്ടാപ്പുള്ളിയായി വിലസുന്നു, തൊടാനാകാതെ എൻഐഎ

Synopsis

2016 -ൽ മസൂദ് അസറിന്റെ മറ്റൊരു മരുമകനായ ഉസ്മാൻ ഹൈദറിനെ സേന വധിച്ചപ്പോഴാണ്, അതിനു പ്രതികാരം ചെയ്യാൻ വേണ്ടി തന്റെ മൂത്ത സഹോദരനായ അത്തർ ഇബ്രാഹിമിന്റെ മകൻ, മുഹമ്മദ് ഉമൈറിനെ മസൂദ് അസർ കാശ്മീരിലേക്കയക്കുന്നത്.

മുഹമ്മദ് ഉമൈർ ഒരു കൊടും ഭീകരനാണ്. കുപ്രസിദ്ധനായ ഭീകരവാദി മൗലാനാ മസൂദ് അസറിന്റെ മരുമകൻ. പുൽവാമ ആക്രമണത്തിന് വേണ്ടി 80 കിലോഗ്രാമോളം ആർഡിഎക്സ് താഴ്വരയിലേക്ക് എത്തിക്കുന്നത് മുതൽ, അതിനെ ഐഇഡി ആയി സെറ്റ് ചെയ്യുന്നതും, അതിനെ സ്കോർപിയോയിൽ ഘടിപ്പിക്കുന്നതും, ആദിൽ ഡാർ എന്ന ചാവേറിനെക്കൊണ്ട് അത് ഓടിച്ച് സിആർപിഎഫ് വാഹന വ്യൂഹത്തിലേക്ക് കയറ്റുന്നതും വരെയുള്ള എല്ലാ ഗൂഢാലോചനയ്ക്കും, മേൽനോട്ടം വഹിച്ചത് ജെയ്ഷെ മൊഹമ്മദിനുവേണ്ടി മസൂദ് അസർ നിയോഗിച്ച ഈ തീവ്രവാദിയാണ്. 

ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പലരെയും വധിച്ചു എന്ന് എൻഐഎ അവകാശപ്പെട്ടിരുന്നു. അവരിൽ ഏറ്റവും പ്രധാനി മുദ്ദസിർ അഹമ്മദ് ഖാൻ എന്ന മുഹമ്മദ് ഭായി സേനയുമായുള്ള പോരാട്ടത്തിൽ കൊല്ലപ്പെട്ട സംഭവമാണ്. മുഹമ്മദ് ആയിരുന്നു ഗൂഢാലോചന നടത്തിയവരിൽ ഒരാൾ. പുൽവാമ പ്രദേശത്തേക്ക് ആക്രമണം നടക്കുന്നതിന് ഏറെനാൾ മുമ്പുതന്നെ കടത്തിയിരുന്ന ആർഡിഎക്‌സിനെ ഇലക്ട്രോണിക്സ് പാർട്സ് ഒക്കെ ഘടിപ്പിച്ച് ഇമ്പ്രൂവൈസ് ചെയ്തെടുത്ത് മാരകമായ ഒരു കാർബോംബ് ആക്കി മാറ്റിയ സ്പെഷ്യലിസ്റ്റ് എൻഐഎയുടെ കണ്ണുവെട്ടിച്ച് കശ്മീരിൽ നിന്ന് അതിർത്തിക്കപ്പുറം പാക് അധീന കശ്മീരിലെ മുസാഫറാബാദിലേക്ക് കടന്നു. ബോംബുണ്ടാക്കിയ ആൾ നാടുവിട്ടെങ്കിലും, പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച മുഹമ്മദ് ഉമൈർ ഇന്നും പാക് അധീനകശ്മീരിലും പരിസരങ്ങളിലുമിരുന് പുൽവാമയിലെ ഭീകരപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നുണ്ട് എന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. 

2016 -ൽ മസൂദ് അസറിന്റെ മറ്റൊരു മരുമകനായ ഉസ്മാൻ ഹൈദറിനെ സേന വധിച്ചപ്പോഴാണ്, അതിനു പ്രതികാരം ചെയ്യാൻ വേണ്ടി തന്റെ മൂത്ത സഹോദരനായ അത്തർ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഉമൈറിനെ മസൂദ് അസർ കാശ്മീരിലേക്കയക്കുന്നത്. അക്കാലത്തുതന്നെയാണ് തൽഹാ റഷീദ്  എന്ന മസൂദിന്റെ മറ്റൊരു അടുത്ത ബന്ധുവും അവിടെ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഉമൈർ തീവ്രവാദ പരിശീലനം നേടിയത് അഫ്‌ഗാനിസ്ഥാനിൽ വെച്ചാണെന്നും പറയപ്പെടുന്നു. പുൽവാമയിലെ ആക്രമണത്തിന്റെ സ്വഭാവം ആ വാദം ശരിവെക്കുന്നതാണ്. കാരണം, അഫ്ഗാനിസ്ഥാനിലെ താലിബാൻ തീവ്രവാദികൾ സ്ഥിരമായി അമേരിക്കൻ സൈന്യത്തെ ആക്രമിക്കുന്നത് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനങ്ങൾ ഇടിച്ചുകയറ്റിക്കൊണ്ടാണ്. ഉമൈറിനെ എത്രയും പെട്ടെന്ന് നിർവീര്യനാക്കിയില്ലെങ്കിൽ  ഇത്തരത്തിലുള്ള ആക്രമണങ്ങൾ പ്രതീക്ഷിക്കാം എന്ന് കശ്മീരിലെ ഇന്റലിജൻസ് ഏജൻസികൾ കരുതുന്നു. 

മാസ്റ്റർ മൈൻഡ് എന്ന് കരുതുന്നയാളിനെപ്പറ്റി വിവരം ലഭിച്ച സ്ഥിതിക്ക് ഇന്റലിജൻസ് ഏജൻസികൾ ഇനി ശ്രമിക്കുന്നത് ഉമൈറിന് വേണ്ട സഹായങ്ങൾ നൽകിയ പുൽവാമയിലെ മറ്റുള്ള സഹായികളെ കണ്ടെത്താനാണ്. സിആർപിഎഫ് വാഹനവ്യൂഹത്തിന്റെ നീക്കങ്ങളെക്കുറിച്ച് ആദിൽ അഹമ്മദ് ഡാറിന് തത്സമയം വിവരങ്ങൾ നൽകിയ സേനയോട് അടുപ്പമുള്ളവരെയും ഇനിയും കണ്ടെത്താൻ എൻഐഎയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ വിവരങ്ങൾ കൂടി ലഭിച്ചാൽ മാത്രമേ ഉമൈറിനെ കണ്ടെത്തി ഇനിയൊരു ആക്രമണത്തിനുള്ള സാധ്യത അടയ്ക്കാൻ ഇന്ത്യൻ ഇന്റലിജൻസ് കേന്ദ്രങ്ങൾക്ക് സാധിക്കൂ. 
 

PREV
click me!

Recommended Stories

നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി, പിന്നാലെ എഐയെ വിവാഹം ചെയ്ത് യുവതി; പങ്കാളിക്ക് മുന്‍വിധികളില്ലെന്ന് വെളിപ്പെടുത്തൽ
18 -ാം വയസിൽ വെറും മൂന്ന് മണിക്കൂർ ആയുസെന്ന് ഡോക്ടർമാർ, ഇന്ന് 35 -ാം വയസിൽ 90 കോടിയുടെ ഗെയിമിംഗ് സാമ്രാജ്യത്തിന് ഉടമ