ആർത്തവ വേദനയെ തുടർന്ന് അവധിയെടുത്ത യുവതിയോട് വേദന സഹിക്കാൻ പഠിക്കണമെന്ന് ബോസ്. മാനസിക സമ്മർദ്ദം കാരണം ജോലി രാജിവെച്ചപ്പോൾ, ഒരു കോഴ്സിന്റെ പണം തിരികെ പിടിക്കുമെന്ന് ബോസ് ഭീഷണിപ്പെടുത്തുന്നതായും യുവതി പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

ആർത്തവവുമായി ബന്ധപ്പെട്ടുള്ള വയറുവേദനയാണ് എന്ന് പറഞ്ഞപ്പോൾ ബോസിൽ നിന്നുമുണ്ടായ ഞെട്ടിക്കുന്ന പ്രതികരണത്തെ കുറിച്ചുള്ള ജീവനക്കാരിയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. വേദനയാണ് എന്ന് പറഞ്ഞപ്പോൾ ‘കൂടുതൽ വേദന സഹിക്കാൻ’ പഠിക്കണം എന്നുള്ള മട്ടിലായിരുന്നു ബോസിന്റെ പ്രതികരണം എന്നാണ് പോസ്റ്റിൽ യുവതി കുറിച്ചിരിക്കുന്നത്. റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റിന് താഴെ അനേകങ്ങളാണ് കമന്റുകൾ നൽകിയിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഇതാണ് യുവതിയുടെ പോസ്റ്റ്: കഴിഞ്ഞ മൂന്ന് മാസമായി ആർത്തവസമയത്തെ കഠിനമായ ശാരീരിക വേദന കാരണം ഞാൻ ഓരോ ദിവസം അവധി എടുത്തിരുന്നു. ഇക്കാര്യം ഇമെയിലിൽ വ്യക്തമായി സൂചിപ്പിച്ചിരുന്നിട്ടും, ബോസ് തന്നെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഇതേക്കുറിച്ച് ചോദിച്ചു. സ്വന്തം ഭാര്യയുടെ ഉദാഹരണമാണ് അദ്ദേഹം പറഞ്ഞത്. അവർ പീരിയഡ്‌സ് സമയത്തും ജോലിക്ക് പോകാറുണ്ടല്ലോ എന്നായിരുന്നു ചോദ്യം. ഓരോരുത്തരുടെയും വേദന സഹിക്കാനുള്ള ശേഷി വ്യത്യസ്തമാണെന്നും തലകറക്കം വരുന്ന അത്രയും കഠിനമായ വേദന തനിക്കുണ്ടെന്നും മറുപടി നൽകിയപ്പോൾ, വേദന സഹിക്കാനുള്ള ശേഷി വർദ്ധിപ്പിക്കൂ എന്ന അങ്ങേയറ്റം വേദനിപ്പിക്കുന്നതും അപമാനകരവുമായ മറുപടിയാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്. ഈ മാനസിക സമ്മർദ്ദം കാരണം രണ്ട് മാസം മരുന്നുകൾ കഴിച്ച് ഞാൻ ജോലിക്ക് വന്നെങ്കിലും, വീണ്ടും കഠിനമായ വേദന വന്നപ്പോൾ എനിക്ക് അവധിയെടുക്കേണ്ടി വന്നു. ഇതിന്റെ പേരിൽ അദ്ദേഹം ഇന്ന് എന്ത് നാടകമാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് ആലോചിച്ച് ഞാൻ വലിയ ആശങ്കയിലായിരുന്നു എന്നാണ് യുവതി കുറിച്ചിരിക്കുന്നത്.

പിന്നാലെ യുവതിയോട് ആ കമ്പനിയിൽ നിന്നും മാറാൻ പലരും ഉപദേശിച്ചു. ഒരു കമന്റിനുള്ള മറുപടിയായി, താൻ രാജി സമർപ്പിച്ചതായി യുവതി പറയുന്നു. ‘ഇന്നലെ താൻ ജോലിയിൽ നിന്നും രാജി സമർപ്പിച്ചു. എന്നാൽ ഇപ്പോൾ, കമ്പനി എനിക്കായി ചെയ്ത ഒരു കോഴ്‌സിന്റെ തുക എന്റെ ഫൈനൽ സെറ്റിൽമെന്റിൽ നിന്ന് കുറയ്ക്കുമെന്നാണ് ബോസ് ഭീഷണിപ്പെടുത്തുന്നത്. ആ കോഴ്‌സ് അദ്ദേഹത്തിന്റെ താൽപ്പര്യത്തിനനുസരിച്ച് പൂർത്തിയായില്ല എന്നതാണ് അദ്ദേഹം പറയുന്ന ന്യായീകരണം. എന്നാൽ എന്റെ ഓഫർ ലെറ്ററിലോ കരാറിലോ ഇത്തരം ഒരു നിബന്ധനയെക്കുറിച്ച് ഒരിടത്തും പറഞ്ഞിട്ടില്ല. ഇതൊരു കുടുംബ ബിസിനസ് ആയതുകൊണ്ട് തന്നെ അവിടെയുള്ള എച്ച്.ആർ (HR) വിഭാഗത്തിൽ നിന്ന് നീതി ലഭിക്കുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയുമില്ല’- യുവതി കുറിച്ചു.

നിരവധിപ്പേരാണ് ബോസിന്റെ നിലപാടിൽ പ്രതിഷേധിച്ച് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്.