മൂന്ന് ബോംബേറുകളെ അതിജീവിച്ചു, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ചീങ്കണ്ണിക്ക് ഇത് പിറന്നാൾ കാലം!

By Web TeamFirst Published Jun 20, 2021, 4:53 PM IST
Highlights

ടിക്ടോക്കിലും ഫേമസാണ് മുജ. ഒരുലക്ഷം പേര് കണ്ട വീഡിയോ വരെയുണ്ട് അവന്‍റേതായി. ആളുകള്‍ക്കവനെ വലിയ ഇഷ്ടമാണ്. മുജ ആരോഗ്യവാനായിരിക്കുന്നു എന്ന് അറിയിക്കാനാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്. 

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ചീങ്കണ്ണി ഏതാണ്? അത് ഇന്നലെ എണ്‍പത്തിയഞ്ചാം പിറന്നാള്‍ ആഘോഷിച്ച മുജ എന്ന ചീങ്കണ്ണിയാണ്. തീർന്നില്ല, മൂന്ന് ബോംബേറുകളെ അതിജീവിച്ച ചീങ്കണ്ണി കൂടിയാണ് മുജ. 1941 -ലും 1944 -ലും രണ്ടാം ലോക മഹായുദ്ധത്തിന്‍റെ ഭാഗമായുള്ള ബോംബേറ്. 1999 -ല്‍ നാറ്റോ ബോംബിംഗ്. ഇത്രയും അതിജീവിച്ചിട്ടും ഇത്ര വയസായിട്ടും ആരോ​ഗ്യത്തോടെയിരിക്കുകയാണ് മുജ. ഒരുപാട് ആരാധകരുള്ള ഒരു ചീങ്കണ്ണി കൂടിയാണ് മുജ. 

കഴിഞ്ഞ വര്‍ഷം റഷ്യയില്‍ മരിച്ച ചീങ്കണ്ണിയായിരുന്നു ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ചീങ്കണ്ണി. അത് മരിച്ച ശേഷമാണ് ആ പദവി മുജയ്ക്ക് കിട്ടുന്നത്. സെര്‍ബിയയിലെ ബെല്‍ഗ്രേഡിലുള്ള വന്യമൃഗസംരക്ഷണ കേന്ദ്രം ഇന്നലെ മുജയുടെ എൺപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിച്ചു. സാധാരണ ചീങ്കണ്ണികള്‍ 30 മുതല്‍ 50 വര്‍ഷം വരെയാണ് ജീവിച്ചിരിക്കുന്നത്. എന്നാൽ, 85 വയസായിട്ടും മുജ ആരോ​ഗ്യത്തോടെ ജീവിക്കുന്നു. 

2012 -ല്‍ അവന്റെ കാലിൽ ഒരു വ്രണമുണ്ടാവുകയും 48 മണിക്കൂര്‍ സര്‍ജറി വേണ്ടി വരികയും ചെയ്തു മുജയുടെ ജീവന്‍ രക്ഷിക്കാന്‍. അതിന്‍റെ കാലിലൊരു മുറിവുണ്ടാവുകയും ജീവന്‍ രക്ഷിക്കാനായി കാല് മുറിക്കേണ്ടി വരികയും ചെയ്തു. എന്നാലും അവന് മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് മൃ​ഗശാല അധികൃതർ പറയുന്നു. 

ടിക്ടോക്കിലും ഫേമസാണ് മുജ. ഒരുലക്ഷം പേര് കണ്ട വീഡിയോ വരെയുണ്ട് അവന്‍റേതായി. ആളുകള്‍ക്കവനെ വലിയ ഇഷ്ടമാണ്. മുജ ആരോഗ്യവാനായിരിക്കുന്നു എന്ന് അറിയിക്കാനാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ചില ആളുകൾ അവനെ സ്റ്റഫ് ചെയ്ത് വച്ചിരിക്കുകയാണോ, അതോ റബ്ബറിന്റെ ചീങ്കണ്ണിയെ കാണിച്ച് പറ്റിക്കുകയാണോ എന്നെല്ലാം ചോദിക്കാറുണ്ട്. എന്നാൽ, എണ്‍പത്തിയഞ്ചാം വയസിലും അവന്‍ ആരോഗ്യവാനാണ് ആ വീഡിയോയിലൂടെ ആളുകൾക്ക് അത് മനസിലാക്കുന്നു എന്ന് മൃഗശാല അധികൃതര്‍ പറയുന്നു. 

click me!