
പതിനൊന്ന് ലക്ഷം മഹർ വാങ്ങി മകളെ ഇഷ്ടമില്ലാത്ത വിവാഹത്തിന് നിർബന്ധിച്ചുവെന്ന കുറ്റത്തിന് ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു അഫ്‌ഗാൻ സ്ത്രീ ഇപ്പോൾ വിചാരണ നേരിടുകയാണ്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ മകളെ ഭർത്താവ് കഴുത്തറുത്തു കൊല്ലുകയായിരുന്നു. 45 -കാരിയായ സക്കീന മുഹമ്മദ് ജാനാ(Sakina Muhammad Jan)ണ് മകളെ നിർബന്ധിത വിവാഹത്തിലേക്ക് നയിച്ചതിന് വിചാരണ നേരിടുന്നത്. 2019 നവംബറിലായിരുന്നു സംഭവം. 25 -കാരനായ ഊബർ ഡ്രൈവർ മുഹമ്മദ് അലി ഹലീമിയെ വിവാഹം കഴിക്കുന്നതിനായി മകൾ റുഖിയ ഹൈദരി(Ruqia Haidari)ക്കുമേൽ ജാൻ സമ്മർദ്ദം ചെലുത്തിയതായി പൊലീസ് ആരോപിക്കുന്നു.
മകൾക്ക് വെറും 21 വയസ്സായിരുന്നു. വിവാഹത്തിന് മുൻപ് അവർ തമ്മിൽ വെറും നാല് തവണയാണ് കണ്ടുമുട്ടിയത്. അതുകൊണ്ട് തന്നെ മകൾക്ക് ഈ വിവാഹത്തിൽ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ, അമ്മയുടെ ഭീഷണിയ്ക്ക് വഴങ്ങി അവൾക്ക് വിവാഹത്തിന് സമ്മതം മൂളേണ്ടി വന്നു. വിവാഹത്തിന് മുൻപ് മഹറായി പതിനൊന്ന് ലക്ഷം രൂപയും ജാൻ എണ്ണി വാങ്ങിയിരുന്നു. പിന്നീട് മെൽബണിൽ നിന്ന് 180 കിലോമീറ്റർ വടക്കുള്ള ഷെപ്പാർട്ടണിലെ ഒരു കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് അതിഥികളെ സാക്ഷിയാക്കി ദമ്പതികൾ വിവാഹിതരായി.
റുഖിയ കഴിഞ്ഞ വർഷമാണ് മക്ഗുയർ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയത്. അതിന് ശേഷം ദമ്പതികൾ ഒരുമിച്ച് ഒരു ജീവിതം ആരംഭിക്കാനായി പെർത്തിലേക്ക് പറന്നു. എന്നാൽ, ആദ്യനാളുകളിൽ തന്നെ അവരുടെ വിവാഹബന്ധം വഷളായി. അവൾക്ക് ഭർത്താവുമായുള്ള ശാരീരിക ബന്ധത്തിന് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. ഭർത്താവ് പലതവണ അവളെ ഇതിന് നിർബന്ധിച്ചെങ്കിലും, പെൺകുട്ടി ആ ശ്രമങ്ങളെല്ലാം തടഞ്ഞു. ഇതിൽ കലിപൂണ്ട ഭർത്താവ് അവളുടെ സഹോദരനെ പലതവണ ഫോണിൽ വിളിച്ച് ദേഷ്യപ്പെടുമായിരുന്നു.
അവളുടെ സഹോദരൻ മുഹമ്മദ് തഖി ഹൈദാരി അതെല്ലാം നിസ്സഹായനായി കേട്ടു നിൽക്കും. എന്നാൽ, ജനുവരി 18 -ന് സഹോദരിയും ഭർത്താവും വഴക്കിടുന്നത് ഫോണിലൂടെ കേട്ടപ്പോൾ, തന്റെ സഹോദരിയുടെ ശബ്ദം അവസാനമായി കേൾക്കുകയാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. സഹോദരിയോട് വഴക്കിട്ട് ഹലീമി 'നീ ഒരു ആണാണെങ്കിൽ, ഇവിടെ വന്ന് നിന്റെ പെങ്ങളുടെ മൃതദേഹം കൊണ്ടുപൊയ്ക്കോ' എന്ന് അളിയനോട് ആക്രോശിച്ച് ഫോൺ വച്ചു.
ഇതിനിടയിൽ അടുക്കളയിൽ നിന്ന് ഒരു സ്റ്റെയിൻലെസ് സ്റ്റീൽ കത്തി ഹലീമി കൈയിൽ കരുതിയിരുന്നു. ഫോൺ വച്ചതിന് പിന്നാലെ അയാൾ ആ കറിക്കത്തിയെടുത്ത് കഴുത്ത് അറുത്ത് അവളെ കൊന്നു. തുടർന്ന്, പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ സുപ്രീം കോടതി അയാളെ ഈ വർഷം ആദ്യം ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. അതേസമയം അവൾ അമ്മയോട് തന്റെ പ്രശ്‍നങ്ങൾ എല്ലാം പങ്കുവച്ചിരുന്നതായിട്ടാണ് അറിയാൻ കഴിയുന്നത്. ഒരിക്കൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ വിക്ടോറിയയിലേക്ക് വന്ന അവൾ മാതാപിതാക്കൾക്കൊപ്പം തങ്ങാനുള്ള അനുവാദം തേടിയിരുന്നു. എന്നാൽ അവളുടെ അഭ്യർത്ഥന അമ്മ നിഷേധിക്കുകയായിരുന്നു. “ഞങ്ങളുടെ അടുത്തേക്ക് നീ മടങ്ങിവരരുത്. നീ ഇനി ചത്താൽ അല്ലാതെ നിന്നെ ഇവിടേയ്ക്ക് കയറ്റില്ല” എന്ന് മകളോട് താൻ പറഞ്ഞതായി അമ്മ പൊലീസിനോട് പറഞ്ഞു.
ഒരു സ്ത്രീ ഭർത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിൽ വന്ന് താമസിക്കുന്നത് തങ്ങളുടെ സംസ്കാരത്തിൽ ലജ്ജാകരമായ ഒരു കാര്യമാണെന്ന് അവർ പൊലീസിനോട് പറഞ്ഞു. വിവാഹത്തിന് മുൻപ് റുഖിയ അനുഭവിച്ച ഉത്കണ്ഠയെക്കുറിച്ചും കല്യാണം തടയാനുള്ള ശ്രമങ്ങളെ കുറിച്ചും അവളുടെ സുഹൃത്തുക്കൾ വ്യാഴാഴ്ച ഷെപ്പാർട്ടൺ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. വിവാഹത്തിന് മുമ്പ് മറ്റൊരു പുരുഷനുമായി അവളുടെ വിവാഹനിശ്ചയം നടത്തിയിരുന്നതായും കോടതി കണ്ടെത്തി. എന്നാൽ, കുടുംബങ്ങൾ തമ്മിലുള്ള വഴക്കിനെത്തുടർന്ന് ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഹലീമിയെ വിവാഹം കഴിക്കാൻ അവൾക്ക് ഒട്ടും താല്പര്യമുണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
വിവാഹത്തിന് മുൻപുള്ള മൈലാഞ്ചി കല്യാണത്തിന് അവൾ വിഷമിച്ചിരിക്കുന്നത് കണ്ട അമ്മ അവളോട് ദേഷ്യപ്പെട്ടുവെന്നും സുഹൃത്തുക്കൾ പറഞ്ഞു. അവൾ ചിരിക്കാൻ മടിച്ചപ്പോൾ, ചിരിച്ചില്ലെങ്കിൽ, മുഖം അടിച്ച് പൊളിക്കുമെന്ന് മകളെ ജാൻ ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു. "അവൾ ഒന്നും പറഞ്ഞില്ല. മറ്റുള്ളവർക്ക് മുന്നിൽ അവൾ മനസ്സില്ലാ മനസോടെ ചിരിച്ച് നിന്നു. എന്നാൽ, അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു" റുഖിയയുടെ ഹൈസ്കൂൾ സുഹൃത്ത് മറിയം ഖാൻ കോടതിയിൽ പറഞ്ഞു. വിവാഹരാത്രി ഉൾപ്പെടെ പല അവസരങ്ങളിലും ഹലീമി റുഖിയയുടെ നേരെ ലൈംഗികാതിക്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും സുഹൃത്ത് അവകാശപ്പെട്ടു.
ഓസ്‌ട്രേലിയയിൽ നിർബന്ധിത വിവാഹം നടത്തിയതിന് ആരും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ജാൻ ശിക്ഷിക്കപ്പെട്ടാൽ, നിർബന്ധിത വിവാഹത്തിന് പ്രേരിപ്പിച്ച കുറ്റത്തിന് ഓസ്‌ട്രേലിയയിൽ പ്രോസിക്യൂട്ട് ചെയ്യപ്പെടുന്ന ആദ്യ വ്യക്തിയായിരിക്കും അവർ. നിർബന്ധിത വിവാഹം ഓസ്‌ട്രേലിയയിൽ അടിമത്തത്തിന്റെ ഒരു രൂപമായും ക്രിമിനൽ കുറ്റമായും കണക്കാക്കപ്പെടുന്നു. എന്നാൽ, കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 80 എണ്ണം നടന്നതായി സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു.