
വിചിത്രമായ പല പേരുകളും ഈ ലോകത്തുണ്ട്. അങ്ങനെ ഒരു പേരാണ് ഈ അമ്മ തന്റെ മകൾക്കും നൽകിയിരിക്കുന്നത്, മകളുടെ പേര് ലോക്കി. വെറുതെയല്ല അമ്മ മകൾക്ക് ഈ പേര് നൽകിയിരിക്കുന്നത്. ലോക്ക്ഡൗൺ എന്നതിന്റെ ചുരുക്കമായിട്ടാണ് അവർ മകൾക്ക് ആ പേര് നൽകിയിരിക്കുന്നത്. അതിന് കാരണം വേറൊന്നുമല്ല, ലോക്ക്ഡൗൺ കാലത്താണ് അവർക്ക് ലോക്കി പിറന്നത്.
2021 -ൽ രണ്ടാമത്തെ ലോക്ക്ഡൗണിന്റെ സമയത്താണ് ജോഡി ക്രോസ് എന്ന 36 -കാരി ഗർഭിണിയാവുന്നത്. ജോഡിയും ഭർത്താവ് 26 -കാരനായ റോബും ചേർന്ന് മകൾക്ക് വ്യത്യസ്തമായ ഒരു പേര് തന്നെ നൽകാൻ തീരുമാനിച്ചു. ലോക്ക്ഡൗൺ സമയത്ത് ദമ്പതികൾക്ക് ശമ്പളത്തോട് കൂടിയ അവധി കിട്ടി. ഇരുവർക്കും കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കാനും പറ്റി. അതാണ് ഗർഭിണിയാവാനും ലോക്കിക്ക് ജന്മം നൽകാനും കാരണമായി തീർന്നത് എന്ന് ദമ്പതികൾ പറയുന്നു.
കൊവിഡ് മഹാമാരി പിടിച്ചുലച്ചുവെങ്കിലും ലോക്ക്ഡൗൺ തന്നെ സംബന്ധിച്ചിടത്തോളം നല്ല കാലമായിരുന്നു എന്നാണ് ജോഡിയുടെ അഭിപ്രായം. അതുകൊണ്ട് തന്നെ മകൾക്ക് ലോക്കി എന്ന പേര് നൽകാൻ അവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി കൂടി വന്നില്ല. അതിന്റെ പേരിൽ ആര് തങ്ങളെ കളിയാക്കിയാലും ഒന്നുമില്ല. മകൾക്ക് അങ്ങനെ ഒരു പേരിട്ടതിൽ ഒരു തരിമ്പ് പോലും കുറ്റബോധവും ഇല്ല എന്നും അവർ പറയുന്നു.
ഒരു വർഷമായി തങ്ങൾ ഒരു കുട്ടി വേണം എന്ന ആഗ്രഹത്തിലായിരുന്നു. എന്നാൽ, താൻ ഗർഭിണി ആയില്ല. ലോക്ക്ഡൗൺ വന്നപ്പോൾ തനിക്ക് ശമ്പളത്തോട് കൂടിയ അവധി കിട്ടി. റോബിനും ജോലി കുറവായിരുന്നു. ആ സമയം ഏറെയും സന്തോഷത്തോടെ തങ്ങൾ ഒരുമിച്ച് ചെലവഴിച്ചു. അങ്ങനെയാണ് ലോക്ക്ഡൗൺ കാലത്ത് ജോഡി ഗർഭിണി ആവുന്നതും ലോക്കി പിറക്കുന്നതും എന്നാണ് ദമ്പതികൾ പറയുന്നത്.
ഏതായാലും എക്കാലത്തേക്കുമായി ആ ലോക്ക്ഡൗൺ കാലത്തെ അടയാളപ്പെടുത്തി വയ്ക്കാൻ ലോക്കിയിലൂടെ കഴിയുമെന്നാണ് അവളുടെ മാതാപിതാക്കളായ ജോഡിയും റോബും പറയുന്നത്.