
കാലിഫോർണിയ(California)യിലെ ഓക്ക്‌ലാൻഡിലെ ഒരു ചരിത്രപരമായ കൺവെൻഷൻ സെന്ററി(Oakland convention center)ന്റെ ചുവരുകളിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. എന്നാൽ, ഏത് വ്യക്തിയുടേതാണ് ആ മൃതദേഹമെന്നോ അത് എങ്ങനെ അവിടെ വന്നുവെന്നോ വ്യക്തമല്ല. ഇതിന്റെയെല്ലാം ചുരുളുകൾ പെട്ടെന്ന് അഴിക്കുന്നതിനായി അടിയന്തിര അന്വേഷണം നടന്നു വരികയാണ്. 17 വർഷമായി കൺവെൻഷൻ സെന്റർ നിർജ്ജീവാവസ്ഥയിലാണ്.
ബുധനാഴ്‌ച ഉച്ചതിരിഞ്ഞ് നഗരത്തിലെ ഡൗൺ ടൗണിനടുത്തുള്ള നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടമായ ഹെൻറി ജെ കൈസർ കൺവെൻഷൻ സെന്ററിന്റെ നവീകരണത്തിനിടെയാണ് നിർമാണ തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. അതൊരു പുരുഷന്റെ മൃതദേഹമാണ് എന്നാണ് അധികാരികൾ പറയുന്നത്. വളരെ കാലമായി ഒഴിഞ്ഞു കിടക്കുകയാണ് കൺവെൻഷൻ സെന്റർ. മൃതദേഹത്തിന്റെ പഴക്കം വച്ച് നോക്കിയാൽ മൂന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ മൃതദേഹം അവിടെ കൊണ്ടുവന്ന് വച്ചിരിക്കാം എന്നാണ് കരുതുന്നത്.
ഓക്‌ലാൻഡ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് പറയുന്നതനുസരിച്ച്, ഇരയുടെ മൃതദേഹം ഡ്രൈവ്‌വാളിന് പിന്നിലും ഓഡിറ്റോറിയത്തിന്റെ മുകളിലെ നിരയിലെ രണ്ട് കോൺക്രീറ്റ് തൂണുകൾക്കിടയിലുമായി ഒരു അറയിലാണ് കണ്ടെത്തിയത്. മരിച്ചയാളെ കുറിച്ചുള്ള അന്വേഷണവും തിരിച്ചറിയാനുള്ള ശ്രമങ്ങളും ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, എല്ലിന്റെ ഘടനയും ശരീരഘടനയും അടിസ്ഥാനമാക്കി വ്യക്തി പ്രായപൂർത്തിയായ പുരുഷനാണെന്ന് ഉദ്യോഗസ്ഥർ കരുതുന്നു. വ്യക്തിയെ തിരിച്ചറിയാനുള്ള ശ്രമങ്ങളുടെ ഭാഗമായി സൂക്ഷിച്ചിരിക്കുന്ന വിരലടയാളങ്ങളും മറ്റും പരിശോധിക്കും.
ഓക്‌ലാൻഡ് പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ ലെഫ്റ്റനന്റ് ഫ്രെഡറിക് ഷാവീസ് പറയുന്നത് ഇതൊരു കൊലപാതകമാണ് എന്ന് കരുതുന്നില്ല എന്നാണ്. അസ്ഥികൂടങ്ങളിൽ അങ്ങനെയൊരു പരിക്കോ, അപകടം നടന്നതിന്റെ സൂചനകളോ ഒന്നും കാണുന്നില്ല എന്നും പൊലീസ് പറയുന്നു. എന്നാൽ, ആ സ്ഥലത്ത് എങ്ങനെയെങ്കിലും പെട്ട് ശ്വാസം മുട്ടി മരിച്ച ആളായിരിക്കാം എന്നത് മുതൽ അവിടെ ആരെങ്കിലും മൃതദേഹം കൊണ്ടുവന്ന് വച്ചിരിക്കാം എന്നുവരെ സാധ്യത നീളുകയാണ്.