നരേന്ദ്ര ഗെലോട്ടിന്‍റെ കൊലപാതകവും ദില്ലിയില്‍ ശക്തിയാര്‍ജ്ജിക്കുന്ന അധോലോകസംഘങ്ങളും...

By Web TeamFirst Published Sep 26, 2019, 10:25 AM IST
Highlights

ഗുപ്തയെപ്പോലുള്ള ബിസിനസ് മാഗ്നറ്റുകൾ പലപ്പോഴും അധോലോക സംഘങ്ങളുടെ കണ്ണിൽ പെടുന്നത് അവരുടെ ആഡംബര ജീവിതശൈലി കാരണമാണ്. വിലകൂടിയ കാറുകൾ വാങ്ങിയും, ആഡംബര വാച്ചുകളും സ്വർണ്ണാഭരണങ്ങളും മറ്റും ധരിച്ച് നൈറ്റ് ക്ലബുകൾ സന്ദർശിച്ചുമൊക്കെ അധോലോക സംഘങ്ങളുടെ കണ്ണിൽ പെട്ടുകഴിഞ്ഞാൽ ഭീഷണികൾ പിന്നാലെ വരും. 

ഇന്നലെ മുതൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോയുണ്ട്. അത് 48 വയസ്സുള്ള ഒരു റിയൽ എസ്റ്റേറ്റ് ഡീലറുടെ കൊലപാതകത്തിന്‍റേതാണ്. മിനിഞ്ഞാന്ന് വൈകുനേരം 6.30 -ന് ദില്ലിയിലെ ദ്വാരകയ്ക്കടുത്തുള്ള ഓൾഡ് പാലം വിഹാർ റോഡിലുള്ള സ്വന്തം ഓഫീസിനു വെളിയിൽ ഓഫീസിലെ ഗുമസ്ഥനുമായി സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു നരേന്ദ്ര ഗെലോട്ട്. ഗുമസ്തൻ പോയപാടെ, പെട്ടെന്ന് ഹെൽമെറ്റ്ധാരിയായ ഒരജ്ഞാതൻ കടന്നുവന്ന് വെടിയുതിർക്കുകയായിരുന്നു. തന്റെ എസ്‌യുവിയുടെ ഡ്രൈവിങ്ങ് സീറ്റിൽ ഇരിക്കുകയായിരുന്ന ഗെലോട്ടിന് അക്രമിയെ കണ്ടിട്ടും പെട്ടെന്ന് ഇറങ്ങിയോടാൻ സാധിച്ചില്ല. കാറിന്റെ വിൻഡ് ഷീൽഡിലൂടെയും, ജനലിലൂടെയുമെല്ലാം അക്രമി തുരുതുരാ വെടിയുണ്ടകൾ പായിച്ചു. തൊട്ടുമുന്നിൽ മറ്റൊരു വാഹനം കിടക്കുന്നുണ്ടായിരുന്നതിനാൽ വണ്ടിയെടുത്തുകൊണ്ട് രക്ഷപ്പെടാനുള്ള അവസരവുമുണ്ടായിരുന്നില്ല. വെടിയേറ്റ നരേന്ദ്ര ഇറങ്ങി ഓടാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. ഓടുന്ന നരേന്ദ്രയ്ക്ക് നേരെ നാലഞ്ചുതവണ കൂടി വെടിയുതിർത്ത ശേഷം അക്രമി സ്ഥലം വിടുന്നു. ഇതുവരെ അക്രമികളെ അറസ്റ്റുചെയ്യാൻ ദില്ലി പൊലീസിന് ആയിട്ടില്ല.

വെടിയേറ്റുമരിച്ച റിയൽ എസ്റ്റേറ്റ് ഡീലർ നരേന്ദ്ര ഗെലോട്ടിന് കുപ്രസിദ്ധമായ സുനിൽ ഗംഗ്വാൻ ഗാങ്ങിൽ നിന്ന് പ്രൊട്ടക്ഷൻ മണി ആവശ്യപ്പെട്ടുകൊണ്ട്  ബ്ലാക്ക് മെയിൽ കോളുകൾ വന്നിട്ടുണ്ടായിരുന്നു. എന്നാൽ, അതൊന്നും ഗൗരവത്തിലെടുക്കാൻ നരേന്ദ്ര കൂട്ടാക്കിയില്ല. അവർ ചോദിച്ച പണം കൊടുക്കുകയും ചെയ്തില്ല. അതേത്തുടർന്ന് ഗാങ്ങിന്റെ പക്ഷത്തുനിന്നുണ്ടായ പ്രതികാര നടപടിയാണിത് ഇതെന്ന് കരുതപ്പെടുന്നു.

മുമ്പൊക്കെ ഇന്ത്യയിൽ അധോലോകം എന്നുപറയുന്നത് മുംബൈ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചു പോന്നിരുന്നത്. മുംബൈ പോലീസിന്റെയും ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ അധോലോകസംഘങ്ങൾക്കെതിരെ കടുത്ത നടപടികളുണ്ടാവുകയും, എൻകൗണ്ടർ സ്പെഷലിസ്റ്റുകൾ അധോലോക നായകരെ വെടിവെച്ചുകൊല്ലാൻ തുടങ്ങുകയും ചെയ്തതോടെ അവരും പതുക്കെ വിദേശത്തേക്ക് ചുവടുമാറിയിരുന്നു. ആ സംഘങ്ങളിൽ പലതിന്റെയും തിരിച്ചു വരവാണ് ദില്ലി പോലുള്ള മറ്റു മെട്രോ നഗരങ്ങളിലൂടെ ഇപ്പോൾ കണ്ടുവരുന്നത്. ദുബായിലും തായ്‌ലണ്ടിലും മറ്റുമുള്ള ഭായിമാരുടെ പേരും പറഞ്ഞുകൊണ്ട് ഒന്നോ രണ്ടോ ചെറുപ്പക്കാർ തോക്കുമെടുത്ത് ഇന്ത്യൻ നഗരങ്ങളിൽ കൊലപാതകങ്ങൾ നടത്തുന്ന സംഭവങ്ങളുടെ എണ്ണം ഇപ്പോൾ കൂടിവരുന്നത് പൊലീസിന് തലവേദനയായി മാറിക്കഴിഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റ് 29 -ന് സമാനമായ ഒരു സംഭവമുണ്ടായി. ഈസ്റ്റ് ദില്ലിയിലെ കിഷൻ ഗുപ്ത എന്ന ഒരു അറിയപ്പെടുന്ന കച്ചവടക്കാരന്റെ വീട്ടിൽ രാത്രി പതിനൊന്നുമണിയോടെ ക്ഷണിക്കപ്പെടാത്ത മൂന്ന് അതിഥികളെത്തി. അലഹബാദിൽ നിന്നാണ് വരുന്നതെന്നും ഗുപ്താജിയെ അടിയന്തരമായി കണ്ടേ പറ്റൂ എന്നും അവർ പറഞ്ഞു. എന്നാൽ ഗുപ്തയുടെ ബംഗ്ലാവിലെ സെക്യൂരിറ്റി അവരെ കയറ്റി വിട്ടില്ല. അപ്പോൾ അവരിൽ ഒരാൾ ഒരു കഷ്ണം കടലാസ്സിൽ ഒരു നമ്പർ കുറിച്ച് നൽകി. പോക്കറ്റിൽ നിന്ന് ഒരു റിവോൾവർ പുറത്തെടുത്ത് സെക്യൂരിറ്റിക്കുനേരെ ചൂണ്ടി അയാളെ ഭീഷണിപ്പെടുത്തിക്കൊണ്ട് അവർ പറഞ്ഞു,"ഭായിയുടെ നമ്പർ ആണ്. നിന്റെ സേട്ടുവിനോട് പറ, മര്യാദയ്ക്ക് തിരിച്ചു വിളിക്കാൻ..."

ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ദില്ലിയിൽ കഴിഞ്ഞ കുറേനാളുകളായി നടന്നുവരുന്നു. ഗുപ്താ സേട്ട് പണം കൊടുത്തോ ഇല്ലയോ എന്നതിന് രേഖകളില്ല. സേട്ടു ജീവനോടെ തന്നെ ഉള്ളതുകൊണ്ട്, കൊടുത്തുകാണാനാണ് സാധ്യത. അധോലോകസംഘവുമായി ഒരു ഒത്തുതീർപ്പിന് ഗുപ്തയെ ദില്ലിയിലെ ഒരു ഉന്നതനായ രാഷ്ട്രീയക്കാരനാണ് സഹായിച്ചതെന്നും, രണ്ടു കോടി ചോദിച്ചത് രാഷ്ട്രീയനേതാവ് ഇടപെട്ട് ഒന്ന് ഒന്നര ആക്കി ഒരുക്കിക്കൊടുത്തു എന്നും അഭ്യൂഹങ്ങളുണ്ട്.  

ദുബായിലുള്ള ഭായിയുമായുള്ള പ്രശ്നം ഒത്തുതീർപ്പായെങ്കിലും ഗുപ്താ സേട്ടിന് ഒരു ധൈര്യം പോരായിരുന്നു. അതുകൊണ്ട് അദ്ദേഹം മാസം മുപ്പതിനായിരം രൂപ ശമ്പളത്തിൽ ഒരു ബ്ലാക്ക് കാറ്റ് സെക്യൂരിറ്റിയെ കൂടെ നടക്കാൻ വേണ്ടി നിയമിച്ചിട്ടുണ്ട്. വീടിനും ഓഫീസിനും ചുറ്റും കമ്പിവേലികളും, ഗ്രില്ലുകളും കൂടുതൽ ശക്തമാക്കി. പൂട്ടുകൾ ബലപ്പെടുത്തി. മറ്റുള്ള ബിസിനസ്സുകാരോട് അന്വേഷിച്ചപ്പോൾ അവർക്കും ഇതുപോലുള്ള ഭീഷണികൾ കിട്ടിയിട്ടുണ്ടെന്നും അവരും പണം നല്കിതന്നെയാണ് സമാധാനമുണ്ടാക്കിയത് എന്നും ഗുപ്തയ്ക്ക് മനസ്സിലായി. അതോടെ അല്പം ആശ്വാസമായി. എന്നാൽ, സ്വന്തം ജീവൻ അപകടത്തിലായേക്കുമോ എന്ന് പേടിച്ചാവും, പൊലീസിനെ ഈ വിഷയത്തിൽ ആശ്രയിക്കാൻ ഗുപ്ത തയ്യാറായിട്ടില്ല. ഈ ഒരൊറ്റ കാരണത്താലാണ് ദില്ലിയിലെ എക്സ്ടോർഷൻ മാഫിയ ഇത്രക്ക് പച്ചപിടിച്ചിരിക്കുന്നത്.

ഗുപ്തയെപ്പോലുള്ള ബിസിനസ് മാഗ്നറ്റുകൾ പലപ്പോഴും അധോലോക സംഘങ്ങളുടെ കണ്ണിൽ പെടുന്നത് അവരുടെ ആഡംബര ജീവിതശൈലി കാരണമാണ്. വിലകൂടിയ കാറുകൾ വാങ്ങിയും, ആഡംബര വാച്ചുകളും സ്വർണ്ണാഭരണങ്ങളും മറ്റും ധരിച്ച് നൈറ്റ് ക്ലബുകൾ സന്ദർശിച്ചുമൊക്കെ അധോലോക സംഘങ്ങളുടെ കണ്ണിൽ പെട്ടുകഴിഞ്ഞാൽ ഭീഷണികൾ പിന്നാലെ വരും. സുനിൽ ത്യാഗി, മദൻ ഭയ്യാ, മഹീന്ദർ ഫൗജി, ഡി പി യാദവ്, ഇർഫാൻ ഗോഗ, ബബ്ലു ശ്രീവാസ്തവ, റൊമേഷ് ശർമ, കപിൽ സംഗ്വാൻ, വികാസ് ദലാൽ തുടങ്ങി പല അധോലോക ഗ്യാങ്ങുകളും ദില്ലിയിൽ ബിസിനസുകാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നുണ്ട്. രാജാ ഭയ്യാ, ഹരി ശങ്കർ തിവാരി, മുഖ്താർ അൻസാരി തുടങ്ങിയ ചിലരൊക്കെ ഇപ്പോൾ രാഷ്ട്രീയത്തിലേക്കും ഇറങ്ങിയിട്ടുണ്ട്. തൊണ്ണൂറുകളിൽ സജീവമായിരുന്ന ചന്ദ്രസ്വാമിയെപ്പോലുള്ളവരാണ് ആദ്യകാലങ്ങളിൽ രാഷ്ട്രീയത്തിനും അധോലോകത്തിനുമിടയിലെ കണ്ണികൾ എന്ന് പറയപ്പെട്ടിരുന്നു.

മുംബൈ അധോലോകം ബെംഗളൂരു, ഇൻഡോർ, അഹമ്മദാബാദ്, ഡൽഹി തുടങ്ങിയ പട്ടണങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട് എന്ന രഹസ്യവിവരം ഐബി പൊലീസിന് മുന്നേതന്നെ കൈമാറിയിട്ടുണ്ടായിരുന്നു. റിയൽ എസ്റ്റേറ്റ് കച്ചവടക്കാർ, ഫൈവ്സ്റ്റാർ ആശുപത്രികളിലെ സ്‌പെഷലിസ്റ്റ് ഡോക്ടർമാർ, ആർക്കിടെക്ടുകൾ, ടിവി ആർട്ടിസ്റ്റുകൾ തുടങ്ങിയവരായിരുന്നു ഈ അധോലോകസംഘങ്ങളുടെ ഇരകൾ. ഭീഷണികളെ തള്ളിക്കളഞ്ഞ പലരും   അധോലോക സംഘങ്ങളുടെ വാടകക്കൊലയാളികളുടെ തോക്കുകൾക്കിരയായി. അതോടെ ദില്ലി പോലീസ് ആന്‍റി എക്സ്ടോർഷൻ സെൽ എന്നൊരു വിഭാഗം തന്നെ തുടങ്ങി. മുംബൈ പോലീസുമായി ചർച്ച ചെയ്താണ് അവർ ഈ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടത്.

ഈ സെല്ലിന്റെ പ്രവർത്തനങ്ങളിൽ വിശ്വസിച്ച് എക്സ്റ്റോർഷൻ കോളുകൾക്ക് പണം നൽകാതിരുന്ന ബിസിനസുകാർക്ക് ഇരുട്ടടിയായിരിക്കുകയാണ് നരേന്ദ്ര ഗെലോട്ട് എന്ന ഈ ദ്വാരകാ റിയൽ എസ്റ്റേറ്റ് മാഗ്നറ്റിനെ കൊലപാതകം. ദില്ലി പൊലീസിന്റെയും ആന്റി എക്സ്റ്റോർഷൻ സെല്ലിന്റെയും ഭാഗത്തു നിന്ന് ഇനിയെന്ത് നടപടിയാണ് ഉണ്ടാകാൻ പോകുന്നത് എന്ന കാത്തിരിപ്പിലാണ് ദില്ലിയിലെ ബിസിനസ് ലോകം ഇപ്പോൾ. 

click me!