ഹോളോകോസ്റ്റിനിടെ പിരിഞ്ഞു, 75 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി; പരസ്‍പരം ചേര്‍ത്തുപിടിച്ച്, പൊട്ടിക്കരഞ്ഞ് ഇവര്‍...

By Web TeamFirst Published Sep 25, 2019, 5:55 PM IST
Highlights

രണ്ടുപേരും കൈ ചേര്‍ത്തുപിടിക്കുകയും പരസ്പരം ആലിംഗനം ചെയ്യുകയും കണ്ണീര്‍ പൊഴിക്കുകയും ചെയ്തു. കണ്ടതില്‍ എത്ര സന്തോഷമുണ്ട് എന്ന് ഇരുവരും പരസ്പരം പറഞ്ഞു.

75 നീണ്ട വര്‍ഷങ്ങള്‍... അത്രയും കാലം മോറിസ് സന വിശ്വസിച്ചിരുന്നത് തന്‍റെ പ്രിയപ്പെട്ട കസിന്‍, കളിക്കൂട്ടുകാരന്‍ മരിച്ചുപോയി എന്നായിരുന്നു. എന്നാല്‍, ശനിയാഴ്ച അത് സംഭവിച്ചു. 87 -കാരനായ സനയും 85 -കാരനായ മെയ്റോവിറ്റ്സും ഇസ്രായേലില്‍ വെച്ച് കണ്ടുമുട്ടി. സന്തോഷം കൊണ്ട് ഇരുവരും പൊട്ടിക്കരഞ്ഞുപോയി. 

1940 -ല്‍, നാസികള്‍ റൊമാനിയയിലേക്ക് അതിക്രമിച്ച് കടക്കുംവരെ ഇരുവരും ഒരുമിച്ച് സ്നേഹിച്ച് കഴിഞ്ഞവരായിരുന്നു. എന്നാല്‍, നാസികള്‍ അക്രമം തുടങ്ങിയതോടെ രണ്ട് കുടുംബങ്ങള്‍ക്കും രാജ്യത്ത് നിന്ന് ഓടിപ്പോകേണ്ടി വന്നു. അന്നാണ് അവര്‍ അവസാനമായി കാണുന്നതും. അന്ന് പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോയ ശേഷം ഇരുവരും മറ്റേയാള്‍ കൊല്ലപ്പെട്ടുവെന്ന് തന്നെയാണ് കരുതിയിരുന്നത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് ഓരോ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. 

കുറേ പതിറ്റാണ്ടുകള്‍ കടന്നുപോയി. സനയുടെ മരുമകളും മകളും ഫേസ്ബുക്കിലൂടെ ബന്ധുക്കളെ പരിചയപ്പെട്ടു. സോഷ്യല്‍ മീഡിയയുടെ സാധ്യത സനയും മെയ്റോവിറ്റ്സും ജീവിച്ചിരിക്കുന്നുവെന്ന സത്യം വെളിപ്പെടുത്തി. അതാണ് അവരുടെ ടെല്‍ അവീവില്‍ വെച്ചുള്ള കൂടിച്ചേരലിലെത്തുന്നതും. രണ്ടുപേരും കൈ ചേര്‍ത്തുപിടിക്കുകയും പരസ്പരം ആലിംഗനം ചെയ്യുകയും കണ്ണീര്‍ പൊഴിക്കുകയും ചെയ്തു. കണ്ടതില്‍ എത്ര സന്തോഷമുണ്ട് എന്ന് ഇരുവരും പരസ്പരം പറഞ്ഞു. 75 വര്‍ഷക്കാലം കാത്തിരിക്കേണ്ടി വന്നു ഇരുവര്‍ക്കും പരസ്പരം കാണാന്‍, ജീവിച്ചിരിക്കുന്നു എന്ന് അറിയാന്‍... 'അതൊരു നീണ്ട കാലയളവാണ്. എങ്കിലും ഇന്ന് നമ്മള്‍ പരസ്പരം കണ്ടിരിക്കുന്നു' മെയ്റോവിറ്റ്സ് പറയുന്നു. 

മരിച്ചുപോയി എന്ന് കരുതിയിരുന്നവര്‍ പരസ്പരം കൂടിച്ചേരുന്ന ആ കാഴ്ച ബന്ധുക്കളുടെയും കണ്ണ് നിറച്ചു. യു എസ് ഹോളോകോസ്റ്റ് മെമ്മോറിയല്‍ മ്യൂസിയത്തിന്‍റെ കണക്കനുസരിച്ച് ആറ് മില്ല്യണ്‍ ജനങ്ങളെങ്കിലും അന്ന് വംശഹത്യക്കിരയായി എന്നാണ് പറയുന്നത്. ക്രൂരമായ വംശഹത്യയുടെ നാളുകളില്‍ എത്രയെത്രപേര്‍ ഇതുപോലെ പിരിഞ്ഞുപോയിട്ടുണ്ടാവുമെന്ന് ഓര്‍മ്മിപ്പിച്ചുപോകുന്നതായിരുന്നു 75 വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ആ കൂടിച്ചേരല്‍. 

click me!