മാരക വൈറസ് രോഗം, പ്രാവുകള്‍ 'സോംബി'കളാവുന്നു, മനുഷ്യരിലേക്ക് പടരുമോയെന്ന് ആശങ്ക

Published : Oct 28, 2022, 04:51 PM IST
മാരക വൈറസ് രോഗം, പ്രാവുകള്‍ 'സോംബി'കളാവുന്നു,  മനുഷ്യരിലേക്ക് പടരുമോയെന്ന് ആശങ്ക

Synopsis

ഈ വൈറസ് ബാധ പക്ഷികളില്‍നിന്നും മനുഷ്യരിലേക്ക് പടരുമോ എന്നാണ് ആശങ്ക. അതിനാല്‍, ഈ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ട പ്രാവുകളെ ദയാവധത്തിന് ഇരയാക്കുകയാണ്.

സാഹിത്യത്തിലും സിനികളിലും നാടോടിക്കഥകളിലും നിന്നാണ് സോംബികള്‍ എന്ന പേര് നമ്മുടെ ഭാവനയില്‍ വന്നുതുടങ്ങിയത്. ശവങ്ങളില്‍നിന്നും മുളച്ചുപൊങ്ങുന്ന പേടിപ്പെടുത്തുന്ന രൂപങ്ങളാണവ. മരണമില്ലാത്ത, ഭയാനകമായ രൂപഭാവങ്ങളുള്ള കെട്ടുകഥകളിലെ കഥാപാത്രങ്ങള്‍.  പ്രേതസിനിമികളില്‍ ആ കഥാപാത്രങ്ങള്‍ക്ക് കവയുടേതായ രൂപഭാവങ്ങള്‍ വന്നു. പതിയെപ്പതിയെ, സോംബി എന്നു കേള്‍ക്കുമ്പോള്‍ ആ മുഖങ്ങള്‍ ഓര്‍മ്മയില്‍ വരാന്‍ തുടങ്ങി. 

ബ്രിട്ടനില്‍നിന്നുള്ള ഈ വാര്‍ത്ത സോംബികളെക്കുറിച്ചല്ല. പ്രാവുകളെക്കുറിച്ചാണ്. മാരകമായ വൈറസ് രോഗം ബാധിച്ച് പ്രാവുകള്‍ക്ക്, സിനിമകളിലും കഥകളിലും മാത്രം നാം കണ്ടുവന്നിരുന്ന സോംബികളുടെ രൂപഭാവങ്ങള്‍ വന്നു തുടങ്ങിയിരിക്കുന്നു എന്നാണ് ബ്രിട്ടീഷ് ടാബ്ലോയിഡായ ദ് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

പ്രാവുകളെ ജീവനുള്ള സോംബികളുടേത് മാതിരിയാക്കി മാറ്റുന്ന അസുഖം ബ്രിട്ടനിലെ പക്ഷികളിലൂടെ പടരുന്നതായാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ വൈറസ് ബാധ പക്ഷികളില്‍നിന്നും മനുഷ്യരിലേക്ക് പടരുമോ എന്നാണ് ആശങ്ക. അതിനാല്‍, ഈ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ട പ്രാവുകളെ ദയാവധത്തിന് ഇരയാക്കുകയാണ്. ജേഴ്‌സിയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രമാണ് മാരകമായ വൈറസ് ബാധയെ കുറിച്ചും അവയുണ്ടാക്കുന്ന ഭയാനകമായ ലക്ഷണങ്ങളെക്കുറിച്ചുമുള്ള സൂചനങ്ങള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

പാരാമിക്സോ വൈറസ് ആണ് പ്രാവുകളെ ബാധിക്കുന്നത്. പിപിഎംവി അഥവാ ന്യൂകാസില്‍സ് ഡിസീസ് എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. വൈറസ് ബാധിച്ച പ്രാവുകളുടെ കഴുത്ത്  വളഞ്ഞൊടിയുകയും ചിറകുകള്‍ക്ക് വിറയല്‍ ബാധിക്കുകയുമാണ് ചെയ്യുന്നത്. ഇതുമാത്രമല്ല, മറ്റനേകം നാഡീസംബന്ധമായ രോഗലക്ഷണങ്ങള്‍ കൂടി അവ കാണിക്കുന്നുണ്ട്. രോഗംബാധിച്ച പ്രാവുകളുടെ ശരീരം അതിവേഗത്തില്‍ മെലിയുന്നതായും ഇവയുടെ വിസര്‍ജ്യം പച്ച നിറത്തിലേക്ക് മാറിയതായും അധികൃതരെ ഉദ്ധരിച്ച് 'മിറര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. 

കൂടാതെ ഇവ വൃത്താകൃതിയില്‍ നടക്കുകയും പലപ്പോഴും അനങ്ങാന്‍ പോലും മടിക്കുകയും ചെയ്യുന്നു. ഇവയുടെ പറക്കാനുള്ള ശേഷി പൂര്‍ണ്ണമായും നഷ്ടപ്പെടുന്നതായും മൃഗശാല അധികൃതര്‍ പറയുന്നു. ഈ വൈറസ് ബാധ മനുഷ്യരെ ബാധിക്കില്ലെങ്കിലും രോഗിയായ പക്ഷിയെ കൈകാര്യം ചെയ്യുന്നവരില്‍ അപകടസാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഏതാനും ആഴ്ചകളായി ജെഎസ്പിസിഎ ആനിമല്‍സ് ഷെല്‍ട്ടറില്‍ വൈറസ് ബാധ ഏറ്റ പ്രാവുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടന്നും അവയില്‍ പലതും നാഡീസംബന്ധമായ ലക്ഷണങ്ങള്‍ കാണിക്കുന്നതായും ജേഴ്സി ദ്വീപിലെ ജെഎസ്പിസിഎ ആനിമല്‍ ഷെല്‍ട്ടറിന്റെ വക്താവിനെ ഉദ്ധരിച്ച് ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിചിത്രമായ ഇത്തരം രോഗലക്ഷണങ്ങള്‍ പക്ഷിപ്പനിയുടെ പുതിയ തരംഗത്തെക്കുറിച്ചുള്ള ഭയം ജനിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം