
ചിലിയിലെ ഒരു ചെമ്പ് ഖനിക്ക് സമീപം ദുരൂഹമായ നിലയിൽ ഒരു തുറന്ന വലിയ കുഴി കണ്ടെത്തി. ഇതേ കുറിച്ച് അധികൃതർ ഇപ്പോൾ അന്വേഷണം നടത്തി വരികയാണ്. തലസ്ഥാനമായ സാന്റിയാഗോയിൽ നിന്ന് 665 കിലോമീറ്റർ വടക്ക് അൽകാപറോസ എന്ന സ്ഥലത്താണ് കുഴി പ്രത്യക്ഷപ്പെട്ടത്. 25 മീറ്റർ വീതിയുണ്ട് ഈ ദ്വാരത്തിന്.
അന്വേഷണത്തിനായി പ്രത്യേക സംഘത്തെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്ന് ചിലി നാഷണൽ സർവീസ് ഓഫ് ജിയോളജി ആൻഡ് മൈനിംഗ് ഡയറക്ടർ ഡേവിഡ് മോണ്ടിനെഗ്രോ പറഞ്ഞു. 200 മീറ്റർ ആഴത്തിലാണ് കുഴിയുള്ളത് എന്നും മോണ്ടിനെഗ്രോ പറഞ്ഞു. എന്നാൽ, താഴെ എന്തെങ്കിലും തരത്തിലുള്ള വസ്തുക്കളോ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. പകരം അവിടെ എല്ലാം വെള്ളമാണ്.
അപകടകരമായി മറ്റൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും കുഴി കണ്ടെത്തിയതിന് ശേഷം ഇവിടുത്തെ ജോലി താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ് എന്ന് സൈറ്റ് പ്രവർത്തിപ്പിക്കുന്ന കനേഡിയൻ കമ്പനിയായ ലുൻഡിൻ മൈനിംഗ് പറഞ്ഞു.
ചിലിയൻ മാധ്യമങ്ങൾ ഇതിന്റെ ആകാശ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. കുഴി കണ്ടെത്തിയതിനെ തുടർന്ന് ഉടനടി തന്നെ സ്ഥലം ഒഴിപ്പിച്ചു. അവിടെയുള്ള ആളുകൾക്കോ, ഉപകരണങ്ങൾക്കോ ഒന്നും തന്നെ കുഴിയെ തുടർന്ന് അപകടങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല എന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് പുറത്തിറക്കിയ പ്രസ്താവനയിൽ, ലുൻഡിൻ മൈനിംഗ് അറിയിച്ചു.
"ഏറ്റവും അടുത്തുള്ള വീട് തന്നെ 600 മീറ്ററിൽ അധികം (1,969 അടി) അകലെയാണ്, ഏതെങ്കിലും ജനവാസ മേഖലയോ പൊതുസേവന മേഖലകളോ ഒക്കെ ഏകദേശം ഒരു കിലോമീറ്റർ അകലെയാണ്" എന്നും പ്രസ്താവനയിൽ പറയുന്നു. സ്ഥലത്തിന്റെ 80 ശതമാനവും ലുൻഡിൻ മൈനിംഗിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. ബാക്കി ജപ്പാനിലെ സുമിതോമോ കോർപറേഷന്റെ അധീനതയിലാണ്.