
അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുടെ അതിജീവിതർക്കും മനുഷ്യാവകാശ സംരക്ഷകർക്കുമായി പുരസ്‌കാരം സമർപ്പിച്ച് നവീ പിള്ള. ദീർഘകാലമായി അന്താരാഷ്ടാ നീതിക്കും മനുഷ്യാവകാശ സംരക്ഷണത്തിനുമായി ദക്ഷിണാഫ്രിക്കൻ സ്വദേശിനിയായ നവി പിള്ള പോരാടുകയാണ്. പുരസ്‌കാര പ്രഖ്യാപനത്തിൽ അത്ഭുതവും സന്തോഷവും പ്രകടിപ്പിച്ച നവി പിള്ള, ഈ അംഗീകാരം അന്താരാഷ്ട്ര കുറ്റകൃത്യങ്ങളെ അതിജീവിച്ചവർക്കും നീതിക്കായി പോരാടുന്നവർക്കുമായി സമർപ്പിക്കുന്നതായി വ്യക്തമാക്കി.
“ഇപ്പോഴും അത്ഭുതത്തിൽനിന്ന് മുക്തയായിട്ടില്ല. എന്നാൽ, ഏറെ ആദരവും നന്ദിയും തോന്നുന്നു” എന്നായിരുന്നു പുരസ്‌കാരത്തോടുള്ള അവരുടെ പ്രതികരണം. അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുടെ എല്ലാ അതിജീവിതർക്കും അന്താരാഷ്ട്ര നീതിക്കായി പ്രവർത്തിക്കുന്നവർക്കും സംരക്ഷകർക്കുമാണ് ഈ പുരസ്‌കാരം സമർപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. നിയമത്തിന്‍റെ പ്രാധാന്യം കുറയ്ക്കാനുള്ള ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയ നവീ പിള്ള, അത്തരം നീക്കങ്ങൾ ലോകത്തെ വീണ്ടും അധികാരമുള്ളവർ തീരുമാനിക്കുന്ന നീതിയുടെ കാലത്തേക്ക് തിരിച്ചുകൊണ്ടുപോകാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി.
“നിയമത്തേക്കാൾ അധികാരം നിർണായകമാകുന്ന, ആരുടെ ദുരിതത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് ശക്തർ തീരുമാനിക്കുന്ന ലോകത്തിലേക്ക് നാം മടങ്ങിപ്പോകാനുള്ള അപകടസാധ്യതയുണ്ട്” എന്ന അവരുടെ നിലപാട് അന്താരാഷ്ട്ര നിയമവ്യവസ്ഥയുടെ പ്രാധാന്യത്തെയാണ് വ്യക്തമാക്കുന്നത്. താൻ വഹിച്ച വിവിധ പദവികളിലൂടെ ഓരോ മനുഷ്യന്‍റെയും തുല്യമായ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കാനും മുന്നോട്ട് കൊണ്ട് പോകാനുമുള്ള പ്രതിബദ്ധതയാണ് ഉയർത്തിപ്പിടിച്ചതെന്ന് നവി പിള്ള പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശസംരക്ഷണത്തിനും നവി പിള്ള ഏറെ പ്രധാന്യം നൽകിയിരുന്നു.
ദക്ഷിണാഫ്രിക്കയിലെ വർണവിവേചന ഭരണകാലത്ത് അഭിഭാഷകയായി പൊതുപ്രവർത്തനം ആരംഭിച്ച നവീ പിള്ള. വർണവിവേചനത്തിനെതിരായ പോരാട്ടത്തിൽ നിയമത്തെ പ്രതിരോധത്തിന്‍റെ ഉപാധിയാക്കി മാറ്റി. ദക്ഷിണാഫ്രിക്കയിൽ സ്വന്തം നിയമസ്ഥാപനം ആരംഭിച്ച ആദ്യത്തെ വെള്ളക്കാരിയല്ലാത്ത വനിതയായി ചരിത്രത്തിൽ സ്വന്തം ഇടംനേടി. വർണവിവേചന ഭരണകൂടത്തിനെതിരെ നിലകൊണ്ട നെൽസൺ മണ്ടേലയുൾപ്പെടെയുള്ളവർക്ക് വേണ്ടി അവർ നിരവധി തവണ കോടതി കയറിയിറങ്ങി. പുതക്കെ അന്താരാഷ്ട്ര നീതിന്യായ രംഗത്ത് ശ്രദ്ധേയ വ്യക്തിത്വമായി നവി പിള്ള വളർന്നു.
1994 -ൽ റുവാണ്ടയിലെ വംശഹത്യയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലിൽ പ്രവർത്തിച്ച നവി പിള്ള, യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളിലും നിർണായക പങ്കുവഹിച്ചു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമത്തിന്‍റെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷണത്തിനായി വിവിധ നിലകളിൽ പ്രവർത്തിച്ച അവർ നിയമവഴിയിൽ പതിറ്റാണ്ടുകളായി തുടരുന്നു.
സമാധാനവും അന്താരാഷ്ട്ര നിയമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നവീ പിള്ളയെ പുരസ്‌കാരത്തിന് അർഹയാക്കിയതെന്നാണ് നോർവീജിയൻ നോബൽ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നത്. യുദ്ധവും അക്രമവും തടയുന്നതിൽ നിയമപരമായ നടപടികൾക്ക് നിർണായക പങ്കുവഹിക്കാനാകുമെന്ന് അവർ തന്‍റെ പ്രവർത്തനങ്ങളിലൂടെ തെളിയിച്ചുവെന്ന വിലയിരുത്തലും പുരസ്‌കാര പ്രഖ്യാപനത്തിലുണ്ട്. അന്താരാഷ്ട്ര നീതി എന്നത് കുറ്റവാളികളെ ശിക്ഷിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ഇരകൾക്ക് അംഗീകാരവും നീതിയും ഉറപ്പാക്കുന്നത് പോലെ തന്നെ ഭാവിയിൽ സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ സൃഷ്ടിക്കുന്നതും അതിന്‍റെ ഭാഗമാണെന്നും നവി പിള്ള തന്‍റെ പ്രവർത്തനത്തിലൂടെ തെളിയിച്ച് കൊണ്ടിരിക്കുന്നു. നിയമവാഴ്ചയുള്ളിടത്തെ തുല്യത ഉണ്ടാവുകളൊള്ളൂവെന്നും വിവേചനം അവസാനിക്കുവെന്നും പറയുന്നതിലൂടെ നിയമവാഴ്ചയുടെ പ്രധാന്യത്തെയാണ് നവി പിള്ള ഉയർത്തിപ്പിടിക്കുന്നത്.
ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് നവീ പിള്ളയെ അന്താരാഷ്ട്ര നിയമചരിത്രത്തിലെ നിർണായക സംഭവവികാസങ്ങൾക്കിടയിൽ നീതിക്കുവേണ്ടി ഉറച്ചതും സ്വതന്ത്രവുമായ നിലപാട് സ്വീകരിച്ച വ്യക്തി എന്നായിരുന്നു വിശേഷിപ്പിച്ചത്. നെൽസൺ മണ്ടേലയുൾപ്പെടെ ഉള്ളവർക്ക് വേണ്ടി വർണവിവേചന ഭരണകൂടത്തിനെതിരെ നടത്തിയ നിയമപോരാട്ടം, റുവാണ്ടയിലെ വംശഹത്യയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ട്രൈബ്യൂണലിലെ പ്രവർത്തനം, അധിനിവേശ ഫലസ്തീൻ പ്രദേശത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്‍റെ അധ്യക്ഷസ്ഥാനം എന്നിവ ഗുട്ടെറസ് എടുത്തുപറഞ്ഞു. “ബലപ്രയോഗത്തിന്‍റെ നിയമത്തേക്കാൾ നിയമത്തിന്‍റെ ശക്തിയാണ് വിജയിക്കേണ്ടത്” എന്ന സന്ദേശമാണ് പിള്ളയുടെ പ്രവർത്തനങ്ങൾ നൽകുന്നതെന്ന് ഗുട്ടെറസ് പറഞ്ഞു. മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതാണ് അനീതിക്കെതിരായ ഏറ്റവും ഉറപ്പുള്ള പ്രതിരോധമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ വിവിധ രാജ്യങ്ങളിൽനിന്നും അന്താരാഷ്ട്ര രംഗത്തുനിന്നും വ്യത്യസ്ത പ്രതികരണങ്ങളാണ് ഉയർന്നത്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമഫോസ നവീ പിള്ളയെ വർണവിവേചന വിരുദ്ധ പ്രവർത്തകരുടെ അവകാശങ്ങൾക്കായി പോരാടിയ മുൻനിര അഭിഭാഷകയായി വിശേഷിപ്പിച്ചു. അതേസമയം, ഗാസയെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭാ അന്വേഷണ റിപ്പോർട്ടിൽ ഇസ്രയേലിനെതിരെ നവി പിള്ള നിലപാട് എടുത്തത് ഇസ്രയേലിനെ ചൊടിപ്പിച്ചിരുന്നു. അതിനാൽ തന്നെ പുരസ്‌കാര തീരുമാനം ഇസ്രായേൽ വിരുദ്ധ വിദ്വേഷത്തിനും മുൻവിധിക്കും നിയമസാധുത നൽകുന്നതാണെന്ന നിലപാടാണ് ഇസ്രയേൽ കൈക്കൊണ്ടത്. ഗാസയിലെ സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൽ ഇസ്രായേൽ ഗാസയിൽ വംശഹത്യാപരമായ പ്രവർത്തനങ്ങൾ നടത്തിയെന്ന കണ്ടെത്തലാണ് ഈ വിമർശനത്തിന്‍റെ പശ്ചാത്തലമെന്നും റിപ്പോർട്ടുകൾ പറയുന്നു.