പാസ്‍വേഡ് ചോദിച്ച് ഐഫോൺ മോഷ്ടിച്ച കള്ളന്റെ മെസ്സേജ്, എന്നിട്ടും പൊലീസ് ഒന്നും ചെയ്‍തില്ലെന്ന് ഉടമയുടെ വീഡിയോ

Published : Oct 09, 2026, 11:05 AM IST
Kaushiki Dhyani

Synopsis

ഫോൺ അൺലോക്ക് ചെയ്യാൻ സാധിക്കാത്തതിനെ തുടർന്നാണ് മോഷ്ടാവ് നേരിട്ട് ഉടമയെ ബന്ധപ്പെട്ടത്. രാത്രി 10 മണിക്ക് ഈ സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് സ്റ്റേഷനിൽ എത്തിയെങ്കിലും പിറ്റേദിവസം രാവിലെ വരാൻ ആവശ്യപ്പെട്ട് പൊലീസ് തന്നെ മടക്കി അയച്ചതായും കൗശികി കുറ്റപ്പെടുത്തുന്നു.

ഡെറാഡൂണിൽ വീട്ടിൽ അതിക്രമിച്ചുകയറി ഐഫോൺ ഉൾപ്പടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചയാൾ അതേ വീട്ടുകാർക്ക് മെസ്സേജയച്ചു! ഫോൺ അൺലോക്ക് ചെയ്യാൻ കഴിയാതെ വന്നതോടെയാണ് ഉടമയുടെ കുടുംബത്തെ നേരിട്ട് ബന്ധപ്പെട്ട് കള്ളൻ തന്നെ പാസ്‌വേഡ് ആവശ്യപ്പെട്ടത്. സംഭവത്തിൽ പൊലീസിന്റെ അനാസ്ഥയ്ക്കെതിരെ പോസ്റ്റുമായി പരാതിക്കാരി. ഡെറാഡൂൺ സൺഷൈൻ എൻക്ലേവ് സ്വദേശിനിയായ കൗശികി ധ്യാനിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.

സെപ്റ്റംബർ 12 -നാണ് കൗശികി ധ്യാനിയുടെയും സഹോദരന്റെയും ഉൾപ്പടെ ഫോണുകൾ ക്ലെമന്റ് ടൗൺ പ്രദേശത്തെ വീട്ടിൽ നിന്ന് മോഷണം പോയത്. ലാപ്ടോപ്പുകൾ, മാക് ബുക്കുകൾ, മൊബൈൽ ഫോണുകൾ തുടങ്ങി ലക്ഷക്കണക്കിന് രൂപയുടെ വിലപിടിപ്പുള്ള സാധനങ്ങളാണ് പ്രദേശത്ത് നിന്ന് നഷ്ടപ്പെട്ടത്. എന്നാൽ, പരാതി നൽകാൻ ചെന്നപ്പോൾ പൊലീസ് കാര്യമായി എടുത്തതേയില്ലെന്നും ചില സന്ദർഭങ്ങളിൽ പരാതി സ്വീകരിക്കാൻ പോലും തയ്യാറായില്ലെന്നും കൗശികി ആരോപിക്കുന്നു.

എന്നാൽ, കേസിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടായത് മോഷ്ടാവിന്റെ സന്ദേശങ്ങൾ എത്തിയതോടെയാണ്. മോഷണം പോയ ഐഫോണിൽ ബന്ധപ്പെടാവുന്ന ഒരു കോൺടാക്റ്റ് നമ്പർ കാണാമായിരുന്നു. ഇത് ഉപയോഗിച്ചാണ് ഫോൺ കൈവശമുള്ളയാൾ വാട്സാപ്പ് വഴിയും എസ്‌എംഎസ് വഴിയും പാസ്‌വേഡ് ആവശ്യപ്പെട്ട് യുവതിക്ക് സന്ദേശം അയച്ചത്.

ഫോൺ അൺലോക്ക് ചെയ്യാൻ സാധിക്കാത്തതിനെ തുടർന്നാണ് മോഷ്ടാവ് നേരിട്ട് ഉടമയെ ബന്ധപ്പെട്ടത്. രാത്രി 10 മണിക്ക് ഈ സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് സ്റ്റേഷനിൽ എത്തിയെങ്കിലും പിറ്റേദിവസം രാവിലെ വരാൻ ആവശ്യപ്പെട്ട് പൊലീസ് തന്നെ മടക്കി അയച്ചതായും കൗശികി കുറ്റപ്പെടുത്തുന്നു.

സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ, സിസിടിവി ദൃശ്യങ്ങൾ, സംശയാസ്പദമായ വ്യക്തിയുടെ ഫോട്ടോ എന്നിവ സഹിതമാണ് കൗശികി ഇൻസ്റ്റാഗ്രാമിൽ റീൽ പങ്കുവെച്ചിരിക്കുന്നത്. ഈ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും പൊലീസ് എന്തുകൊണ്ട് ഉടൻ നടപടിയെടുത്തില്ലെന്നാണ് ഇവരുടെ ചോദ്യം. ഡി.ഐ.ടി സർവകലാശാലയ്ക്കും ഗ്രാഫിക് എറ സർവകലാശാലയ്ക്കും സമീപമുള്ള സിസിടിവി ദൃശ്യങ്ങളിലും ഇതേ വ്യക്തിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്നും, ഈ കവർച്ചകളെല്ലാം പരസ്പരം ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ഉത്തരാഖണ്ഡ് പൊലീസിനെ മോഷ്ടാക്കൾക്ക് യാതൊരു പേടിയുമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും കൗശികി ആരോപിച്ചു.

PREV
Read more Articles on
click me!

Recommended Stories

28 വർഷം മുമ്പ് തുടങ്ങിയ കാൽനടയാത്ര; ലോകം ചുറ്റി ബ്രിട്ടീഷ് സാഹസികൻ കാൾ ബുഷ്ബി യുകെയിൽ
ആരും കൊതിച്ചുപോകും, നല്ല പത്തരമാറ്റ് മുതലാളി; ജീവനക്കാർക്ക് സമ്മാനം ബി എം ഡബ്ല്യു