കേരളത്തിലെ നവരാത്രി: ആഘോഷങ്ങളുടെ ഒമ്പത് രാവുകൾ

Published : Oct 02, 2025, 09:15 PM IST
Navratri festivals

Synopsis

കേരളത്തിൽ ആത്മീയതയും കലയും ഒത്തുചേരുന്ന മഹോത്സവമാണ് നവരാത്രി. കേരളത്തിലെ വിവിധ ജില്ലകളിൽ സംഗീതോത്സവങ്ങൾ, പ്രത്യേക ക്ഷേത്രാചാരങ്ങൾ എന്നിവയോടെ ഇത് ആഘോഷിക്കപ്പെടുന്നു.  

 

ഹൈന്ദവ വിശ്വാസ പ്രകാരം വിദ്യാ ദേവിയുടെ പൂജയാണ് നവരാത്രി പൂജ എന്ന് അറിയപ്പെടുന്നത്. ഇത് ആത്മീയതയും കലാപാരമ്പര്യവും ചേർന്ന് ആഘോഷിക്കപ്പെടുന്ന മഹോത്സവമാണ്. ഒൻപതു ദിവസവും വ്യത്യസ്ത ദേവീ രൂപങ്ങളെ ആരാധിക്കുന്നതിലൂടെ അറിവിന്‍റെയും ധൈര്യത്തിന്‍റെയും ശക്തിയുടെയും വിജ്ഞാനത്തിന്‍റെയും വിജയത്തിന്‍റെയും പ്രതീകമായാണ് ആഘോഷിക്കുന്നത്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ പ്രത്യേക രീതികളും ആചാരങ്ങളും ഈ ആഘോഷത്തെ അടിസ്ഥാനമാക്കി നിലനിൽക്കുന്നു.

തിരുവനന്തപുരം

കേരളത്തിലെ നവരാത്രി ആഘോഷങ്ങളുടെ പ്രധാനകേന്ദ്രം ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും സമീപത്തെ നവരാത്രി മണ്ഡപവുമാണ്. തിരുവിതാംകൂർ രാജാക്കന്മാരുടെ കാലം മുതൽ നവരാത്രി സംഗീതോത്സവം അരങ്ങേറുന്നത് നവരാത്രി മണ്ഡപത്തിലാണ്. ഇത് കുതിരമാളിക എന്നും അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ സംഗീതജ്ഞർ പങ്കെടുത്ത് അവതരിപ്പിക്കുന്ന കച്ചേരികൾ എല്ലാ വർഷവും ഇവിടെ നടക്കാറുണ്ട്. അതോടൊപ്പം തന്നെ തിരുവനന്തപുരം പൂജപ്പുരയിൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്ത് 28 കരിങ്കൽത്തൂണുകളിൽ സ്ഥാപിച്ച ഒരു സരസ്വതി മണ്ഡപമുണ്ട്. ഇവിടെ നവരാത്രി പൂജാകാലം ഏറെ വിശേഷമായി ആഘോഷിക്കപ്പെടുന്നു. വിദ്യാരംഭം ഇവിടെ ഏറെ പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നു.

കൊല്ലം

കോട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലും നവരാത്രിക്കാലത്ത് ഭക്തർക്ക് പ്രത്യേക പൂജകൾ നടക്കുന്നു. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലും നവരാത്രികാലത്ത് പ്രത്യേക ചടങ്ങുകൾ നടക്കുന്നു. സംഗീതം, കലാപ്രകടനങ്ങൾ തുടങ്ങി നിരവധി കലാപരിപാടികളും ഉണ്ടായിരിക്കും.

എറണാകുളം

ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലും നവരാത്രി മഹോത്സവം വളരെ പ്രസിദ്ധമാണ്. ദേവിയെ രാജരാജേശ്വരി, സരസ്വതി, ദുര്‍ഗ്ഗ എന്നീ രൂപങ്ങളിൽ ആരാധിക്കുന്നു. സന്ധ്യാ സമയത്ത് നടക്കുന്ന അലങ്കാരങ്ങളും കലാപ്രകടനങ്ങളും ഏറെ ആകർഷകമാണ്. തിരുമൂലപ്പുറം, തൃപ്പുണിത്തുറ, പരൂരിലെ ക്ഷേത്രങ്ങളിലും നവരാത്രി ഏറെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു.

പാലക്കാട്

തിരുവിതാംകൂർ ശൈലിയിൽ തന്നെ പാലക്കാടും നവരാത്രി സംഗീതോത്സവം അരങ്ങേറുന്നു. കര്‍ണാടക സംഗീത രംഗത്തെ പ്രമുഖരുടെ കച്ചേരികൾ നവരാത്രിയിലെ ഒമ്പത് ദിവസങ്ങളും അരങ്ങേറുന്നു. മലമ്പുഴ, പട്ടാമ്പി, ഒട്ടപ്പാലം തുടങ്ങിയ സ്ഥലങ്ങളിൽ കർണാടക സംഗീതം, ഭജന തുടങ്ങിയ കലാപ്രകടനങ്ങൾ നടക്കുന്നു.

കോഴിക്കോട്

മലബാർ മേഖലയിൽ താലൂക്ക് തല വിദ്യാരംഭം വലിയ രീതിയിൽ നടത്താറുണ്ട്. ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങ് പ്രാദേശിക സമൂഹത്തിന് വലിയ ആഘോഷമാണ്. തലശ്ശേരി, കണ്ണൂർ മേഖലകളിൽ നവരാത്രിക്ക് അനുബന്ധിച്ച് ഭജനമണ്ഡലങ്ങൾ, കൊലാട്ടം തുടങ്ങിയ കലാരൂപങ്ങൾ അരങ്ങേറുന്നു. ഇതോടൊപ്പം സരസ്വതീ ക്ഷേത്രങ്ങളിലും ദേവീ ക്ഷേത്രങ്ങളിലും നവരാത്രി കാലത്ത് പ്രത്യേക പൂജകളും ചടങ്ങുകളും നടക്കുന്നു.

പൊതുവായ ആചാരങ്ങൾ

വിദ്യാരംഭം : കുട്ടികളെ ആദ്യമായി എഴുത്തിനിരുത്തുന്നത് നവരാത്രി ദിവസമാണ്. 'ഹരി ശ്രീ' എന്ന് എഴുതിത്തുടങ്ങുന്ന കുട്ടികൾ തങ്ങളുടെ വിദ്യാഭ്യാസത്തിന് ആരംഭം കുറിക്കുന്നു. ചടങ്ങിൽ ക്ഷേത്ര പുരോഹിതനോ അല്ലെങ്കില്‍ പ്രത്യേക ക്ഷണിതാവായെത്തുന്ന ആളോ ആണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. കുട്ടിയുടെ വിരൽ പിടിച്ച് അരിയിലോ നിലത്ത് വിരിച്ച മണലിലോ ഹരിശ്രീയും മലയാള അക്ഷരങ്ങളും എഴുതിക്കുന്നു.

സരസ്വതി പൂജ: അറിവിന്‍റെ ദേവിയായ സരസ്വതിയെ ആരാധിക്കുന്നതാണ് സരസ്വതി പൂജ. പുസ്തകങ്ങൾ, സംഗീതോപകരണങ്ങൾ, തൊഴിൽ ഉപകരണങ്ങൾ എന്നിവ അന്നേ ദിവസം ക്ഷേത്രങ്ങളിൽ പൂജയ്ക്ക് വെയ്ക്കുന്നു. ഒരു ദിവസത്തെ പൂജയ്ക്ക് ശേഷമാണ് പിന്നീട് ഇവ ഉപയോഗിക്കുന്നത്. വിദ്യാർത്ഥികളും കലാകാരന്മാരും തങ്ങളുടെ ഉപകരണങ്ങൾ ദേവിക്ക് സമർപ്പിച്ച് വിജ്ഞാനവും കഴിവും വർദ്ധിക്കണമെന്ന് പ്രാർത്ഥിക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?