സ്തനമാറ്റ ശസ്ത്രക്രിയ നടത്തിയ സ്ത്രീകളെ പരസ്യ വിചാരണ നടത്തി വടക്കൻ കൊറിയ, ശസ്ത്രക്രിയ 'അഹങ്കാരം' !

Published : Oct 02, 2025, 05:04 PM IST
kim Jong UN

Synopsis

വടക്കൻ കൊറിയയിൽ 'സോഷ്യലിസ്റ്റ് വിരുദ്ധം' എന്ന് മുദ്രകുത്തി സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾക്കെതിരെ കർശന നടപടി. സ്തനമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ സ്ത്രീകളെയും ഡോക്ടറെയും പരസ്യ വിചാരണയ്ക്ക് വിധേയരാക്കി.  

 

'സോഷ്യലിസ്റ്റ് വിരുദ്ധം' എന്ന് തങ്ങൾ കരുതുന്ന കാര്യങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് വടക്കൻ കൊറിയ വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചിരിക്കുന്നു. സ്തനമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ സ്ത്രീകളെ പരസ്യ വിചാരണയിലൂടെ അപമാനിക്കുകയും, അതിനായി നടപടിക്രമം ചെയ്ത ഡോക്ടർക്കെതിരെ നിയമവിരുദ്ധമായ മെഡിക്കൽ സാമഗ്രികൾ ഉപയോഗിച്ചുവെന്ന് കുറ്റം ചുമത്തുകയും ചെയ്തതാണ് ഏറ്റവും പുതിയ സംഭവം.

പരസ്യ വിചാരണ

ദക്ഷിണ ഹ്വാങ്ഹേ പ്രവിശ്യയുടെ തലസ്ഥാനമായ സരിവോണിൽ സെപ്റ്റംബർ പകുതിയോടെയാണ് വിചാരണ നടന്നത്. പ്രാദേശിക താമസക്കാർ ഹാജരാകാൻ നിർബന്ധിതരായ ഒരു കൾച്ചറൽ ഹാളിലായിരുന്നു വിചാരണ. ശസ്ത്രക്രിയ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന സർജനും ശസ്ത്രക്രിയയ്ക്ക് വിധേയരായ രണ്ട് യുവതികളുമാണ് വിചാരണയ്ക്ക് ഇരയായത്. ചൈനയിൽ നിന്ന് രഹസ്യമായി കടത്തിയ സിലിക്കൺ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയെന്നതാണ് സർജനെതിരെ ചുമത്തിയ കുറ്റം. സമാനമായ ശസ്ത്രക്രിയകൾ നടത്തുന്നതിനെതിരെ മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഇവരെ പരസ്യ വിചാരണയ്ക്ക് വിധേയരാക്കിയത്.

സോഷ്യലിസ്റ്റ് വിരുദ്ധ പ്രവർത്തനം

വിചാരണയ്ക്കിടെ, പ്രോസിക്യൂട്ടർമാർ സൗന്ദര്യവർദ്ധക ശസ്ത്രക്രിയയെ, പ്രത്യേകിച്ച് സ്തനവലുപ്പം വർദ്ധിപ്പിക്കുന്നതിനെ 'സോഷ്യലിസ്റ്റ് വിരുദ്ധ പ്രവർത്തന'മെന്ന് മുദ്രകുത്തി. ഈ സ്ത്രീകൾ 'അഹങ്കാരത്തിന് അടിമപ്പെട്ടവരാണെ'ന്നും വ്യക്തിപരമായ രൂപത്തിന് രാജ്യത്തിന്‍റെ മൂല്യങ്ങളെക്കാൾ പ്രാധാന്യം നൽകുന്നുവെന്നും ആരോപിച്ചു. ജഡ്ജിയും ഇതേ നിലപാട് ആവർത്തിച്ചു, ഇത്തരം പ്രവർത്തനങ്ങൾ സോഷ്യലിസ്റ്റ് ആശയങ്ങളെ ദുർബലപ്പെടുത്തുക മാത്രമല്ല, രാജ്യത്തിനുള്ളിൽ 'അഴിമതി നിറഞ്ഞ മുതലാളിത്ത സംസ്കാരം' പ്രചരിപ്പിക്കാൻ ഇടയാക്കുമെന്നും പ്രഖ്യാപിച്ചു.

നിരീക്ഷണ ഗ്രൂപ്പുകൾ

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, സെപ്റ്റംബർ 13-ന്, വടക്കൻ കൊറിയയുടെ പൊതു സുരക്ഷാ മന്ത്രാലയം, സൗന്ദര്യവർദ്ധക ശസ്ത്രക്രിയയ്ക്ക് വിധേയരായെന്ന് സംശയിക്കുന്ന പൗരന്മാരെ കർശനമായി നിരീക്ഷിക്കാൻ സുരക്ഷാ ഏജൻസികൾക്ക് അടിയന്തര നിർദ്ദേശം നൽകി. സ്തനമാറ്റം, ഡബിൾ-ഐലിഡ് ശസ്ത്രക്രിയകൾ പോലുള്ള നടപടിക്രമങ്ങളെയാണ് ഉത്തരവിൽ പ്രത്യേകം ലക്ഷ്യമിട്ടത്. 'സംശയാസ്പദമായ' പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുള്ള നിരീക്ഷണ ഗ്രൂപ്പുകൾക്ക് (Neighbourhood watch groups) രൂപത്തിൽ വ്യത്യാസം തോന്നുന്ന സ്ത്രീകളെ ശ്രദ്ധിക്കാൻ പ്രത്യേക നിർദ്ദേശമുണ്ടായിരുന്നു. തിരിച്ചറിഞ്ഞാൽ, ഈ സ്ത്രീകൾ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി മെഡിക്കൽ പരിശോധനകൾക്ക് വിധേയരാകാം. ചില സന്ദർഭങ്ങളിൽ, ഇത് പരസ്യമായ അപമാനം, വിചാരണ, അല്ലെങ്കിൽ കഠിനമായ ശിക്ഷകൾക്ക് വരെ കാരണമായേക്കാം.

ഈ സംഭവം വടക്കൻ കൊറിയയിലെ വ്യക്തിപരമായ തെരഞ്ഞെടുപ്പുകളിലുള്ള ഭരണകൂടത്തിന്‍റെ അമിതമായ ഇടപെടലിനെക്കുറിച്ച് ആഗോളതലത്തിൽ ചർച്ചകൾക്ക് തിരികൊളുത്തി. അയൽരാജ്യമായ ദക്ഷിണ കൊറിയയിൽ സൗന്ദര്യവർദ്ധക ശസ്ത്രക്രിയ വ്യാപകമായി അംഗീകരിക്കപ്പെടുകയും സാധാരണമാക്കുകയും ചെയ്യുമ്പോൾ, അതിർത്തിക്കപ്പുറം അത് സോഷ്യലിസത്തിനെതിരായ കുറ്റകൃത്യമായിട്ടാണ് ചിത്രീകരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?