53 വർഷങ്ങൾക്ക് മുമ്പ് അന്റാർട്ടിക്കയിൽ കളഞ്ഞുപോയ പേഴ്സ് തിരികെ കിട്ടി, അമ്പരന്ന് 91 -കാരൻ

By Web TeamFirst Published Feb 15, 2021, 11:08 AM IST
Highlights

അന്ന് അവിടെ കൊടും തണുപ്പായിരുന്നു. മാസങ്ങളോളം അവിടെ എങ്ങനെ അതിജീവിച്ചുവെന്ന് അവിടം കണ്ടിട്ടില്ലാത്ത ഒരാളെ പറഞ്ഞ് ബോധ്യപ്പെടുത്തുക എളുപ്പമല്ല എന്നും പോള്‍ പറയുന്നു. 

കളഞ്ഞുപോയ വിലപ്പെട്ട വസ്തുക്കള്‍ തിരികെ കിട്ടുന്നത് സന്തോഷമാണല്ലേ? എന്നാല്‍, 53 വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്‍റാര്‍ട്ടിക്കയില്‍ കളഞ്ഞുപോയൊരു പേഴ്സ് ഉടമയെയും തേടി തിരികെ എത്തുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? എന്നാല്‍, അത് സംഭവിച്ചു. നേവി ഉദ്യോഗസ്ഥനായിരുന്ന പോള്‍ ഗ്രിഷമിനാണ് തനിക്ക് നഷ്ടപ്പെട്ടുപോയ പേഴ്സ് തിരികെ കിട്ടിയത്. 1968 -ല്‍ അന്‍റാര്‍ട്ടിക്കയില്‍ വച്ചാണ് പോളിന് തന്‍റെ പേഴ്സ് നഷ്ടമായത്. കളഞ്ഞുപോയ പേഴ്സില്‍ പോളിന്‍റെ തിരിച്ചറിയല്‍ കാര്‍ഡ് അടക്കം ഉണ്ടായിരുന്നു. ആ തിരിച്ചറിയല്‍ കാര്‍ഡിലെ തന്‍റെ ചെറുപ്പകാലത്തെ ചിത്രം നോക്കി ആശ്ചര്യപ്പെടുകയാണ് അദ്ദേഹമിപ്പോള്‍. പേഴ്സ് തിരിച്ച് കിട്ടിയതോടെ ആ കൊടും തണുപ്പിൽ അന്റാർട്ടിക്കയിൽ കഴിഞ്ഞ നാളുകളെ കുറിച്ചോർക്കുകയാണ് പോൾ.

ഇപ്പോള്‍ 91 വയസായി പോളിന്. 2014 -ൽ മക്മുർഡോ സ്റ്റേഷനിലെ പഴയ കെട്ടിടങ്ങൾ പൊളിക്കുന്നതിനിടെയാണ് അവിടെ ലോക്കറിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട  പേഴ്സ് കണ്ടെത്തിയത്. പോളിനെ കണ്ടെത്തുന്നതിന് മൂന്നുപേരടങ്ങുന്ന ഒരു സംഘം - യുഎസിന്റെ ന്യൂ ഹാംഷെയറിൽ നിന്നുള്ള സ്റ്റീഫൻ ഡെക്കാറ്റോ, മകൾ സാറാ ലിൻഡ്ബർഗ്, ഇന്ത്യാന സ്പിരിറ്റ് ’45 എൻ‌ജി‌ഒയുടെ ബ്രൂസ് മക്കീ എന്നിവർ ശ്രമിച്ചു. ഡെക്കാറ്റോ പണ്ട് അന്റാർട്ടിക്കയിൽ ഗവേഷണം നടത്തുന്ന ഒരു ഏജൻസിയിൽ ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മുൻ ബോസ് ജോർജ്ജ് ബ്ലെയ്സ്ഡെലിന് അദ്ദേഹം പേഴ്സ് എത്തിച്ചു. പിന്നീട്, ഡെക്കാറ്റോയുടെ മകൾ നേവൽ വെതർ സർവീസ് അസോസിയേഷൻ വഴി പോളിനെ കണ്ടെത്തുകയായിരുന്നു.

മക്മുർഡോ സ്റ്റേഷനിലാണ് 1967 മുതൽ 1968 വരെ പോള്‍ താമസിച്ചിരുന്നത്. 13 മാസക്കാലം അന്‍റാര്‍ട്ടിക്കയിലെ തണുപ്പില്‍ ചെലവഴിച്ചതിന്‍റെ ഓര്‍മ്മ പുതുക്കല്‍ കൂടിയായിരുന്നു പോളിന്‍റെ ഈ പേഴ്സ് തിരികെ കിട്ടിയ നിമിഷം. പേഴ്സിനകത്ത് 21 പഞ്ച് ശേഷിക്കുന്ന ഒരു ബിയര്‍ റേഷന്‍ കാര്‍ഡ്, മോട്ടോര്‍ വെഹിക്കിള്‍ ഓപ്പറേറ്റേഴ്സ് ലൈസന്‍സ്, ന്യൂക്ലിയര്‍-കെമിക്കല്‍ അല്ലെങ്കില്‍ ബയോളജിക്കല്‍ ആക്രമണമുണ്ടായാല്‍ എങ്ങനെ നേരിടാമെന്ന നിര്‍ദ്ദേശങ്ങളടങ്ങിയ ഒരു കാര്‍ഡ്, കഹ്‍ലുവ മദ്യം എങ്ങനെയുണ്ടാക്കാമെന്നതിന്‍റെ റെസിപ്പി എന്നിവയാണുണ്ടായിരുന്നത്.

അതാരും ഉപയോഗിച്ചിരുന്നില്ല എന്നതില്‍ ദൈവത്തിന് നന്ദിയുണ്ട് എന്ന് പോള്‍ പറയുന്നു. ശീതയുദ്ധകാലത്താണ് പോളിന് പേഴ്സ് നഷ്ടപ്പെടുന്നത്. ശീതയുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലത്താണ് പേഴ്സ് നഷ്ടപ്പെടുന്നത് എന്നതിനാല്‍ തന്നെ അതില്‍ സുരക്ഷയെ ചൊല്ലിയുള്ള ആശങ്കകളും ഉണ്ടായിരുന്നു. അന്റാർട്ടിക്കയിലെ വേനൽക്കാല പ്രവർത്തനങ്ങളിൽ തിരക്കിലായിരുന്നു അന്ന് നേവി കാലാവസ്ഥാ നിരീക്ഷകനായിരുന്ന പോള്‍. കാലാവസ്ഥ നിരീക്ഷിക്കുക, വിമാനങ്ങൾക്കും കപ്പലുകൾക്കുമായി ഉദ്യോഗസ്ഥരെയും, ഉപകരണങ്ങളും, വസ്തുക്കളുമെല്ലാം വിതരണം ചെയ്യുന്ന റിപ്പോർട്ടുകൾ നല്‍കുകയുമെല്ലാം ചെയ്യുന്ന തിരക്കിലായിരുന്നു അദ്ദേഹം. പിന്നാലെ വരുന്ന കൊടും ശൈത്യത്തിനായുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയായിരുന്നു. അതിനാല്‍ തന്നെ 12 മണിക്കൂറോളം അന്നവിടെ എല്ലാവര്‍ക്കും ജോലി ചെയ്യേണ്ടി വന്നിരുന്നു അന്ന് എന്നും പോള്‍ ഓര്‍ക്കുന്നു. 

അന്ന് അവിടെ കൊടും തണുപ്പായിരുന്നു. മാസങ്ങളോളം അവിടെ എങ്ങനെ അതിജീവിച്ചുവെന്ന് അവിടം കണ്ടിട്ടില്ലാത്ത ഒരാളെ പറഞ്ഞ് ബോധ്യപ്പെടുത്തുക എളുപ്പമല്ല എന്നും പോള്‍ പറയുന്നു. പലപ്പോഴും വീട്ടുകാരെപ്പോലും ഇതൊന്നും പറഞ്ഞ് ബോധ്യപ്പെടുത്താനായിട്ടില്ലെന്നും പോള്‍ ഓര്‍ക്കുന്നുണ്ട്. ഉത്തരധ്രുവത്തേക്കാൾ 50 മുതൽ 75 ഡിഗ്രി വരെ തണുപ്പാണ് ഇവിടെ ഉണ്ടായിരുന്നത്. ഒരു സോഡ പുറത്ത് വച്ചാല്‍ 14 മിനിറ്റിനുള്ളിൽ മരവിച്ച് പൊട്ടിത്തെറിക്കുന്നത്രയും തണുപ്പാണിതെന്നും പോള്‍ പറയുന്നു. എന്നാല്‍, അവിടെയുള്ള ആളുകള്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു. 180 ആണുങ്ങളാണ് അവിടെയന്നുണ്ടായിരുന്നത്. 

സമയം കിട്ടുമ്പോഴെല്ലാം കളിക്കുമായിരുന്നു. പോക്കര്‍ കളിക്കുമ്പോഴെല്ലാം വിജയിക്കുന്നത് പോളായിരുന്നു. ആ തുക ഭാര്യയ്ക്കും മക്കള്‍ക്കും അയച്ചതിന്‍റെ രസീതുകളും പേഴ്സിലുണ്ടായിരുന്നു. ചെസ് കളിക്കാനും തനിക്കിഷ്ടമായിരുന്നു. എന്നാല്‍, ഒരു റഷ്യന്‍ ശാസ്ത്രജ്ഞനുണ്ടായിരുന്നു. അയാളെ തോല്‍പ്പിക്കാന്‍ തനിക്ക് കഴിയാറുണ്ടായിരുന്നില്ലെന്നും പോള്‍ ഓര്‍മ്മിക്കുന്നു. പലപ്പോഴും പുറത്തിറങ്ങാനാവാത്ത തണുപ്പായിരുന്നു. എങ്കിലും പുറത്ത് പോകാന്‍ കഴിയുമ്പോഴെല്ലാം പുറത്ത് പോകുമായിരുന്നു. പര്‍വതാരോഹകനായിരുന്ന സര്‍ എഡ്മണ്ട് ഹിലാരിയെ കണ്ടുമുട്ടിയതിനെ കുറിച്ചും പോള്‍ ഓർക്കുന്നുണ്ട്.

ഏതായാലും അവിടെനിന്നും മാറിയശേഷം അദ്ദേഹം കാലിഫോര്‍ണിയയിലേക്ക് പോയി. പിന്നീട് വിയറ്റ്നാമിലേക്കും. 1977 -ല്‍ 25 വര്‍ഷത്തെ സേവനത്തിനുശേഷം പോള്‍ വിരമിച്ചു. പിന്നീട്, ആദ്യഭാര്യ മരിച്ചശേഷം രണ്ടാമത് വിവാഹം കഴിക്കുകയും മക്കളും കൊച്ചുമക്കളുമെല്ലാം ഉണ്ടാവുകയും ചെയ്തശേഷമാണ് ആ പഴയ പേഴ്സ് പോളിനെ തേടിയെത്തുന്നത്. അദ്ദേഹത്തിന്‍റെ വീട്ടുകാരെല്ലാം സത്യത്തിൽ അമ്പരന്നുപോയി. കൊച്ചുമകളായ ക്രിസ്റ്റീന സലാസര്‍ പേഴ്സ് കണ്ടപ്പോള്‍ കരുതിയത് അതിപ്പോഴും ഉപയോഗിക്കുന്ന പേഴ്സ് ആണെന്നാണ് പറയുന്നു. ഏതായാലും പേഴ്സും പഴയ ഓർമ്മകളും തിരികെ കിട്ടിയ സന്തോഷത്തിലാണ് ഈ 91 -കാരനിപ്പോൾ.

click me!