മിടുക്കിയല്ല, മിടുമിടുക്കി; കൂട്ടുകാരെല്ലാം എയർഹോസ്റ്റസായി, ട്രക്കിന്റെ വളയം പിടിച്ച് 25 -കാരി

Published : Feb 06, 2026, 03:02 PM IST
Neha Thakur

Synopsis

എയർഹോസ്റ്റസ് എന്ന മോഹം ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി മാറിയ യുവതി. ഹിമാചൽ സ്വദേശിനിയായ നേഹ താക്കൂർ. പുരുഷന്മാരുടെ മേഖലയെന്ന് കരുതുന്ന ട്രക്ക് ഡ്രൈവിംഗിലെ വെല്ലുവിളികളെ അതിജീവിച്ച് പ്രചോദനമാവുകയാണ് അവള്‍. 

ട്രക്ക് ഡ്രൈവിംഗ് പുരുഷന്മാരുടെ മാത്രം കുത്തകയാണെന്ന് കരുതുന്ന ഒരു സമൂഹത്തിൽ, അത് തിരുത്തിക്കുറിക്കുകയാണ് ഹിമാചൽ പ്രദേശ് സ്വദേശിനിയായ 25 -കാരി നേഹ താക്കൂർ. എയർഹോസ്റ്റസ് ആകാൻ മോഹമുണ്ടായിരുന്ന നേഹ പക്ഷെ ആയിത്തീർന്നത് ട്രക്ക് ഡ്രൈവറാണ്. അതിൽ ഇന്നവൾ ഏറെ അഭിമാനിക്കുന്നുമുണ്ട്. ബിരുദപഠനത്തിന് ശേഷം എയർ ഹോസ്റ്റസ് ആകാനായിരുന്നു നേഹ ആദ്യം പരിശീലനം നേടിയത്. എന്നാൽ, ആകാശയാത്രകൾ അവളെ അത്രകണ്ട് മോഹിപ്പിച്ചില്ല. ഓഫീസ് ജോലികളോ ഗ്ലാമർ ലോകമോ തന്നെ ആകർഷിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ നേഹ, വാഹനങ്ങൾ ഓടിക്കാനുള്ള തന്റെ താൽപ്പര്യത്തിന് പിന്നാലെ പോകാൻ തീരുമാനിച്ചു.

വീട്ടുകാർ അറിയാതെയായിരുന്നു നേഹയുടെ ആദ്യകാല ഡ്രൈവിംഗ് പരിശീലനം. പിതാവിന്റെ ട്രക്ക് രഹസ്യമായി ഓടിച്ചു പഠിച്ച നേഹ, പിന്നീട് തന്റെ തീരുമാനം വീട്ടുകാരെ അറിയിച്ചു. ആദ്യം അവർ ഞെട്ടിയെങ്കിലും മകളുടെ ആത്മവിശ്വാസത്തിന് മുന്നിൽ അവർ വഴങ്ങി. ഇന്ന് കുടുംബത്തിന്റെ പൂർണ്ണ പിന്തുണ നേഹയ്ക്കുണ്ട്. ലോക്കൽ സർവീസുകളിൽ സാധനങ്ങൾ എത്തിച്ചുകൊണ്ടായിരുന്നു തുടക്കം. എന്നാൽ ഇന്ന് ഡൽഹിയും കടന്നുള്ള ദീർഘദൂര യാത്രകളിൽ വലിയ ട്രക്കുകൾ അനായാസം കൈകാര്യം ചെയ്യാൻ നേഹയ്ക്ക് സാധിക്കുന്നു. തന്റെ ഈ വ്യത്യസ്തമായ ജീവിതം സോഷ്യൽ മീഡിയയിലൂടെ ലോകത്തെ കാണിക്കാൻ തുടങ്ങിയതോടെ നേഹ ഒരു ഇൻഫ്ലുവൻസർ കൂടിയായി മാറി.

4.6 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സാണ് യൂട്യൂബിൽ അവൾക്കുള്ളത്. ഇൻസ്റ്റ​ഗ്രാമിലുമുണ്ട് ആയിരക്കണക്കിന് ആരാധകരും ഫോളോവേഴ്സും. ഒരു ട്രക്ക് ഡ്രൈവറുടെ ജീവിതം അത്ര എളുപ്പമല്ലെന്നും നേഹ പറയുന്നുണ്ട്. കാലാവസ്ഥ പോലും വകവയ്ക്കാതെ രാപ്പകൽ അധ്വാനിക്കേണ്ടി വരുന്നു. കൃത്യസമയത്ത് ഭക്ഷണം പോലും ലഭിക്കാത്ത സാഹചര്യങ്ങളുണ്ട്.

എന്നാൽ, ഇതിനേക്കാളൊക്കെ വേദനയുണ്ടാക്കുന്നത് സമൂഹത്തിൽ നിന്ന് ഡ്രൈവർമാർക്ക് ലഭിക്കുന്ന ബഹുമാനക്കുറവാണെന്ന് നേഹ പറയുന്നു. സ്ത്രീ എന്ന നിലയിൽ ഈ വെല്ലുവിളികൾ ഇരട്ടിയാണെങ്കിലും, തോറ്റു കൊടുക്കാൻ നേഹ തയ്യാറല്ല. താൻ തിരഞ്ഞെടുത്ത പാത ശരിയാണെന്ന ഉറച്ച ബോധ്യത്തോടെ നേഹ തന്റെ യാത്ര തുടരുകയാണ്.

PREV
Read more Articles on
click me!

Recommended Stories

'എന്നെ പിരിച്ചുവിട്ടു, ചെയ്ത വർക്കുകളിൽ അഭിമാനിക്കുന്നു'; പുലിറ്റ്സർ ജേതാവ് വാഷിം​ഗ്ടൺ പോസ്റ്റ് ജേണലിസ്റ്റിന്റെ പോസ്റ്റ്
റീലിന് വേണ്ടി വായിൽ മണ്ണെണ്ണയൊഴിച്ച് ലൈറ്ററിലേക്ക് തുപ്പി, തീ ആളിപ്പടർന്നു, മുഖത്ത് പൊള്ളൽ