
മാധ്യമചരിത്രത്തിലെ തന്നെ ഇരുണ്ട അധ്യായമായി മാറിയിരിക്കയാണ് വാഷിംഗ്ടൺ പോസ്റ്റിലെ കൂട്ടപ്പിരിച്ചുവിടൽ. സുപ്രധാനമായ സ്ഥാനങ്ങളിലിരിക്കുന്നവരും വളരെ പ്രശസ്തരായ മാധ്യമപ്രവർത്തകരും എല്ലാം പിരിച്ചുവിട്ടവരിൽ ഉൾപ്പെടുന്നു. പുലിറ്റ്‌സർ ജേതാവായ മാധ്യമ പ്രവർത്തക മരിസ്സ ജെ ലാങും പിരിച്ചുവിട്ടവരിൽ ഉൾപ്പെടുന്നു. ഇതു സംബന്ധിച്ച് തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിൽ മരിസ്സ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റ് വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ജനുവരി 6 -ലെ 'ക്യാപിറ്റോൾ കലാപം' റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരിൽ ഒരാൾ കൂടിയാണ് മരിസ്സ.
'ഇന്ന് ദി വാഷിംഗ്ടൺ പോസ്റ്റ് എന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു' എന്നാണ് മരിസ്സയുടെ എക്സിലെ (ട്വിറ്റർ) പോസ്റ്റ് തുടങ്ങുന്നത്. 'ഈ സ്ഥാപനത്തിൽ ഞാൻ ചെയ്ത വർക്കുകളിൽ ഞാൻ അഭിമാനിക്കുന്നു - അവാർഡ് നേടിയ വർക്കുകളിൽ മാത്രമല്ല, ഈ മനോഹരമായ പ്രാദേശിക സമൂഹത്തിന്റെ, ആഴത്തിൽ വേരൂന്നിയ മാറ്റങ്ങൾക്ക് കാരണമായ സ്റ്റോറികളിലും ഞാൻ അഭിമാനിക്കുന്നു' എന്നും മരിസ്സ കുറിച്ചിട്ടുണ്ട്. തന്റെ ഇമെയിൽ അഡ്രസ് അടക്കമാണ് മരിസ്സയുടെ പോസ്റ്റ്.
കഴിവ് തെളിയിച്ച, വാഷിംഗ്ടൺ പോസ്റ്റിൽ വളരെ സുപ്രധാനമായ റിപ്പോർട്ടുകൾ നൽകിയ മാധ്യമപ്രവർത്തകർ കൂടിയാണ് പിരിച്ചുവിടപ്പെട്ടിരിക്കുന്നത് എന്നത് വലിയ ഞെട്ടലുണ്ടാക്കുകയും ചർച്ചയായി മാറുകയും ചെയ്തു. മരിസ്സയുടെ പോസ്റ്റിനും നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. 'ഇത് ശരിയല്ല. ആ സ്ഥാപനത്തിലെ ഏറ്റവും മികച്ച റിപ്പോർട്ടർമാരിൽ ഒരാളായിരുന്നു മരിസ്സ. എല്ലാം തെറ്റാണ്, പക്ഷേ ഇതാണ് അതിൽ ഏറ്റവും മോശം' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. മരിസ്സയുടെ റിപ്പോർട്ടുകൾ ഓർമ്മിച്ചുകൊണ്ടും അനേകങ്ങളാണ് അവളുടെ പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. അതേസമയം, വാഷിംഗ്ടൺ പോസ്റ്റിലെ കൂട്ടപ്പിരിച്ചുവിടൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.