'വിധിയുമായുള്ള കൂടിക്കാഴ്‍ച', 1947 ആ​ഗസ്ത് 14 അര്‍ദ്ധരാത്രിയിലെ നെഹ്റുവിന്റെ പ്രസം​ഗം

Published : Aug 11, 2025, 01:05 PM IST
Jawaharlal Nehru

Synopsis

നൂറ്റാണ്ടുകള്‍ നീണ്ട വിജയപരാജയങ്ങളുടെ ചരിത്രത്തിലെവിടെയും കൈവിടാതെ രാജ്യം സൂക്ഷിച്ച ആശയങ്ങളെക്കുറിച്ച് പരാമര്‍ശിച്ച ശേഷമാണ് കഷ്‍ടതയുടെ ഒരു കാലഘട്ടം അവസാനിപ്പിച്ച് രാജ്യം അതിന്റെ ആത്മാവിനെ കണ്ടെത്തുന്ന ദിനം ആഗതമായെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

'ദീര്‍ഘകാലം മുമ്പ് വിധിയുമായി നാം ഒരു സന്ധിയുണ്ടാക്കി, പൂര്‍ണമായിട്ടോ മുഴുവനായ അളവിലോ അല്ലെങ്കിലും അതിന്റെ സാരാംശം ഉള്‍ക്കൊണ്ടുകൊണ്ട് ആ പ്രതിജ്ഞ നിറവേറ്റാനുള്ള സമയം ഇതാ ആഗതമായിരിക്കുന്നു. അര്‍ദ്ധരാത്രിയുടെ മണി മുഴങ്ങുമ്പോള്‍, ലോകം ഉറങ്ങിക്കിടക്കുമ്പോള്‍ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണര്‍ന്നെണീക്കും. ചരിത്രത്തില്‍ അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു നിമിഷം സമാഗതമായിരിക്കുന്നു, നാം പഴയതില്‍ നിന്ന് പുതിയതിലേക്ക് ചുവടുവെയ്‍ക്കുമ്പോള്‍, ഒരു യുഗം അവസാനിക്കുമ്പോള്‍, കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്‍ട്രത്തിന്റെ ആത്മാവ് ശബ്‍ദം കണ്ടെത്തുകയാണ്...'

ഇതായിരുന്നു ആ പ്രസം​ഗത്തിന്റെ തുടക്കം. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് കണ്ണ് തുറന്ന ആ രാത്രി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‍റു നടത്തിയ പ്രസം​ഗത്തിന്റെ തുടക്കം. 20 -ാം നൂറ്റാണ്ടിലെ മഹത്തായ പ്രഭാഷണങ്ങളിലൊന്നായി അറിയപ്പെടുന്ന ആ വാക്കുകളെ 'വിധിയുമായുള്ള കൂടിക്കാഴ്‍ച' എന്നാണ് ചരിത്രം അടയാളപ്പെടുത്തിയത്.

സ്വാതന്ത്ര്യ കൈമാറ്റത്തിന് തൊട്ടുമുമ്പ് 1947 ഓഗസ്റ്റ് 14 -ന് അര്‍ദ്ധരാത്രിയോടടുത്താണ് ഭരണഘടനാ നിര്‍മാണസഭയില്‍ ചരിത്രപരമായ ഈ പ്രഭാഷണം നെഹ്‍റു നടത്തിയത്. രാജ്യത്തിനും അതിലെ ജനങ്ങള്‍ക്കും വിശാല അര്‍ത്ഥത്തില്‍ മാനവികതയ്‍ക്കും വേണ്ടി നിലകൊള്ളുമെന്ന എക്കാലത്തെയും വലിയൊരു പ്രഖ്യാപനമായിരുന്നു ഈ പ്രസംഗത്തിന്റെ ആദ്യഭാഗത്ത് തന്നെയുണ്ടായിരുന്നത്.

നൂറ്റാണ്ടുകള്‍ നീണ്ട വിജയപരാജയങ്ങളുടെ ചരിത്രത്തിലെവിടെയും കൈവിടാതെ രാജ്യം സൂക്ഷിച്ച ആശയങ്ങളെക്കുറിച്ച് പരാമര്‍ശിച്ച ശേഷമാണ് കഷ്‍ടതയുടെ ഒരു കാലഘട്ടം അവസാനിപ്പിച്ച് രാജ്യം അതിന്റെ ആത്മാവിനെ കണ്ടെത്തുന്ന ദിനം ആഗതമായെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. അവസരങ്ങളുടെയും നേട്ടങ്ങളുടെയും കവാടം തുറക്കുന്ന ഈ വേളയില്‍ രാജ്യത്തിന്റെ ഭാവിയിലേക്കുള്ള വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ധൈര്യമുള്ളവരല്ലേ നമ്മളെന്ന ചോദ്യവും ഉയര്‍ത്തി.

സ്വാതന്ത്ര്യലബ്‍ധിയിലൂടെ ഭരണഘടനാ നിര്‍മാണസഭയ്‍ക്ക് മേല്‍ വന്നുചേരുന്ന വലിയ ഉത്തരവാദിത്തങ്ങളെക്കുറിച്ചും, ജനങ്ങളെ പ്രതിനിധീകരിച്ച് ആ സഭയിലിരിക്കുന്നവരുടെ ബാധ്യതകളും ഓര്‍മപ്പെടുത്താന്‍ അദ്ദേഹം മറന്നില്ല. കഷ്‍ടത അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ് രാഷ്‍ട്രസേവനമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. ദാരിദ്ര്യവും അവഗണനയും മഹാമാരികളും അവസര നിഷേധവും അവസാനിപ്പിക്കുന്നതാവണം അതിന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.

എല്ലാവരുടെയും കണ്ണുകളില്‍ നിന്ന് അവസാന തുള്ളി കണ്ണുനീരും തുടച്ചുമാറ്റുകയായിരുന്നു മഹാത്മാക്കളുടെ ലക്ഷ്യം. കണ്ണുനീരും കഷ്‍ടപ്പാടും അവശേഷിക്കുന്നുണ്ടെങ്കില്‍ നമ്മുടെ പ്രവര്‍ത്തനവും അവസാനിക്കാറായിട്ടില്ല. സ്വപ്‍നങ്ങള്‍ക്ക് യാഥാര്‍ത്ഥ്യത്തിന്റെ നിറം പകരാന്‍ കഠിനമായി പരിശ്രമിച്ചുകൊണ്ടേയിരിക്കണം. ആ സ്വപ്‍നങ്ങള്‍ ഇന്ത്യയ്‍ക്കു വേണ്ടിയുള്ളതാണ്. ഒപ്പം അത് മുഴുവന്‍ ലോകത്തിനും വേണ്ടിയുള്ളത് കൂടിയാണ് എന്നും നെഹ്‍റു രാജ്യത്തെ ഓര്‍മിപ്പിച്ചു. നിഷേധാത്‍മകമായ വിമര്‍ശനങ്ങളും പരസ്‍പരമുള്ള പഴിചാരലുകളും അവസാനിപ്പിച്ച് രാഷ്‍ട്ര പുരോഗതിക്കായി കൈകോര്‍ക്കാന്‍ ഓരോ ഭാരതീയനോടും ആ ചരിത്ര പ്രസംഗത്തിലൂടെ നെഹ്‍റു ആഹ്വാനം ചെയ്യുകയും ചെയ്‍തു.

PREV
Read more Articles on
click me!

Recommended Stories

കള്ളൻ വിഴുങ്ങിയത് ഒന്നുംരണ്ടുമല്ല 17 ലക്ഷം വിലയുള്ള പെൻഡൻ്റ്, കാവലിരുന്ന് പൊലീസ്!
29 -ാം വയസ്, പ്രായം കുറഞ്ഞ ശതകോടീശ്വരി, ആരാണ് ലുവാനാ ലോപ്‌സ് ലാറ