
കുട്ടികൾ വീട്ടിൽ വിരുന്നുവന്നാൽ ചിലർക്ക് വല്ലാത്ത ടെൻഷനുണ്ടാവും. അവർ എന്തൊക്കെ എടുക്കും, എന്തൊക്കെ തകർക്കും എന്ന് പറയാൻ പറ്റില്ല. എന്തായാലും, ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ലബുബു പാവയുടെ പേരിൽ ഒരു ചൈനീസ് ഇൻഫ്ലുവൻസർക്ക് അതുപോലെയുണ്ടായത് 400,000 യുവാന്റെ (48,72,360 രൂപ) നഷ്ടമാണ്.
ലബുബു പാവ കൊടുക്കാത്തതിന്റെ പേരിൽ കുട്ടി വീടിന്റെ ഗ്ലാസ് സീലിംഗും ക്രിസ്റ്റൽ വിളക്കും തകർക്കുകയായിരുന്നു. Little Azheng എന്ന ഇൻഫ്ലുവൻസറാണ് ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ സംഭവത്തെ കുറിച്ച് ഷെയർ ചെയ്തത്.
ഒരു ബന്ധു തന്റെ വീട്ടിൽ വന്നു. ഒപ്പം ഒരു ആൺകുട്ടിയും ഉണ്ടായിരുന്നു. വീട്ടിലെത്തിയ ഉടനെ തന്നെ അവൻ തന്റെ ലബുബു പാവയിൽ കണ്ണുവച്ചു. പാവയിൽ വില കൂടിയ ആഭരണങ്ങൾ വച്ച് അലങ്കരിച്ചിരിക്കുകയായിരുന്നു. അവൻ പാവ ആവശ്യപ്പെട്ടെങ്കിലും കൊടുത്തില്ല. അതോടെ അവൻ വലിയ പ്രശ്നമുണ്ടാക്കി. ദേഷ്യപ്പെട്ടു, കരഞ്ഞു എന്ന് ഇൻഫ്ലുവൻസർ പറയുന്നു.
ദേഷ്യം വന്ന കുട്ടി ഒരു റിമോട്ട് കൺട്രോളർ എടുത്തെറിഞ്ഞു. അത് ലിവിംഗ് റൂമിന്റെ 100,000 യുവാൻ (12,18,090 രൂപ) വിലവരുന്ന മിറർ ഗ്ലാസ് സീലിംഗ് തകർത്തു കളഞ്ഞു. ഏകദേശം 300,000 യുവാൻ (36,54,270 രൂപ) വിലവരുന്ന ഒരു ഇറ്റാലിയൻ ക്രിസ്റ്റൽ വിളക്കും കുട്ടി നശിപ്പിച്ചു എന്നും യുവാവ് പറഞ്ഞു.
ഇതിന്റെ ചിത്രങ്ങളും ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ യുവാവ് പങ്കുവച്ചു. വലിയ നഷ്ടമാണ് കുട്ടി തനിക്കുണ്ടാക്കിയത്. ഇത്രയൊക്കെ ചെയ്തിട്ടും അവന് യാതൊരു പശ്ചാത്താപവും ഉണ്ടായിരുന്നില്ല എന്നും യുവാവ് പറഞ്ഞു.
കുട്ടിയുടെ വീട്ടുകാർ മുഴുവൻ പണം തരാൻ തയ്യാറായില്ല. അവർ പാവപ്പെട്ടവരാണ് എന്നും ഇത്രയും തുക നൽകാൻ നിവൃത്തിയില്ല എന്നുമാണ് പറഞ്ഞത്. രണ്ട് ഘട്ടമായി 2,43,618 രൂപയാണ് നൽകിയത് എന്നും യുവാവ് പറഞ്ഞു.
അതേസമയം, ലോകമെമ്പാടും വിലയേറിയ ലബുബു പാവകൾ തരംഗമാവുകയാണ്.