'പെണ്ണ് പഠിച്ചിട്ട് എന്തു ചെയ്യാനാണ്' എന്ന് ചോദിക്കുന്നവരേ, കാതറിനെന്ന കാറ്റിയെ അറിയാമോ?

By Nelson JosephFirst Published Apr 12, 2019, 1:06 PM IST
Highlights

കെട്ടിക്കഴിഞ്ഞു പഠിക്കാമെന്ന് വ്യാജവാഗ്ദാനം നൽകിക്കാണില്ല. പിള്ളേരുണ്ടായിട്ടും പഠിക്കുന്നോരെക്കുറിച്ച് സൂചിപ്പിച്ചുകാണില്ല. പെണ്ണ് ജോലി ചെയ്തിട്ട് എന്തുണ്ടാക്കാനാണെന്ന് അടക്കം പറഞ്ഞുകാണില്ല. പെണ്ണുങ്ങടെ കാര്യം ഇങ്ങനൊക്കെയാണെന്ന് സഹതപിച്ചുകാണില്ല..
 

കാതറിൻ ലൂയി ബോമാൻ എന്നാണവരുടെ പേര്. ബ്ലാക് ഹോളിന്‍റെ ഫോട്ടോയെടുക്കാനുള്ള സൂത്രത്തിന്‍റെ അൽഗോരിതം എഴുതിയ ഇമേജിങ്ങ് സയന്‍റിസ്റ്റ്. പറഞ്ഞുവരുമ്പൊ എന്നെക്കാൾ ഒരു വയസ് കുറവാണ്. വ്യത്യാസം നമ്മളിവിടെ പ്രൊഫൈൽ പിക്ചറിടാൻ പടമെടുക്കുമ്പൊ അവര് ലക്ഷക്കണക്കിനു പ്രകാശവർഷമപ്പുറത്തെ ഫോട്ടോയെടുക്കാൻ കഴിയാത്ത തമോഗർത്തത്തെ എങ്ങനെ കുരുക്കാമെന്ന് കണ്ടുപിടിക്കുന്നു.

അവർക്ക് നോബേൽ പ്രൈസ് പോലെ എന്തെങ്കിലും ഡ്യൂക്കിലി സമ്മാനങ്ങൾ കിട്ടുമായിരിക്കും ദാറ്റ്സ് ഓൾ..

എന്നാൽ,
1989 -ൽ അവര് ജനിച്ചുവീണപ്പൊ 'പെൺകുഞ്ഞാണല്ലോ, കഷ്ട'മെന്ന് ആ മാതാപിതാക്കൾ ആലോചിച്ചിരിക്കില്ല. പ്രസവവിവരമറിഞ്ഞപ്പൊ 'പെണ്ണാണല്ലേ' എന്ന് ബന്ധുക്കൾ സഹതപിച്ചുകാണില്ല. വളർന്നു വരുന്ന കുഞ്ഞു കാറ്റിയോട്, 'മറ്റൊരു വീട്ടിൽ ചെന്നു കയറേണ്ടതാണെ'ന്ന് കൂടെക്കൂടെ ഓർമിപ്പിച്ചുകാണില്ല.

അവളുടെ മനസിൽ വല്ലവരുമുണ്ടോയെന്ന് ചോദിക്കാൻ ശട്ടം കെട്ടിക്കാണില്ല

വിരുന്നിനു വരുന്ന അമ്മായി അടുക്കളയിൽ വച്ച് "അവക്ക് വെപ്പൊക്കെ അറിയാമോടിയേ" എന്ന് കുശുകുശുത്തുകാണില്ല. അവൾ കോളജിൽ ചെന്നപ്പൊ 'പെൺകൊച്ചിനെ അധികം പഠിപ്പിക്കണ്ട, വല്ലവന്‍റെയും കൂടെ ഇറക്കിവിടേണ്ടതല്ലേ'യെന്ന് വല്യപ്പനും വല്യമ്മയും ഉപദേശിച്ചുകാണില്ല.

ഇരുപതു തികഞ്ഞപ്പൊ കല്യാണാലോചന തുടങ്ങിക്കാണില്ല. പ്രായം കൂടിയാൽ ചെക്കനെ കിട്ടില്ലെന്ന് പേടിച്ചുകാണില്ല. ഒന്നും ശരിയായില്ലേയെന്ന് ആശ്ചര്യപ്പെട്ടുകാണില്ല. അവളുടെ മനസിൽ വല്ലവരുമുണ്ടോയെന്ന് ചോദിക്കാൻ ശട്ടം കെട്ടിക്കാണില്ല.

എന്‍റെ കണ്ണടയുന്നതിനു മുമ്പ് നിന്നെയൊരുത്തനെയേല്പിക്കണമെന്ന് ബ്ലാക് മെയിൽ ചെയ്തുകാണില്ല. നിന്‍റെ പ്രായത്തിലുണ്ടായ കുട്ടികളെക്കുറിച്ച് പഴമ്പുരാണം പറഞ്ഞുകാണില്ല. കൂടെ പഠിച്ചവർക്ക് കുട്ടിയായെന്ന് കുറ്റം പറഞ്ഞുകാണില്ല. പെണ്ണിനെ കെട്ടിക്കാൻ കഴിയാതെ നെഞ്ചുരുക്കുന്ന നാട്ടുകാരും കാണില്ല.

ലൈബ്രറിയിൽ വൈകുമ്പൊ പടിയടച്ച് പുറത്തുകിടത്തുന്ന വാർഡനും വീട്ടുകാരുമുണ്ടായിരിക്കില്ല

കെട്ടിക്കഴിഞ്ഞു പഠിക്കാമെന്ന് വ്യാജവാഗ്ദാനം നൽകിക്കാണില്ല. പിള്ളേരുണ്ടായിട്ടും പഠിക്കുന്നോരെക്കുറിച്ച് സൂചിപ്പിച്ചുകാണില്ല. പെണ്ണ് ജോലി ചെയ്തിട്ട് എന്തുണ്ടാക്കാനാണെന്ന് അടക്കം പറഞ്ഞുകാണില്ല. പെണ്ണുങ്ങടെ കാര്യം ഇങ്ങനൊക്കെയാണെന്ന് സഹതപിച്ചുകാണില്ല..

ലൈബ്രറിയിൽ വൈകുമ്പൊ പടിയടച്ച് പുറത്തുകിടത്തുന്ന വാർഡനും വീട്ടുകാരുമുണ്ടായിരിക്കില്ല. ജോലിത്തിരക്കിൽ സമയം പോയതറിയാതെ ഈ ഭൂമിയും ഗാലക്സിയും കടന്ന് നീളുന്ന ചിന്തകളിൽ പിന്നോട്ട് വലിക്കുന്ന ഫോൺ കോളുകളുണ്ടാവില്ല. ഒറ്റയ്ക്ക് തിരിച്ചുനടക്കുമ്പൊ നീളുന്ന നോട്ടങ്ങളും ചോദ്യങ്ങളുമുണ്ടാവില്ല..

ഒടുവിൽ വിവാഹം കഴിഞ്ഞപ്പോൾ വിശേഷമായില്ലേ പെണ്ണേയെന്ന ചോദ്യവുമായി ആ വീടിന്‍റെ പടികയറിക്കാണില്ല. ഇനി അഥവാ ഇതൊക്കെയുണ്ടായിരുന്നെങ്കിലും അതൊക്കെ അവൾ അതിജീവിച്ചിരിക്കുന്നു.

അതുകൊണ്ട്...

അവർ 1000 ജി.ബി കൊള്ളുന്ന അയ്യായിരം ഹാർഡ് ഡിസ്കുകളിലെ ഡാറ്റ വച്ച് ബ്ലാക് ഹോളിന്‍റെ ചിത്രം നിർമിക്കുന്നു. നമ്മളിവിടെ അഞ്ഞൂറ് എം.ബി സിനിമയുടെ സ്ക്രീൻഷോട്ട് വച്ച് ട്രോൾ നിർമിക്കുന്നു.

ലോകത്തോട് മുഴുവൻ പറയാനുള്ള ഒരു വിശേഷം മുപ്പത് വയസ് തികയുന്നതിനു മുമ്പ് അവർക്ക് സ്വന്തമായി

അവർക്ക് ലോകത്തോട് മുഴുവൻ പറയാനുള്ള ഒരു വിശേഷം മുപ്പത് വയസ് തികയുന്നതിനു മുൻപ് അവർക്ക് സ്വന്തമായി.. നമുക്കിവിടെ 'ഫീലിങ്ങ് ഹാപ്പി വിത്ത് ഫ്രണ്ട്സ് ആൻഡ് ഫാമിലി.'

ഒരുപക്ഷേ, നൊബേൽ പോലെയുള്ള വലിയ വലിയ ബഹുമതിയിലേക്കുള്ള യാത്രയിലെ ഒരു കാൽ വയ്പുമായി കാറ്റി യാത്ര തുടരുന്നു. ഇനിയും ഒരുപാട് പെൺകുട്ടികൾക്ക് സ്വപ്നം കാണാനുള്ള വകയുമായി..

Proud of you..

click me!