ഹിറ്റ്‍ലറിന്റെ ജന്മദിനം പരസ്യമായി ആഘോഷിച്ച് നിയോ നാസി സംഘം, പ്രതിഷേധം

Published : May 05, 2022, 03:36 PM IST
ഹിറ്റ്‍ലറിന്റെ ജന്മദിനം പരസ്യമായി ആഘോഷിച്ച് നിയോ നാസി സംഘം, പ്രതിഷേധം

Synopsis

ബിയർ കഫേ അതിന്റെ ഫേസ്ബുക്ക് പേജിൽ സംഭവത്തെ കുറിച്ച് ഒരു നീണ്ട പ്രസ്താവന നൽകിയിരുന്നു. സംഘം ബില്ല് അടച്ച് പോകാനൊരുങ്ങിയപ്പോഴാണ് സംഘത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് തങ്ങൾക്ക് മനസിലായതെന്നും, അതുവരെ ഇതേ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും കഫേ അവകാശപ്പെട്ടു. 

അഡോൾഫ് ഹിറ്റ്‌ലറു(Adolf Hitler)ടെ ചെയ്തികളെ പിന്തുണക്കുന്ന ഒരു നിയോ നാസി സംഘം (Neo-nazi group) ഒരു റെസ്റ്റോറന്റിൽ ഹിറ്റ്‌ലറുടെ ജന്മദിനം പരസ്യമായി ആഘോഷിച്ചത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. മെൽബണിലെ(Melbourne) പ്രശസ്തമായ ഹോഫ് ഡൗൺടൗണിൽ വച്ചായിരുന്നു ആഘോഷം. ഇതിന്റെ ഫോട്ടോകൾ ഓൺലൈനിലൂടെ പുറത്തുവന്നതോടെയാണ് ആളുകൾ സംഭവം അറിയുന്നത്. നാസി സല്യൂട്ട് ചെയ്തും സ്വസ്തിക കേക്ക് മുറിച്ചുമാണ് സംഘം ഹിറ്റ്ലറുടെ പിറന്നാൾ ആഘോഷിച്ചത്.  

ബവേറിയൻ ബിയർ കഫേയിൽ ജന്മദിനം ആഘോഷിക്കാൻ സംഘം തെറ്റായ പേരിലാണ് ബുക്കിംഗ് നടത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പാർട്ടി ആരംഭിച്ചതോടെ തങ്ങൾ മദ്യപിക്കുന്നതിന്റെയും ഭക്ഷണം കഴിക്കുന്നതിന്റെയും നാസി സല്യൂട്ട് ചെയ്യുന്നതിന്റെയും ചിത്രങ്ങൾ അവർ പകർത്തി. ജർമ്മൻ സ്വേച്ഛാധിപതിയുടെ ഫോട്ടോയ്‌ക്കൊപ്പം സ്വസ്തികയിൽ അലങ്കരിച്ച ജന്മദിന കേക്കും മേശപ്പുറത്ത് ഉണ്ടായിരുന്നു.

എന്താണ് സംഭവിക്കുന്നതെന്ന് ഹോഫ് ഡൗൺടൗണിലെ ജീവനക്കാർക്ക് ആദ്യം മനസ്സിലായില്ല. എന്നാൽ, സംഭവം പിടികിട്ടിയതോടെ അവർ പൊലീസിൽ വിവരം അറിയിച്ചു. എന്നാൽ, ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും സംഘം ബില്ലടച്ച് പുറത്തേക്ക് പോയി കഴിഞ്ഞിരുന്നു. ചിത്രങ്ങളിൽ തീവ്ര വലതുപക്ഷ നേതാവ് ടോം സെവെൽ മേശയുടെ തലക്കൽ അഡോൾഫ് ഹിറ്റ്‌ലറുടെ ഒരു ഫോട്ടോ പിടിച്ച് നിൽക്കുന്നത് വ്യക്തമായി കാണാം. സെവെൽ ഒഴികെയുള്ള മറ്റ് അംഗങ്ങളുടെ മുഖം അവ്യക്തമാക്കിയിട്ടാണ് ഫോട്ടോ ഓൺലൈനിൽ പോസ്റ്റ് ചെയ്തത്.

ബിയർ കഫേ അതിന്റെ ഫേസ്ബുക്ക് പേജിൽ സംഭവത്തെ കുറിച്ച് ഒരു നീണ്ട പ്രസ്താവന നൽകിയിരുന്നു. സംഘം ബില്ല് അടച്ച് പോകാനൊരുങ്ങിയപ്പോഴാണ് സംഘത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് തങ്ങൾക്ക് മനസിലായതെന്നും, അതുവരെ ഇതേ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും കഫേ അവകാശപ്പെട്ടു. കേക്കിനെക്കുറിച്ചും തങ്ങൾക്ക് അറിവൊന്നും ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു. 'സംഘം മറ്റേതൊരു ഗ്രൂപ്പിനെയും പോലെ കാണപ്പെട്ടു. അതിൽ സംശയാസ്പദമായി ഒന്നും തോന്നിയില്ല. ഇങ്ങനെ സംഭവിക്കുമെന്ന് ഞങ്ങൾ കരുതിയില്ല' ബുധനാഴ്ച രാത്രി ഫേസ്ബുക്കിൽ കഫെ വിശദീകരിച്ചു. ഒരു തരത്തിലുമുള്ള വംശീയതയെയും ഞങ്ങൾ പിന്തുണയ്ക്കുന്നില്ലെന്നും, സംഭവിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നുവെന്നും, വിഷമിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും കഫേ പ്രസ്താവനയിൽ പറഞ്ഞു.

ഈ ഗ്രൂപ്പിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ ഫെഡറൽ ഗവൺമെന്റിനോട് ആവശ്യപ്പെടണമെന്ന് ആന്റി ഡിഫമേഷൻ കമ്മീഷൻ ചെയർമാൻ ഡോ. ഡിവിർ അബ്രമോവിച്ച് പറഞ്ഞു. 'ആ ചിത്രങ്ങൾ കാണുമ്പോൾ 2022 -ലെ മെൽബണിൽ അല്ല, മറിച്ച് 1930 -കളിലെ നാസി ജർമ്മനിയിലെ ഒരു ഭക്ഷണശാലയിൽ വെച്ചാണ് അത് എടുത്തതെന്ന് തോന്നും' അദ്ദേഹം പറഞ്ഞു. അതേസമയം, നിയോ-നാസി ഗ്രൂപ്പ് അടച്ച ബിൽ തങ്ങൾ സാമൂഹ്യ സേവനത്തിന് സംഭാവനയായി നൽകുമെന്ന് കഫേ അറിയിച്ചു.  


 

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം