നല്ലതു നടന്നാലും പറയണ്ടേ? ഇങ്ങനെയുള്ള പൊലീസുകാരെ കുറിച്ചും നമ്മള്‍ അറിയണം...

By Nazeer HussainFirst Published Jun 4, 2019, 2:48 PM IST
Highlights

കുറച്ചു പേടിയോടെ ആണ് ഞാൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലേക്ക് പോയത്. സലിം എന്ന പോലീസുകാരൻ ആയിരുന്നു എന്റെ മൊഴി എടുത്തത്. വിശദമായി കാര്യങ്ങൾ ചോദിച്ചു. 

ചെറുപ്പം മുതലേ എനിക്ക് പോകാൻ പേടിയുള്ള ഒരു സ്ഥലമായിരുന്നു പൊലീസ് സ്റ്റേഷൻ. സിനിമകളിലും വാർത്തകളിലും മറ്റും കണ്ട പോലീസുകാരുടെ ഇമേജ് മാത്രമല്ല, ചെറുപ്പത്തിൽ അമ്പലപ്പറമ്പിൽ കപ്പലണ്ടി വിറ്റു നടന്നപ്പോൾ ഇടപെടേണ്ടി വന്ന ചില പോലീസുകാരുടെ വിരട്ടലുകളും ഈ പേടിയുടെ പുറകിലുണ്ട്. രണ്ടു മൂന്നാഴ്ച മുമ്പ് നാട്ടിൽ വന്നപ്പോൾ ഈ പേടി പാടെ മാറ്റിയ ഒരു സംഭവമുണ്ടായി.

ബാപ്പയ്ക്ക് സ്ട്രോക്ക് വന്നു മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ഐസിയൂവിൽ ആയിരുന്നു. നോക്കാൻ വേണ്ടി രണ്ടാഴ്ചത്തെ അവധിക്ക് അധികം ആരും അറിയാതെ നാട്ടിൽ വന്നതാണ്. ഐ സി യൂ -വിന് മുന്നിൽ ആയിരുന്നു പകൽ മുഴുവൻ. രാത്രി നല്ല ജെറ്റ്ലാഗ് അടിച്ചു മുറിയിൽ കിടന്നിട്ടും ഉറക്കം വരാത്തത് കൊണ്ട് ഏതാണ്ട് പത്ത് മണിയോടെ ഞാൻ ഒന്ന് നടക്കാൻ ഇറങ്ങി. എം ജി റോഡിൽ നിന്ന് ദർബാർ ഹാൾ റോഡ് വഴി മഹാരാജാസിന്റെ മുൻപിൽ എത്തിയപ്പോഴേക്കും നല്ല ഇരുട്ട്, വഴിയിൽ ഒന്നും ആരുമില്ല. അവിടെയെല്ലാം രാത്രി വൈകിയും ആളുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി. വലിഞ്ഞു നടന്നു മറൈൻ ഡ്രൈവിൽ എത്തി ഒരു കുലുക്കി സർബത്ത് കുടിച്ചു. തിരിച്ചു സരിത തിയേറ്ററിനു മുൻപിലൂടെ എം ജി റോഡ് ലാക്കാക്കി നടക്കുമ്പോൾ എൻറെ തലയുടെ പിറകിൽ ആരോ കല്ല് കൊണ്ട് ഒറ്റയടി.

എന്താണ് സംഭവിച്ചതെന്നറിയാൻ ഒരു നിമിഷമെടുത്തു. കൈകൊണ്ട് അടികിട്ടിയ അവിടെ തൊട്ടു നോക്കിയപ്പോൾ കൈ നിറയെ ചോര. ആരാണ് ചെയ്തത് എന്നറിയാൻ തിരിഞ്ഞു നോക്കിയപ്പോൾ ഇരുണ്ട നിറമുള്ള, ഉയരമുള്ള ഒരാൾ, അടുത്ത അടി വരുന്ന ഒരു സൂചന കിട്ടിയ പാടെ ഞാൻ ജീവനും കൊണ്ട് മുന്നോട്ടു ഓടി. "പൈസ ഉണ്ടോടാ?" എന്നൊരാൾ പിറകിൽ നിന്ന് വിളിച്ചു ചോദിക്കുന്നത് കേട്ടു. വല്ല ഭ്രാന്തന്മാരും ആകണം എന്ന് ഞാൻ മനസ്സിൽ കരുതി. ഓടി സരിതയുടെ മുൻപിൽ നിന്ന് ഒരു ഓട്ടോറിക്ഷ വിളിച്ചു മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് തന്നെ പോയി. അവിടെ എമർജൻസി ഡിപ്പാർട്മെന്റിൽ കാണിച്ചു. നല്ല ഊക്കിൽ അടി കിട്ടിയത് കൊണ്ട്, സി ടി സ്കാൻ എടുത്തു തലയുടെ അകത്തു കുഴപ്പം ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തി. ഒന്ന് രണ്ടു മണിക്കൂർ ഒബ്സെർവേഷനിൽ ആയിരുന്നു. സ്റ്റിച്ച് ഉണ്ടായില്ല, പകരം തല കുറച്ച് ഷേവ് ചെയ്ത് മുറിവ് കൂട്ടിവെച്ച് ഒട്ടിക്കുന്ന സ്റ്റെറിസ്ട്രിപ്സ് ഉപയോഗിച്ച് മുറിവ് കെട്ടി, പിന്നെ റൂമിൽ പോയി കിടന്നുറങ്ങി.

മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ നിന്ന് പോലീസിൽ പറഞ്ഞിരിക്കണം, രാവിലെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നിന്ന് ഒരു പോലീസുകാരൻ വിളിച്ചു. ഞാൻ സംഭവിച്ചത് അതേപടി പറഞ്ഞു. ഹോസ്പിറ്റലിൽ വന്നു മൊഴി എടുക്കാം എന്ന് പറഞ്ഞു, അത് വേണ്ട, ഞാൻ അങ്ങോട്ട് വരാം എന്ന് ഞാനാണ് പറഞ്ഞത്. പകൽ വെളിച്ചത്തിൽ ഇത് നടന്ന സ്ഥലം എനിക്ക് ഒന്ന് കാണണം എന്നുണ്ടായിരുന്നു.

കുറച്ചു പേടിയോടെ ആണ് ഞാൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലേക്ക് പോയത്. സലിം എന്ന പോലീസുകാരൻ ആയിരുന്നു എന്റെ മൊഴി എടുത്തത്. വിശദമായി കാര്യങ്ങൾ ചോദിച്ചു. ഞാൻ നടന്ന കാര്യങ്ങൾ ഒന്ന് കൂടി പറഞ്ഞു. ബാപ്പക്ക് ഇപ്പോൾ എങ്ങിനെ ഉണ്ടെന്നു ചോദിച്ചു. ഒരു പക്ഷെ ഏതെങ്കിലും ഭ്രാന്തൻ അല്ലെങ്കിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന ആരെങ്കിലും ആവാൻ ആണ് സാധ്യത എന്ന് പറഞ്ഞു. സി ഐ യെ കാണാൻ വെയിറ്റ് ചെയ്യുന്ന സമയത്ത് ആ സ്റ്റേഷനിലെ കുറച്ച് കാര്യങ്ങൾ കണ്ടു മനസിലാക്കാൻ സാധിച്ചു.

ഒരു കിലോ കഞ്ചാവുമായി പിടിക്കപ്പെട്ട രണ്ടു ചെറുപ്പക്കാരിൽ ഒരാൾ ഭയങ്കര കരച്ചിൽ ആയിരുന്നു. അയാൾ ഈയടുത്തു കല്യാണം കഴിച്ചതാണെന്നും പെണ്ണിന്റെ അച്ഛൻ ഇതറിഞ്ഞാൽ പെണ്ണിന് ഭയങ്കര നാണക്കേടാണെന്നും പറഞ്ഞ് ആ തടിമാടൻ കരച്ചിലോടു കരച്ചിൽ. എന്റെ മനസിലെ പോലീസുകാർ നല്ല തെറി പറയേണ്ട ഈ സമയത്തു ഈ സ്റ്റേഷനിലെ പോലീസുകാരൻ അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന കാഴ്ച രസകരമായിരുന്നു. അവസാനം അവൻറെ സെൽ ഫോൺ എടുത്തു കൊടുത്തു ഭാര്യയോട് സംസാരിക്കാൻ പറഞ്ഞു അവനെ സമാധാനപ്പെടുത്തി.

കുറച്ചു കഴിഞ്ഞു സി ഐ വിളിപ്പിച്ചു. ഒരിക്കൽ കൂടി ഞാൻ നടന്ന കാര്യങ്ങൾ പറഞ്ഞു. പുള്ളി മൊബൈൽ ഫോൺ എടുത്തു ഒരു ഷാഡോ പോലീസുകാരനോട് വരാൻ പറഞ്ഞു.

"ഇദ്ദേഹത്തിന്റെ ബാപ്പ ഐ സി യുവിൽ ആണ്. ഇവിടെ പോസ്റ്റ് ആക്കി നിർത്താതെ ഒരു ബൈക്കിൽ പെട്ടെന്ന് ഇദ്ദേഹവും ആയി പോയി ഈ സംഭവം നടന്ന സ്ഥലം കണ്ടുപിടിച്ച്, അവിടെ അടുത്തുള്ള സിസിടിവി ഒക്കെ പരിശോധിച്ച് ഇത് ചെയ്തത് ആരാണെന്നു കണ്ടുപിടിക്കാൻ നോക്കൂ." സത്യം പറഞ്ഞാൽ ബാപ്പ ഐ സി യുവിൽ കിടക്കുന്ന കാര്യം എടുത്തു പറഞ്ഞു പെട്ടെന്ന് കാര്യങ്ങൾ ചെയ്യാൻ നിർദ്ദേശം കൊടുക്കുന്ന ലെവലിൽ പോലീസുകാർ പെരുമാറും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

അഞ്ചു മിനിറ്റിൽ ഞാനും ഈ പോലീസുകാരനും ബൈക്കിൽ സംഭവ സ്ഥലത്ത് എത്തി. ഷാഡോ പോലീസുകാരൻ അദ്ദേഹത്തിന്റെ മൊബൈലിൽ അഞ്ചാറ് പേരുടെ ഫോട്ടോ കാണിച്ചു. അതൊന്നും ഞാൻ കണ്ട ആളുടെ മുഖം ആയിരുന്നില്ല. അന്വേഷിച്ചു പിന്നീട് അറിയിക്കാം എന്ന് പറഞ്ഞു എന്നെ തിരിച്ചയച്ചു.

വലിയ പ്രതീക്ഷ ഇല്ലാതെയാണ് പിറ്റേന്ന് കാര്യങ്ങൾ അറിയാൻ ഞാൻ വിളിച്ചു ചോദിച്ചത്. സലിം എന്ന പോലീസുകാരൻ ആണ് ഫോണെടുത്തത്. "നസീർ ഇത് നമ്മൾ പ്രതീക്ഷിച്ച പോലെ അല്ല. ഞങ്ങൾ സി സി ടി വി പരിശോധിച്ചു. അതിൽ നിന്ന് തമിഴ്‌നാട്ടിൽ നിന്ന് ഇവിടെ വന്നു മോഷ്ടിക്കുന്ന ഒരു മുത്തു സെൽവം ആണ് ഇത് ചെയ്തത് എന്നാണ് ഞങ്ങളുടെ അനുമാനം. നസീർ പറഞ്ഞ പോലെ ഉയരമുള്ള, ഇരുണ്ട നിറമുള്ള, വെളുത്ത ഷർട്ടിട്ട ഒരാൾ ആണിത്. ഇയാൾ അന്നെ ദിവസം മൂന്നു സ്ഥലത്തു മോഷ്ടിച്ച ശേഷം മറ്റൊരു സ്ഥലത്തേക്ക് പോകുന്ന വഴിക്കാണ് നസീറിനെ ആക്രമിച്ചത്. ഒരുപക്ഷെ കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ആയിരുന്നിരിക്കണം പ്ലാൻ. നസീർ ഓടി രക്ഷപ്പെടും എന്ന് അയാൾ വിചാരിച്ചു കാണില്ല. ആളെ ഞങ്ങൾക്ക് ഇതുവരെ പിടിക്കാൻ കഴിഞ്ഞിട്ടില്ല."

തൊട്ടുമുമ്പ് ഇയാളുടെ ചിത്രവും മറ്റും ഞാൻ പാത്രത്തിൽ വായിച്ചതെ ഉള്ളൂ. നോക്കിയപ്പോൾ ആൾ ഏതാണ്ട് ഇത് പോലെ തന്നെയാണ്. അയാളെ പിടിച്ചോ ഇല്ലയോ എന്നെനിക്കറിയില്ല, കാരണം ബാപ്പയെ മുറിയിലേക്ക് മാറ്റിയതിൽ പിന്നെ ഞാൻ തിരക്കിലായി പോയി, ഇത് നടന്ന അടുത്ത ആഴ്ച ഞാൻ തിരിച്ചു ഇങ്ങോട്ടു പോരുകയും ചെയ്തു.

ഈ പോലീസ് സ്റ്റേഷൻ അനുഭവം അവർ കാണിച്ച കരുതൽ കൊണ്ടും മാനുഷിക പരിഗണന കൊണ്ടും ഞാൻ വിചാരിച്ചതിന്റെ വിപരീത അനുഭവം ആയിരുന്നു. മനുഷ്യൻ മനുഷ്യനോട് കാണിക്കുന്ന അനുകമ്പയും കരുതലും കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനിൽ നിന്ന് അനുഭവിക്കാൻ കഴിഞ്ഞത് എനിക്ക് വളരെ അധികം ആഹ്ളാദം ഉണ്ടാക്കിയ ഒരു കാര്യമാണ്. ഒരുപക്ഷെ ഇതായിരിക്കാം പൊതുവെ പോലീസ് സ്റ്റേഷനിലെ അനുഭവങ്ങൾ, എനിക്ക് പക്ഷെ ഇതൊരു കണ്ണ് തുറക്കുന്ന അനുഭവം ആയിരുന്നു. നമ്മുടെ നാടും ചില കാര്യങ്ങളിൽ നന്നാവുന്നുണ്ട് എന്നറിയുന്നതിൽ പെരുത്ത് സന്തോഷം.

എന്തെങ്കിലും മോശം ആയി നടന്നാൽ നമ്മുടെ നാട്ടിൽ പരാതി പറയാൻ ആളുകളുടെ പ്രളയമാണ്, പക്ഷെ, നല്ലതു എന്തെങ്കിലും നടന്നാൽ പറയാൻ ആരും ഉണ്ടാവില്ല. ആലോചിച്ചു നോക്കുമ്പോൾ അവർ ചെയ്തത് അവരുടെ ജോലിയാണ് എങ്കിലും നല്ല കാര്യങ്ങൾ നടക്കുമ്പോൾ അത് വിളിച്ചു പറയുന്നത്, ഇനിയും ഇതുപോലെ ആളുകളോട് പെരുമാറാൻ തീർച്ചയായിട്ടും അവർക്കു ഒരു പ്രോത്സാഹനം ആവും.


 

click me!