ഇറ്റിറ്റായാണെങ്കിലും, പിന്നാലെ ഓടിയിട്ടാണെങ്കിലും, കിട്ടുമല്ലോ ഇത്തിരി വെള്ളം...!

Published : Jun 04, 2019, 02:45 PM ISTUpdated : Jun 04, 2019, 02:46 PM IST
ഇറ്റിറ്റായാണെങ്കിലും, പിന്നാലെ ഓടിയിട്ടാണെങ്കിലും, കിട്ടുമല്ലോ ഇത്തിരി വെള്ളം...!

Synopsis

റോഡുപണിക്ക് വെള്ളം തളിക്കാനെത്തിയ ടാങ്കറിന്‌ പിന്നാലെ കുടങ്ങളുമായി ഓടുന്ന സ്ത്രീകളും കുട്ടികളും, കാണാം മഹാരാഷ്ട്രയിലെ വരൾച്ചയുടെ ഞെട്ടിക്കുന്ന കാഴ്ചകൾ..!

വെള്ളം, നമുക്ക് സുലഭമായി കിട്ടുന്ന ഒന്നാണെങ്കിലും, രാജ്യത്തിന്റെ മറ്റുപല ഭാഗങ്ങളിലും അതല്ല അവസ്ഥ. ഇവിടെ റോഡിൽ ഒരു പൈപ്പ് ലൈൻ പൊട്ടിയാൽ ചിലപ്പോൾ വാട്ടർ അതോറിറ്റിക്കാർ വന്ന് ചോർച്ചയടയ്ക്കും വരെ ആയിരക്കണക്കിന് ലിറ്റർ വെള്ളം ചുമ്മാ പാഴായിക്കൊണ്ടിരിക്കും. അതൊന്നും ആരുടേയും ചങ്കു തകർക്കുന്ന കാഴ്ചകളല്ല. 

ഇന്ത്യയുടെ വടക്കൻ പ്രവിശ്യകൾ, പ്രത്യേകിച്ചും വടക്കൻ ബിഹാർ, ഉത്തർ പ്രദേശിലെ ബുന്ദേൽഖണ്ഡ്, മഹാരാഷ്ട്രയിലെ മറാഠ്‌വാഡാ ജില്ലാ എന്നിവ കടുത്ത വരൾച്ചയിലാണ് ഇക്കൊല്ലവും.  മറാഠ്‌വാഡയിലാണെങ്കിൽ കഴിഞ്ഞ 47  വർഷത്തിനിടെ ഏറ്റവും കടുത്ത വരൾച്ചയാണ് അവർ നേരിട്ടുകൊണ്ടിരിക്കുന്നത്.  മറാഠ്‌വാഡ അടക്കമുള്ള മഹാരാഷ്ട്രയിലെ 26  ജില്ലകളിലെ 21,000  ഗ്രാമങ്ങളും കടുത്ത വരൾച്ചയുടെ പിടിയിലാണ്.  ഇതിൽ ഔറംഗാബാദ്, പർഭണി, അഹമ്മദ് ദാഗർ, ധുലെ, ജൽഗാവ്, നാസിക്, നന്ദൂർ ബാർ, ലാത്തൂർ, ,നാഗ്പ്പൂർ , പുണെ, സത്താറ, സാംഗ്ലി, സോലാപൂർ, പാലകർ തുടങ്ങിയ ജില്ലകളിലെ അവസ്ഥ കൂടുതൽ കഷ്ടമാണ്. 

അത് മനസ്സിലാവണമെങ്കിൽ ഔറംഗാബാദിലെ ഫുലംബ്രി താലൂക്കിൽ നിന്നും വന്നിരുന്ൻ ഈ വീഡിയോ കാണണം. അവിടെ റോഡുപണി നടക്കുകയാണ്. റോഡ് പണിയുടെ ഭാഗമായി പൊടിയടിച്ച് കിടക്കുന്ന നിരത്തിൽ ആദ്യം തന്നെ വെള്ളം തളിച്ച് പൊടി അടക്കുന്ന ഒരു ജോലിയുണ്ട്. അതിനായി പ്രത്യേകം ചില സജ്ജീകരണങ്ങളൊക്കെ ഉള്ള ഒരു വാട്ടർ ടാങ്കറും നമ്മൾ റോഡുപണി നടക്കുന്നിടങ്ങളിൽ കണ്ടിട്ടുണ്ടാവും. അത്തരത്തിലുള്ള ഒരു വെള്ളം തളി ടാങ്കർ ഇവിടെയുമെത്തി. റോഡിൽ വെള്ളം തളിച്ചുതുടങ്ങി. വെള്ളം തളിച്ച പൊടി ഒന്നടങ്ങിയാൽ മാത്രമേ റോഡ് കൃത്യമായി നിർമിക്കാൻ സാധിക്കൂ. 

എന്നാൽ ഇവിടെ കണ്ട ദൃശ്യം വളരെ സങ്കടജനകമായ ഒന്നാണ്. സീ മറാത്തി ചാനലാണ് ഈ വാർത്ത നൽകിയത്. 

'ഗ്രാമീണർ ടാങ്കറിന്‌ പിന്നാലെ വെള്ളത്തിനായി ഓടുന്നതിന്റെ ദൃശ്യം. കടപ്പാട്. സീ മറാത്തി.' 

ഈ വെള്ളം തളി ടാങ്കറിന്‌ പിന്നിൽ കയ്യിൽ കുടങ്ങളും ബക്കറ്റുകളുമായി ചുരുങ്ങിയത് അമ്പത് പേരെങ്കിലും കാണും. ടാങ്കറിന്റെ പിന്നാലെ ഓട്ടമാണവർ ഈ കുടവും ബക്കറ്റുമേന്തി. ചെറിയ ഒരു സ്പീഡിൽ വെള്ളം തളിച്ചുകൊണ്ടാണല്ലോ ടാങ്കർ പോവുന്നത്. അതിൽ നിന്നും റോഡിലേക്ക് ഇറ്റു വീഴുന്ന വെള്ളത്തിന്റെ അളവും കുറവാകും. എന്നാൽ ആ പ്രദേശത്ത് ജലത്തിന്റെ കടുത്ത ദൗർലഭ്യം കാരണം ഒരിത്തിരി വെള്ളം കിട്ടാൻ വേണ്ടി എന്ത് കടുംകൈക്കും തയ്യാറാണ്. 

അല്പാല്പമായിട്ടാണ് കിട്ടുന്നതെങ്കിലും, ടാങ്കറിന്‌ പിന്നാലെ ഓടേണ്ടി വരുന്നുണ്ടെങ്കിലും, വെള്ളം നിറയ്ക്കാൻ ഏറെ പെടാപ്പാടു പെടേണ്ടി വരുന്നുണ്ട് എങ്കിലും, അരക്കുടമെങ്കിൽ അരക്കുടം വെള്ളം കിട്ടുന്നുണ്ടല്ലോ അങ്ങനെ. അതുമതി എന്നാണ് അവരുടെ നയം. 

കുട്ടികളും, അമ്മമാരും, അമ്മൂമ്മമാരും ഒക്കെയുണ്ട് ഈ കൂട്ടത്തിൽ. തെരഞ്ഞെടുപ്പടുത്ത വേളയിലും, പ്രചാരണത്തിനിടെയും ഇവിടെല്ലാം നിരവധി രാഷ്ട്രീയക്കാർ വന്നു പോയെങ്കിലും ആരും ഇന്നുവരെ ഇവിടത്തെ ജല ദൗർലഭ്യം പരിഹരിക്കുന്നതിൽ വിജയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വർഷാവർഷം വെള്ളത്തിനായുള്ള ഓട്ടം നിത്യം തുടരുകയാണ് ഈ ഗ്രാമീണർ. മൂന്നോ നാലോ ദിവസത്തിൽ ഒരിക്കൽ ടാങ്കറിൽ സർക്കാർ സംവിധാനം വഴി ലഭ്യമാവുന്ന വെള്ളത്തെ ആശ്രയിച്ചാണ് ഇവിടത്തെ കാര്യങ്ങൾ നടക്കുന്നത്. ചിലപ്പോഴൊക്കെ ആഴ്ചകളോളം അതും മുടങ്ങാറുണ്ട്. വെള്ളം കിട്ടാതെ ചില പ്രദേശങ്ങളിൽ ഗ്രാമീണർ അവർ ജനിച്ചു വളർന്ന വീടും നാടും വിട്ടു പോവുന്ന ഗതികേടുവരെ ഉണ്ടാവുന്നുണ്ട്. 

PREV
click me!

Recommended Stories

കാച്ചിൽ; വലിയ മുതൽമുടക്കില്ല, വിളവും കുടുതൽ
നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി, പിന്നാലെ എഐയെ വിവാഹം ചെയ്ത് യുവതി; പങ്കാളിക്ക് മുന്‍വിധികളില്ലെന്ന് വെളിപ്പെടുത്തൽ