ചൈനയിൽ പുതിയ കൊവിഡ് ഹോട്ട്സ്പോട്ട്, റഷ്യയിൽ നിന്നുള്ള സംക്രമിതരുടെ അനധികൃത നുഴഞ്ഞുകയറ്റം ഈ നഗരത്തിന് തലവേദന

By Web TeamFirst Published Apr 14, 2020, 7:01 AM IST
Highlights

റഷ്യൻ അതിർത്തി കടന്നെത്തുന്ന കൊവിഡ് സംക്രമിതരെക്കുറിച്ച് ഗവൺമെന്റിന്  വിവരം നൽകിയാൽ മുപ്പതിനായിരം രൂപക്ക് തുല്യമായ തുകയാണ് സമ്മാനം.

ചൈനയുടെ ഉത്തര പൂർവ പ്രാന്തപ്രവിശ്യയാണ് ഹെയ്‌ലോങ്‌ജിയാങ്. തൊട്ടപ്പുറം കിടക്കുന്നത് അയൽരാജ്യമായ റഷ്യയാണ്. കൊവിഡ് ബാധയെ പിടിച്ചുകെട്ടി എന്നവകാശപ്പെടുന്നതിനിടെ, സാമാന്യജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ ശ്രമിക്കുന്നതിനിടെ ചൈനീസ് ഗവൺമെന്റിന് തലവേദനയാവുന്നത് ഈ നഗരത്തിൽ നിന്നുള്ള പുതിയ കൊറോണാ വൈറസ് സംക്രമണങ്ങളുടെ റിപ്പോർട്ടുകളാണ്. ഗ്ലോബൽ ടൈംസ് എന്ന പ്രമുഖ ചൈനീസ് ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്തിരിക്കുന്ന കണക്കുകൾ പ്രകാരം, അവിടത്തെ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വർധിച്ച് 257 ആയിരിക്കുകയാണ്.

 

Residents who live in border areas in NE 's Heilongjiang and report on illegal arrivals crossing the border would be awarded 3k yuan ($425) and those who capture illegal arrivals would be awarded 5k yuan, local authorities said amid growing risks of imported cases. pic.twitter.com/dlgTkU9s4e

— Global Times (@globaltimesnews)

ഇന്നത്തെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഇത് കൊവിഡ് വ്യാപനത്തിന്റെ 'പ്രഭവകേന്ദ്ര'മായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന വുഹാൻ നഗരത്തിലേതിനേക്കാൾ അധികമാണ്. ഹുബൈ പ്രവിശ്യയെക്കാൾ അധികമാണ്.  എല്ലാം നിയന്ത്രണാധീനം എന്ന് പറഞ്ഞു നെടുവീർപ്പിടുന്ന ചൈനീസ് ഗവൺമെന്റ് പ്രതിനിധികൾക്ക് ഈ പ്രവിശ്യ സമ്മാനിക്കുന്നത് പുതിയ ആശങ്കകളാണ്. 

രണ്ടുതരത്തിലുള്ള പുതിയ പ്രതിബന്ധങ്ങളാണ് ഇവിടത്തെ കൊവിഡ് ബാധ നിയന്ത്രിക്കുന്നകാര്യം വരുമ്പോൾ ചൈനീസ് സർക്കാർ നേരിടുന്നത്. ഒന്ന്, ഇമ്പോർട്ടഡ് അഥവാ മറ്റു രാജ്യങ്ങളിൽ നിന്ന് ചൈനയിലേക്ക് മടങ്ങിയെത്തുന്നവർ കൊണ്ടുവരുന്ന പുതിയ കേസുകളിന്മേൽ യാതൊരു വിധ നിയന്ത്രണവും ഇല്ലാത്തത്. രണ്ടാമത്തേത് ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരിൽ (asymptomatic) നിന്നുണ്ടാകുന്ന പുതിയ സംക്രമണങ്ങൾ. ലക്ഷണങ്ങൾ തീരെ ഇല്ലാത്ത, അല്ലെങ്കിൽ വളരെ കുറഞ്ഞ ലക്ഷണങ്ങൾ ഉള്ളവരുടെ ടെസ്റ്റ് പോസിറ്റീവ് ആവുന്ന സാഹചര്യമാണുള്ളത്. 

ചൈനയിൽ ഞായറാഴ്ച മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 108 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളാണ്. കഴിഞ്ഞ ഒരാഴ്ചക്കാലത്തെ ഏറ്റവും വലിയ വർദ്ധനവാണിത്. ഇതിൽ 98 കേസുകളും ഇമ്പോർട്ടഡ് ആണ് എന്നാണ് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ പറയുന്നത്. റഷ്യയോട് ചേർന്ന് കിടക്കുന്ന ഹെയ്‌ലോങ്‌ജിയാങ്ങിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 49 കേസുകളാണ്. ഇവർ എല്ലാവരും തന്നെ റഷ്യയിൽ നിന്ന് കരമാർഗം ചൈനയിലേക്ക് തിരികെ വന്ന, ചൈനീസ് പൗരന്മാർ ആണ്. 

റഷ്യയിൽ നിന്ന് ജന്മനാട്ടിലേക്ക് മടങ്ങിവരുന്ന കുടിയേറ്റക്കാർ 

ഹെയ്‌ലോങ്ജിയാങ് സ്വദേശികൾക്ക് പറയാനുള്ള കാരണം ഇതാണ്. തൊട്ടപ്പുറത്തുകിടക്കുന്ന റഷ്യയിലേക്ക് ഉപജീവനാർത്ഥം താത്കാലികമായി കുടിയേറിപ്പാർത്തിട്ടുള്ള പല ചൈനീസ് പൗരന്മാരും തിരികെ വരാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അതിന് ചൈനീസ് സർക്കാരിന്റെ വിലക്കുണ്ട്. അതിർത്തി വിശാലമായങ്ങനെ പരന്നു കിടക്കുന്നതുകൊണ്ട് പൂർണ്ണമായും ഫലപ്രദമായ പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക പ്രായോഗികമല്ല. അതിർത്തി ഇപ്പോഴും റോഡുമാർഗം പൂർണമായും അടച്ചിട്ടുമില്ല ഹെയ്‌ലോങ്ജിയാങ്ങിൽ. അനധികൃതമായ മാർഗ്ഗങ്ങളിലൂടെ അപ്പുറം കടന്നു റഷ്യയിൽ തൊഴിലെടുക്കുന്ന ചൈനീസ് പൗരന്മാർ തിരികെ വരുന്നതും ആ വഴികളിൽ  കൂടിയൊക്കെ തന്നെയായിരിക്കും. അങ്ങനെ വരുന്നവരിൽ കൊറോണാ സംക്രമിതരുണ്ടെങ്കിൽ, നടപടികൾ ഭയന്ന് അവർ അധികൃതരോട് കാര്യം വെളിപ്പെടുത്തില്ല. അവർ വഴി ഉണ്ടാകുന്ന തുടർ സംക്രമണങ്ങൾ തടയുക അസാധ്യമാണ്. 

 

 

അതുകൊണ്ടുതന്നെ ഇങ്ങനെ സർക്കാരിന്റെ കണ്ണുവെട്ടിച്ച തിരികെ കൊറോണയുമായി വന്നെത്തുന്നവരെ കണ്ടെത്തി കൈകാര്യം ചെയ്യുനതിലേക്കായി ഇൻഫോർമർമാരുടെ ഒരു ശൃംഖല തന്നെ ചൈനീസ് അധികാരികൾ കെട്ടിപ്പടുത്തിട്ടുണ്ട്. അസുഖവുമായി അതിർത്തികടന്നു നുഴഞ്ഞുകയറി തിരിച്ചെത്തുന്ന പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് വൻതുകകൾ പ്രതിഫലമായി വാഗ്ദാനം ചെയ്തിട്ടുമുണ്ട് സർക്കാർ. റഷ്യൻ അതിർത്തി കടന്നെത്തുന്ന കൊവിഡ് സംക്രമിതരെക്കുറിച്ച് ഗവൺമെന്റിന്  വിവരം നൽകിയാൽ മുപ്പതിനായിരം രൂപക്ക് തുല്യമായ തുകയാണ് സമ്മാനം. കൊവിഡ് പോസിറ്റീവ് ആയി റഷ്യയിൽ നിന്ന് തിരികെ ഒളിച്ചും പാർത്തും തിരികെ വന്നെത്തുന്ന ചൈനീ കുടിയേറ്റക്കാരെ പിടികൂടുന്നവർക്ക് അമ്പതിനായിരം രൂപയും.

സ്വാഭാവികതയിലേക്കുള്ള മടക്കത്തിൽ ഒളിഞ്ഞിരിക്കുന്ന പകർച്ചാ സാദ്ധ്യതകൾ
 
ചൈനയിൽ സ്ഥിതിഗതികൾ സ്വാഭാവികതയിലേക്ക് മടങ്ങുമ്പോൾ, അതുവരെ അടഞ്ഞു കിടന്ന പല യാത്രാമാർഗ്ഗങ്ങളും തുറക്കപ്പെടുന്ന സാഹചര്യമുണ്ട്. അങ്ങനെ വരുമ്പോൾ, അനധികൃതമാർഗ്ഗങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന ഇമ്പോർട്ടഡ് രോഗികൾ അധികാരികളുടെ കണ്ണിൽ പെടാതെ വന്നെത്താനും, അവർ തുടർ സംക്രമണങ്ങൾ ഉണ്ടാക്കാനും സാധ്യത അവശേഷിക്കുന്നുണ്ട്. ഇത് ചൈനയ്ക്ക് പുതിയ തലവേദന ആയി മാറുകയാണ്.

എന്തായാലും പുതിയ കേസുകളുടെ വെളിച്ചത്തിൽ  ഹെയ്‌ലോങ്‌ജിയാങ്ങിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്. ഹെയ്‌ലോങ്‌ജിയാങ്ങിന് തൊട്ടടുത്ത് കിടക്കുന്ന ഹാർബിൻ, സൂയ്ഫിൻ എന്നിവ വളരെ നിർണായകമായ രണ്ടു പ്രദേശങ്ങളാണ്. നാളെ പ്രശ്നം വ്യാപിക്കാൻ ഇടയുള്ള രണ്ടിടങ്ങളാണിവ. രണ്ടു നഗരങ്ങളിലും ഇന്ന് ആളനക്കം പാടെ നിലച്ച മട്ടാണ്. ഇവിടെ നിന്ന് ബീജിങ്ങിലേക്ക് വെറും 1000 മൈൽ ദൂരം മാത്രമാണുള്ളത്. 

ഔദ്യോഗിക കണക്കുകളുടെ സുതാര്യത 

യുകെ ഗവണ്മെന്റ് വിശ്വസിക്കുന്നത് ചൈന റിപ്പോർട്ട് ചെയ്തതിന്റെ 15 മുതൽ 40 ഇരട്ടിവരെ കൊറോണാവൈറസ് സംക്രമണങ്ങൾ രാജ്യത്ത് നടന്നിട്ടുണ്ടാകും എന്നാണ്. മരണങ്ങളുടെ എണ്ണത്തിലും ഏതാണ്ട് അത്രയൊക്കെത്തന്നെ കുറച്ചു പറഞ്ഞിട്ടുണ്ട് ചൈനീസ് ഗവൺമെന്റ് എന്നാണ് യുകെ കരുതുന്നത്. ചൈന ഇന്നോളം സമ്മതിച്ചിട്ടുള്ളതുവെച്ച് അവിടെയുണ്ടായിട്ടുള്ളത് ആകെ 81,953 കൊവിഡ് ബാധകളും 3,339 മരണങ്ങളും മാത്രമാണ്. യുകെ സംശയിക്കുന്നതുവെച്ച് ചൈനയിൽ ചുരുങ്ങിയത് പന്ത്രണ്ടു ലക്ഷം പേരെങ്കിലും മരിച്ചിട്ടുണ്ടാവണം.

 

 

ചൈനയിൽ സത്യത്തിൽ എത്രപേർക്ക് അസുഖം പിടിപെട്ടു, എത്രപേർ മരിച്ചു, എത്ര പേർ സുഖം പ്രാപിച്ചു എന്നൊന്നും അറിയുക സാധ്യമല്ല എന്നാണ് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവുപോലും കരുതുന്നത്. പ്രസിഡന്റ് ട്രംപും അങ്ങനെ തന്നെ സൂചിപ്പിച്ചുകൊണ്ടാണ്,"ചൈന മുന്നോട്ടുവെക്കുന്ന കണക്കുകൾ വളരെ കുറവാണ് " എന്ന് പറഞ്ഞത്. കണക്കുകളിൽ ചൈന വെള്ളം ചേർക്കുന്നുണ്ട് എന്നാണ് സിഐഎയുടെ റിപ്പോർട്ടും സൂചിപ്പിക്കുന്നത്.

അറുപതുകളിൽ മാവോ കൊണ്ടുവന്ന 'ഗ്രേറ്റ് ലീപ്പ് ഫോർവേഡ്' കാലത്തുണ്ടായ ഗ്രേറ്റ് ഫാമിൻ അഥവാ കൊടിയ ക്ഷാമകാലത്ത് നടന്ന മരണങ്ങൾ ലോകരാജ്യങ്ങൾക്ക് മുമ്പിൽ തുറന്നു സമ്മതിക്കുന്നതിൽ ചൈന കാണിച്ച അതേ സുതാര്യതക്കുറവ് കൊറോണസംക്രമണങ്ങളുടെ കാര്യത്തിലും, ലോകരാഷ്ട്രങ്ങളോട്   ചൈനയ്ക്കുണ്ട് എന്നതാണ് അന്താരാഷ്ട്ര തലത്തിൽ ചൈനയ്‌ക്കെതിരെ ഉയരുന്ന പ്രധാന വിമർശനം. ജിഡിപി നിരക്കുകൾ തൊട്ട് പ്രതിരോധ ബജറ്റിനുള്ള വകയിരുത്താൻ വരെ അന്താരാഷ്ട്ര മാധ്യമങ്ങളോട് ചൈനീസ് അധികാരികൾ പറയുന്ന ഒരു കണക്കിലും സത്യമില്ല എന്ന് പലരും ആക്ഷേപിക്കുന്നുണ്ട്. ഡിസംബറിൽ കൊറോണാ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു ശേഷം മാർച്ച് 10 -ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ആദ്യമായി വുഹാൻ സന്ദർശിച്ചതിന് തൊട്ടുപിന്നാലെ സ്വിച്ചിട്ടപോലെ അവിടത്തെ മരണനിരക്കും സംക്രമണ നിരക്കും ഒക്കെ നിന്നതിലും പലരും ഒരത്ഭുതവും കാണുന്നില്ല. ഹെയ്‌ലോങ്‌ജിയാങ്ങിൽ നിന്ന് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകളും അതുപോലൊരു സന്ദർശനത്തോടെ പെട്ടെന്ന് നിൽക്കുമെന്ന അഭ്യൂഹവും ശക്തമാണ്. 

click me!