
പശ്ചിമ ബംഗാളിൽ 110 വയസ്സായ വയോധികയ്ക്ക് പുതിയ പല്ലും മുടിയും വളർന്നതിനെ തുടർന്ന് പുതിയ ജന്മദിനം ആഘോഷമാക്കി കുടുംബാംഗങ്ങൾ. പശ്ചിമ ബംഗാളിലെ ബഡ്ജ് ബഡ്ജ് നിയോജക മണ്ഡലത്തിലെ സഖിബാല മൊണ്ടൽ എന്ന മുത്തശ്ശിയെയാണ് കുടുംബാംഗങ്ങളും ഗ്രാമവാസികളും ചേർന്ന് ഈ അപൂർവതയ്ക്ക് ആദരിച്ചത്. മുത്തശ്ശിയുടെ പുതിയ ജന്മദിനം എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ചത്.
തൻറെ 110 -ാമത്തെ വയസ്സിൽ 80 വയസ്സുള്ള മകൾക്കും കൊച്ചുമക്കൾക്കും അവരുടെ മക്കളും അടങ്ങുന്ന നിരവധി തലമുറകൾക്ക് ഒപ്പം ആണ് സഖിബാല മൊണ്ടൽ 'പുതിയ' ജന്മദിനം ആഘോഷിച്ചത്. എല്ലാ ജന്മദിനാഘോഷങ്ങളും പോലെ തന്നെ അവർ കേക്കുമുറിച്ചും പ്രിയപ്പെട്ടവർക്ക് മധുരം പങ്കുവെച്ചും ആഘോഷത്തിൽ പങ്കുചേർന്നു. സഖിബാല മൊണ്ടലിന്റെ ശരീരത്തിൽ വളർന്ന മുടിയും പല്ലുകളും ഏറെ കൗതുകത്തോടെയാണ് ബന്ധുക്കളും പ്രിയപ്പെട്ടവരും വീക്ഷിച്ചത്. ഒരു കൊച്ചു കുഞ്ഞിനെ എന്ന പോലെയാണ് ഇപ്പോൾ ഇവരുടെ ബന്ധുക്കൾ ഈ മുത്തശ്ശിയെ പരിഗണിക്കുന്നത്. സന്തോഷം പങ്കുവയ്ക്കുന്നതിനായി കുടുംബാംഗങ്ങൾ ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും പഴങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു.
ഇത്തരത്തിൽ ഒരു സംഭവം അപൂർവമാണ് എന്നാൽ അസാധ്യമല്ല എന്നാണ് ദന്ത ഡോക്ടർ ആയ ശ്യാമൾ സെൻ അഭിപ്രായപ്പെട്ടത്. ഒരു വർഷം മുമ്പ് ഘട്ടലിൽ 100 വയസ്സുള്ള ഒരു സ്ത്രീക്ക് ഇത്തരത്തിൽ പുതിയ പല്ലുകൾ മുളച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. സസ്തനികളായ ജീവികളെ സംബന്ധിച്ചിടത്തോളം പല്ലുകളും മുടികളും എപ്പോൾ വേണമെങ്കിലും വരാമെന്നും അദ്ദേഹം സൂചിപ്പിച്ചു. പലപ്പോഴും പ്രായാധിക്യം ഏറുംതോറും ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് കുറയുന്നതിനാലാണ് പുതിയ പല്ലുകളും മുടികളും വളരാത്തത്. അതിനാൽ ഈ പ്രായത്തിൽ മണ്ടലിന്‍റെ കാര്യത്തിൽ സംഭവിച്ചത് അപൂർവ്വം എന്ന് തന്നെ വിശേഷിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.