
മരണാനന്തര ജീവിതത്തെ കുറിച്ചുള്ള ആശങ്ക മനുഷ്യനുള്ള കാലത്തോളം നിലനില്‍ക്കുന്നതാണ്. മരണത്തെ അതിജീവിക്കുന്നതിനായുള്ള വഴികളാണ് മനുഷ്യന്‍റെ ഓരോ അന്വേഷണവും. മരണാനന്തരം ജീവിന് എന്ത് സംഭവിക്കുമെന്നതിനെ കുറിച്ച് മനുഷ്യന് ഇന്നും കൃത്യമായ ഉത്തരമില്ല. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും മരിച്ച പക്ഷികളെ പറത്താനുള്ള ശ്രമത്തിലാണ് മെക്സിക്കോയിലെ ചില ശാസ്ത്രജ്ഞര്‍. സൊകോറോയിലെ ന്യൂ മെക്‌സിക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിംഗ് ആൻഡ് ടെക്‌നോളജിയില്‍ ടാക്‌സിഡെർമി വഴി സംരക്ഷിച്ചിരിക്കുന്ന പക്ഷികളെ പറത്താനുള്ള ശ്രമത്തിലാണ് അവര്‍.
മൃതദേഹത്തില്‍ നിന്നും തൊലിമാത്രം ഉരിച്ചെടുത്ത് അതിനുള്ളില്‍ ചകിരിനാരോ പഞ്ഞിയോ നിറത്ത് സ്റ്റഫ് ചെയ്ത് സംരക്ഷിക്കുന്നതിനെയാണ് ടാക്സിഡെര്‍മി എന്ന് വിളിക്കുന്നത്. ഇത്തരത്തില്‍ സ്റ്റഫ് ചെയ്ത പക്ഷികളെ ഡ്രോണുകളാക്കി മാറ്റിയാണ് പറത്താന്‍ ഉദ്ദേശിക്കുന്നത്. വന്യജീവി ഗവേഷണത്തിന് പാരമ്പര്യേതര സമീപനത്തിലൂടെ ചത്ത പക്ഷികൾക്ക് പുതിയ ജീവിതം നൽകുന്ന പദ്ധതികളാണ് ന്യൂ മെക്സിക്കോയിലെ ശാസ്ത്രജ്ഞർ തയ്യാറാക്കുന്നത്. സൊകോറോയിലെ ന്യൂ മെക്‌സിക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിംഗ് ആൻഡ് ടെക്‌നോളജിയിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് ടാക്‌സിഡെർമി വഴി സംരക്ഷിച്ചിരിക്കുന്ന പക്ഷികളെ വീണ്ടും പറത്തുന്നതിനായി ഡ്രോണുകളാക്കി മാറ്റുന്നത്.
കൃത്രിമ, മെക്കാനിക്കൽ പക്ഷികൾ താൻ ആഗ്രഹിച്ച ഫലം നൽകിയില്ലെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന മെക്കാനിക്കൽ എഞ്ചിനീയറിംഗ് പ്രൊഫസറായ ഡോ. മൊസ്തഫ ഹസ്സനാലിയൻ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ടാക്സിഡെര്‍മി ചെയ്ത് സൂക്ഷിച്ച പക്ഷികളെ ഡ്രോണുകളാക്കി മാറ്റാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറയുന്നു. ടാക്‌സിഡെർമി പക്ഷി ഡ്രോണുകൾ ഇപ്പോള്‍ തന്നെ സർവ്വകലാശാലയിലെ ഒരു കൂട്ടിൽ പരീക്ഷിച്ചുവരുന്നു. ഇവയുപയോഗിച്ച് ആട്ടിൻകൂട്ടങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനൊപ്പം വ്യോമയാന വ്യവസായ രംഗത്തും ഉപയോഗിക്കാമെന്നും ഹസ്സനാലിയൻ പറഞ്ഞു.
"ഈ പക്ഷികൾ തങ്ങൾക്കിടയിലുള്ള ഊർജ്ജം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് നമ്മൾ പഠിച്ചാൽ, കൂടുതൽ ഊർജ്ജം ലാഭിക്കാനും കൂടുതൽ ഇന്ധനം ലാഭിക്കാനും ഭാവി വ്യോമയാന വ്യവസായത്തിന് പ്രയോഗിക്കാനും കഴിയും" അദ്ദേഹം പറഞ്ഞു. നിലവിലെ ടാക്‌സിഡെർമി ബേർഡ് പ്രോട്ടോടൈപ്പ് പക്ഷികള്‍ പരമാവധി 20 മിനിറ്റ് മാത്രമാണ് പറക്കുന്നത്. അതിനാൽ അതിനെ എങ്ങനെ കൂടുതൽ നേരം പറത്താമെന്ന് കണ്ടെത്തണം. മാത്രമല്ല ജീവനുള്ള മറ്റ് പക്ഷികൾക്കിടയിൽ പറന്ന് കാട്ടിൽ പരിശോധന നടത്തുക എന്നതാണ് അടുത്ത ഘട്ടമെന്ന് ഹസ്സനാലിയൻ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ടാക്സിഡെര്‍മി പക്ഷികള്‍ സൈനികരംഗത്തേക്ക് എത്തിയാല്‍ അത് എന്ത്മാത്രം അപകടരമാകുമെന്നതിനെ കുറിച്ചുള്ള ആശങ്കകളും പിന്നാലെ ഉയര്‍ന്നു. 2022 ഓക്ടോബര്‍ 15 ന് ന്യൂയോർക്ക് സിറ്റിയിൽ ഒരു റാലി നടന്നിരുന്നു. വലതുപക്ഷവും റിപ്പബ്ലിക്കൻ പാർട്ടിയും ഗൂഢാലോചന സിദ്ധാന്തക്കാരും ഉള്‍പ്പെട്ട റാലിയിലെ പ്രധാന ആരോപണം പൗരന്മാരെ നിരീക്ഷിക്കുന്നതിനായി പ്രാവുകളെയും മറ്റ് പക്ഷികളെയും സർക്കാർ ഡ്രോണുകളാക്കി ഉപയോഗിക്കുന്നു എന്നതായിരുന്നു.