
അഫ്ഗാനിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസത്തിനായി താലിബാൻ സർക്കാർ പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. അഫ്ഗാൻ സ്ത്രീകൾക്ക് യൂണിവേഴ്സിറ്റിയിൽ പ്രവേശനം അനുവദിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി അബ്ദുൽ ബാഖി ഹഖാനി പറഞ്ഞു. എന്നാൽ, പുരുഷന്മാർക്കൊപ്പം ഇരുന്ന് പഠിക്കാൻ അനുവദിക്കില്ലെന്നും ഇയാൾ വ്യക്തമാക്കി. അഫ്ഗാൻ സർവകലാശാലകളെ ലിംഗഭേദമനുസരിച്ച് വേർതിരിക്കുമെന്നും പുതിയ ഡ്രസ്കോഡ് അവതരിപ്പിക്കുമെന്നും താലിബാൻ പറഞ്ഞു.
വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന വിഷയങ്ങളും വിശദമായി പരിശോധനയ്ക്ക് വിധേയമാക്കുമെന്നും, ക്ലാസുകൾ ഇസ്ലാമിക നിയമത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും ഇയാൾ പ്രഖ്യാപിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുകളിൽ താലിബാൻ തങ്ങളുടെ പതാക ഉയർത്തിയതിന് തൊട്ടുപിന്നാലെയാണ് സർക്കാരിന്റെ ഈ പുതിയ വിദ്യാഭ്യസ നയപ്രഖ്യാപനം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിന്ന് ഒരു മാസം മുമ്പാണ് താലിബാൻ അധികാരം പിടിച്ചെടുത്തത്. എന്നാൽ, അതിന് മുൻപ് മുൻപ് വിദ്യാർത്ഥിനികൾക്ക് പ്രത്യേകം ഡ്രസ് കോഡ് ഉണ്ടായിരുന്നില്ല. സർവ്വകലാശാലകളിൽ പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് ഇരുന്നായിരുന്നു പഠനം. പക്ഷേ, ഇപ്പോൾ വന്ന ഈ പുതിയ മാറ്റാതെ കുറിച്ച് ഹഖാനി പറയുന്നത്: "മിശ്ര-വിദ്യാഭ്യാസ സമ്പ്രദായം അവസാനിപ്പിക്കുന്നതിൽ ഒരു പ്രശ്നവുമില്ല. ഞങ്ങളുടെ ആളുകൾ മുസ്ലീങ്ങളാണ്, അവർക്ക് ഇത് സ്വീകാര്യമാകും" എന്നാണ്.
അതേസമയം, സർവകലാശാലകളിൽ സ്ത്രീകളെ പഠിപ്പിക്കാൻ വേണ്ട അധ്യാപികമാർ ഇല്ലെന്നും, ഇത് സ്ത്രീകൾക്ക് പഠിക്കാനുള്ള അവസരം ഇല്ലാതാക്കുമെന്നുമുള്ള ഒരാശങ്ക ചിലർ പ്രകടിപ്പിച്ചു. എന്നാൽ, ആവശ്യത്തിന് അധ്യാപികമാരുണ്ടെന്നും, ഇല്ലെങ്കിൽ ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തുമെന്നും ഹഖാനി പറഞ്ഞു. ഒരു വഴിയും ഇല്ലെങ്കിൽ പുരുഷ അധ്യാപകർ ഒരു തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് പഠിപ്പിക്കുകയോ, സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠിപ്പിക്കുകയോ ചെയ്യുമെന്ന് ഇയാൾ കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്ഥാനിലുടനീളം പ്രൈമറി, സെക്കൻഡറി സ്കൂളുകളിൽ പെൺകുട്ടികളെയും ആൺകുട്ടികളെയും വേറെ വേറെ ഇരുത്തിയായിരിക്കും ഇനി പഠിപ്പിക്കുക. സ്ത്രീകൾ ഹിജാബ് ധരിക്കേണ്ടിവരും. എന്നാൽ, മുഖം മറക്കണോ എന്ന് ഹഖാനി വ്യക്തമാക്കിയിട്ടില്ല. വിദ്യാർത്ഥികളുടെ സിലബസിലും മാറ്റങ്ങൾ ഉണ്ടാകും. ഇസ്ലാമികവും ചരിത്രപരവുമായ മൂല്യങ്ങൾക്കനുസൃതമായിരിക്കും പുതിയ പാഠ്യപദ്ധതി. അതേസമയം മറ്റ് രാജ്യങ്ങളിലെ സർവ്വകലാശാലകളുമായി കിടപിടിക്കാൻ സാധിക്കുന്ന കഴിവുറ്റ വിദ്യാർത്ഥികളെ വാർത്തെടുക്കകയെന്നതാണ് ലക്ഷ്യമെന്നും ഇയാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2001 -ൽ താലിബാനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്തതിനുശേഷം, അഫ്ഗാനിസ്ഥാനിൽ വിദ്യാഭ്യാസ പ്രവേശന നിരക്കും, സാക്ഷരതാ നിരക്കും മെച്ചപ്പെട്ടു, പ്രത്യേകിച്ച് പെൺകുട്ടികളുടെയും, സ്ത്രീകളുടെയും. യുണൈറ്റഡ് നേഷൻസ് വിദ്യാഭ്യാസ ശാഖയായ യുനെസ്കോയുടെ സമീപകാല റിപ്പോർട്ടിൽ പറയുന്നത്, കഴിഞ്ഞ താലിബാന്റെ പിന്മാറ്റത്തിന് ശേഷമുള്ള 17 വർഷങ്ങളിൽ പ്രാഥമിക വിദ്യാലയത്തിലെ പെൺകുട്ടികളുടെ എണ്ണം പൂജ്യത്തിൽ നിന്ന് 2.5 മില്ല്യണായി വർദ്ധിച്ചു എന്നാണ്. ഒരു ദശകത്തിനുള്ളിൽ സ്ത്രീ സാക്ഷരതാ നിരക്ക് ഏകദേശം 30 ശതമാനായി വർധിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.