കഴുത്തിൽ ചുവന്ന പൊട്ടുപോലൊരു അടയാളം, പുതിയ ഇനം പാമ്പിനെ കണ്ടെത്തി

Published : Aug 17, 2021, 01:44 PM IST
കഴുത്തിൽ ചുവന്ന പൊട്ടുപോലൊരു അടയാളം, പുതിയ ഇനം പാമ്പിനെ കണ്ടെത്തി

Synopsis

2007 -ൽ അസമിലെ കച്ചാർ ജില്ലയിലെ ബറയിൽ ഹിൽ റേഞ്ചിലും പരിസരത്തും നടത്തിയ ഒരു സർവേയിലാണ് ഈ ഇനത്തെ ആദ്യമായി കണ്ടെത്തുന്നത്. തുടർന്നുള്ള വർഷങ്ങളിൽ ഈ ഇനത്തിൽപെട്ട 10 എണ്ണത്തെ കൂടി താഴ്ന്ന പ്രദേശങ്ങളിൽ നിന്നും കണ്ടെത്തി ശേഖരിച്ചു. 

അസമിൽ ഒരു പുതിയ ഇനം പാമ്പിനെ കണ്ടെത്തി. പുതിയ ഇനത്തിന്റെ കഴുത്തിൽ ചുവന്ന പൊട്ടുപോലൊരു അടയാളമുണ്ട്. ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റി, ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി ഓഫ് മ്യൂസിയം എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഈ പുതിയ ഇനത്തെ കണ്ടെത്തിയത്. ഈ അപൂർവ ഇനത്തിന് റബ്ഡോഫിസ് ബിന്ദി എന്നാണ് പേര് നല്കിയിരിക്കുന്നത്. അതിന്റെ കഴുത്തിൽ കാണപ്പെടുന്ന ബിന്ദി പോലുള്ള അടയാളം കൊണ്ടാണ് അതിന് ഈ പേര് നൽകിയതെന്ന് ഗവേഷകരിൽ ഒരാളായ അഭിജിത് ദാസ് പറഞ്ഞു.

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് 100 വർഷത്തിനിടെ ആദ്യമായാണ് ഇത്തരത്തിൽ ഒരു കണ്ടെത്തലുണ്ടാകുന്നത്. മൃഗങ്ങളുടെ ടാക്സോണമിസ്റ്റ് ജേണലായ സൂട്ടാക്‌സയിലാണ് ഈ കണ്ടുപിടിത്തത്തിന്റെ വാർത്ത ആദ്യമായി പ്രസിദ്ധീകരിച്ചത്. ഈ പാമ്പ് റാബ്ഡോഫിസ് വർ​ഗത്തിൽ പെട്ടതാണ്. എന്നിരുന്നാലും, കഴുത്തിലെ ചുവന്ന അടയാളം മറ്റ് 29 ഇനങ്ങളിൽ നിന്ന് അതിനെ വ്യത്യസ്തമാക്കുന്നു. റാബ്ഡോഫിസ് വർ​ഗം ഏഷ്യയുടെ തെക്ക്, കിഴക്ക്, തെക്കുകിഴക്കൻ ഭാഗങ്ങളിലാണ് സാധാരണയായി കാണപ്പെടുന്നത്.

2007 -ൽ അസമിലെ കച്ചാർ ജില്ലയിലെ ബറയിൽ ഹിൽ റേഞ്ചിലും പരിസരത്തും നടത്തിയ ഒരു സർവേയിലാണ് ഈ ഇനത്തെ ആദ്യമായി കണ്ടെത്തുന്നത്. തുടർന്നുള്ള വർഷങ്ങളിൽ ഈ ഇനത്തിൽപെട്ട 10 എണ്ണത്തെ കൂടി താഴ്ന്ന പ്രദേശങ്ങളിൽ നിന്നും കണ്ടെത്തി ശേഖരിച്ചു. ശേഖരിച്ച മാതൃകകളിൽ 14 വർഷത്തിലേറെയായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇതിനെ ഒരു പുതിയ ഇനമായി തരംതിരിച്ചിരിക്കുന്നത്. പുതിയ ഇനത്തിന് 60 സെന്റിമീറ്റർ മുതൽ 80 സെന്റിമീറ്റർ വരെ നീളമുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ നിത്യഹരിത വനങ്ങളിലാണ് ഇവ കാണപ്പെടുന്നത്.

PREV
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്