
മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി അജ്മല്‍ കസബിനെ പിടികൂടുന്നതിനിടെ വെടിയേറ്റ് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഓര്‍മ്മ ഇനി ഈ ചിലന്തികള്‍ നിലനിര്‍ത്തും. മഹാരാഷ്ട്രയില്‍ പുതുതായി കണ്ടെത്തിയ രണ്ട് പുതിയ ഇനം ചിലന്തികളില്‍ ഒന്നിന്, ശാസ്ത്രജ്ഞര്‍ മുന്‍ മുംബൈ പോലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ തുക്കാറാം ഓംബ്ലിന്റെ പേരിട്ടു. ഇനി ഈ ചിലന്തി എസിയസ് തുക്കാറാമി എന്നാവും അറിയപ്പെടുക.
മുംബൈയിലെ താനെ, ആരേ മില്‍ക്ക് കോളനി എന്നിവിടങ്ങളില്‍ നിന്നാണ് ഈ ചിലന്തികളെ കണ്ടെത്തിയത്. 26/11 ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തുക്കാറാമിനെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പുതുതായി കണ്ടെത്തിയ ചിലന്തിയ്ക്ക് ആ പേര് നല്‍കിയത്. ഗുജറാത്തില്‍ നിന്നുള്ള ഗവേഷകനായ ധ്രുവ് പ്രജാപതിയും, മുംബൈയില്‍ നിന്നുള്ള ഗവേഷകനായ രാജേഷ് സനപ്പും സംഘവുമാണ് രണ്ട് ചിലന്തികളെ കണ്ടെത്തിയത്. ഗവേഷകര്‍ കണ്ടെത്തിയ രണ്ടാമത്തെ ഇനത്തിന് ഫിന്റെല്ല ചോല്‍കി എന്നും ഗവേഷകര്‍ പേരിട്ടു.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ പര്‍വീന്‍ കസ്വാന്‍, ചിലന്തിയുടെയും, തുക്കാറാമിന്റെയും ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ''കണ്ടെത്താനായി ഇനിയും നിരവധി അത്ഭുതങ്ങള്‍ പ്രകൃതിയില്‍ ബാക്കിയുണ്ട്. ചിലന്തിയ്ക്ക് ഒരു രക്തസാക്ഷിയുടെ പേര് നല്‍കിയത് ഉചിതമായി. മഹാരാഷ്ട്രയില്‍ കണ്ടെത്തിയ ജമ്പിംഗ് എട്ടുകാലിയുടെ പുതിയ ഇനത്തെ ഐസിയസ് തുക്കാറാമി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രക്തസാക്ഷിയായ തുക്കാറാമിന്റെ പേരാണ് ഗവേഷകര്‍ ചിലന്തിയ്ക്ക് നല്‍കിയിട്ടുള്ളത്, ''കസ്വാന്‍ ട്വീറ്റ് ചെയ്തു. കസ്വാന്റെ ട്വീറ്റിന് പിന്നാലെ, നിരവധി പേരാണ് തുക്കാറാമിന് ഒരിക്കല്‍ കൂടി ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
2008 നവംബര്‍ 26 ന് രാത്രി അജ്മല്‍ കസബിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് തെക്കന്‍ മുംബൈയിലെ ഗിര്‍ഗാം ചൗപട്ടിയില്‍ അദ്ദേഹം വെടിയേറ്റ് മരിച്ചത്. എന്നാല്‍ അതിനുമുന്‍പ് കസബിനെ ജീവനോടെ പിടികൂടാന്‍ അദ്ദേഹത്തിന് സാധിച്ചു. സംഭവം നടക്കുന്ന സമയം തുക്കാറാം നിരായുധനായിരുന്നു. പക്ഷേ അദ്ദേഹം തോക്കുധാരിയായ കസബിനെ അനങ്ങാന്‍ കഴിയാത്ത വിധം ചുറ്റിപിടിച്ചു. തുടര്‍ന്ന് പൊലീസ് കസബിനെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തു.
എന്നാല്‍ അറസ്റ്റിലാകുന്നതിന് മുമ്പ് കസബ് നിരവധി തവണ വെടിയുതിര്‍ക്കുകയും, വെടിയേറ്റ് തുക്കാറാം മരണപ്പെടുകയുമായിരുന്നു. പിന്നീട് 2009 ജനുവരിയില്‍ മരണാനന്തര ബഹുമതിയായി അശോകചക്ര നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.