പുതുവർഷ രാവും പന്ത്രണ്ട് ഭാഗ്യ മുന്തിരികളും: എന്താണ് ഈ 'ഗ്രേപ്പ് റിച്വൽ'?

Published : Dec 31, 2025, 12:03 PM IST
green

Synopsis

പുതുവർഷ രാവിൽ പന്ത്രണ്ട് മണിക്ക് പന്ത്രണ്ട് മുന്തിരി കഴിക്കുന്ന 'ഗ്രേപ്പ് റിച്വൽ' ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. സ്‌പെയിനിൽ തുടങ്ങി ലോകമെമ്പാടും പടർന്ന ഈ രസകരമായ ആചാരത്തെക്കുറിച്ചുള്ള വിശേഷങ്ങൾ അറിയാം.

പുതുവർഷം പിറക്കുന്ന കൃത്യം പന്ത്രണ്ട് മണിക്ക്, പന്ത്രണ്ട് സെക്കൻഡുകൾക്കുള്ളിൽ പന്ത്രണ്ട് മുന്തിരികൾ കഴിച്ചു തീർക്കുന്ന വിചിത്രവും എന്നാൽ കൗതുകകരവുമായ ഒരു ആചാരമാണിത്. സ്പെയിനിൽ "ലാസ് ഡോസ് ഉവാസ് ഡി ലാ സുവെർട്ടെ" അഥവാ "ഭാഗ്യത്തിന്റെ 12 മുന്തിരികൾ" എന്നാണ് ഇത് അറിയപ്പെടുന്നത്.

ഇതിന് പിന്നിലെ ചരിത്രം

ഈ ആചാരത്തിന് പിന്നിൽ പ്രധാനമായും രണ്ട് കഥകളാണുള്ളത്:

കർഷകരുടെ തന്ത്രം: 1909-ൽ സ്‌പെയിനിലെ അലിക്കന്റെയിൽ മുന്തിരി വിളവെടുപ്പ് പ്രതീക്ഷിച്ചതിലും അധികമായി. മിച്ചം വന്ന മുന്തിരി വിറ്റഴിക്കാൻ കർഷകർ കണ്ടെത്തിയ ബുദ്ധിയായിരുന്നു പുതുവർഷ രാവിൽ മുന്തിരി കഴിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന പ്രചാരണം.

ഫ്രഞ്ച് സ്റ്റൈൽ അനുകരണം: 1880-കളിൽ മാഡ്രിഡിലെ ഉയർന്ന വിഭാഗക്കാർ ഫ്രഞ്ച് സ്റ്റൈലിൽ ഷാംപെയ്‌നും മുന്തിരിയും ഉപയോഗിച്ച് പുതുവർഷം ആഘോഷിച്ചിരുന്നു. ഇതിനെ പരിഹസിക്കാൻ സാധാരണക്കാർ തുടങ്ങിയ ആചാരമാണെന്നും പറയപ്പെടുന്നു.

എങ്ങനെയാണ് ഇത് ചെയ്യേണ്ടത്?

പന്ത്രണ്ട് മുന്തിരികൾ ഇതിനായി വേണം. വരാനിരിക്കുന്ന വർഷത്തിലെ 12 മാസങ്ങളെയാണ് ഓരോ മുന്തിരിയും പ്രതിനിധീകരിക്കുന്നത്. പുതുവർഷം പിറക്കാൻ 12 സെക്കൻഡ് ബാക്കിയുള്ളപ്പോൾ ഓരോ സെക്കൻഡിലും ഓരോ മുന്തിരി വീതം കഴിക്കണം. പന്ത്രണ്ട് മണിക്ക് മുൻപ് പന്ത്രണ്ട് മുന്തിരിയും കഴിച്ചു തീർക്കുന്നവർക്ക് ആ വർഷം മുഴുവൻ ഭാഗ്യവും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം.

വൈറലാകുന്ന പുതിയ രീതി: 'മേശയ്ക്കടിയിലെ മുന്തിരി തീറ്റ'

ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും പുതിയൊരു ട്രെൻഡ് വന്നിട്ടുണ്ട്. ഡൈനിംഗ് ടേബിളിന് അടിയിൽ ഇരുന്നുകൊണ്ട് ഈ 12 മുന്തിരികൾ കഴിച്ചാൽ പ്രണയസാഫല്യം ഉണ്ടാകുമെന്നും 'പെർഫെക്ട് പാർട്ണറെ' ലഭിക്കുമെന്നുമാണ് പുതിയ കാലത്തെ വിശ്വാസം.

ശ്രദ്ധിക്കുക: വേഗത്തിൽ മുന്തിരി കഴിക്കുന്നത് ശ്വാസതടസ്സത്തിന് കാരണമായേക്കാം. അതിനാൽ ചെറിയ മുന്തിരികൾ തിരഞ്ഞെടുക്കുന്നതോ, കുരുവും തൊലിയും കളഞ്ഞ ശേഷം കഴിക്കുന്നതോ ആണ് സുരക്ഷിതം. ഈ വരുന്ന പുതുവർഷ രാവിൽ നിങ്ങളും ഈ 'ഗ്രേപ്പ് ചലഞ്ച്' ഒന്ന് പരീക്ഷിച്ചു നോക്കുന്നോ?

അപ്പോ ഹാപ്പി ന്യൂ ഇയർ..

PREV
Read more Articles on
click me!

Recommended Stories

2026 -ൽ ലോക മഹായുദ്ധം, സ്വ‍ർണ വില, പുതിയ നേതാവ്, അന്യഗ്രഹ ജീവി; ബാബ വംഗയുടെ പ്രവചനങ്ങൾ
'അച്ഛൻ തിരിച്ചു വരില്ല': എട്ട് മണിക്കൂർ ആശുപത്രിയിൽ കാത്തിരുന്ന് മരിച്ച മലയാളി വംശജന്‍റെ ഭാര്യ, മക്കളോട്