92 Terrorists : ബ്രിട്ടീഷ് ജയിലുകളിൽ നിന്നും 90 -ലധികം ഭീകരർ പുറത്തിറങ്ങുമോ? ആശങ്ക ഉയരുന്നു

By Web TeamFirst Published Dec 31, 2021, 1:35 PM IST
Highlights

ഭീകരവാദ കേസുകൾ അവയുടെ സങ്കീർണ്ണത കാരണം പരിഗണിക്കാൻ കൂടുതൽ സമയമെടുക്കും. മുൻ ജഡ്ജിമാർ, ചീഫ് കോൺസ്റ്റബിൾമാർ, ജയിൽ ഗവർണർമാർ, പ്രോസിക്യൂട്ടർമാർ, സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ എന്നിവരുൾപ്പടെയുള്ള അംഗങ്ങളാണ് പാനലിലുള്ളത്. 

ശിക്ഷിക്കപ്പെട്ട 90 -ലധികം ഭീകരർ(92 Terrorists) ബ്രിട്ടീഷ് ജയിലു(British prison)കളിൽ നിന്ന് ഉടൻ പുറത്തിറങ്ങിയേക്കാമെന്ന ഭയപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ചിലർ മാസങ്ങൾക്കുള്ളിൽ പരോൾ ബോർഡി(Parole Board)ന് മുമ്പാകെ ഹാജരാകും. ഓരോ വിചാരണയിലും ആവശ്യമായ തെളിവുകൾ ശേഖരിക്കാൻ എത്ര സമയമെടുക്കും എന്നതിനെ ആശ്രയിച്ച്, 92 ഭീകരവാദ കേസുകളിൽ പലതും ജയിലിൽ നിന്ന് മോചിപ്പിക്കുന്നതിനായി അടുത്ത വർഷം പരോൾ ജഡ്ജിമാരുടെ മുൻപാകെ എത്തും. ശിക്ഷയുടെ മൂന്നിൽ രണ്ട് ഭാഗം അനുഭവിച്ച് കഴിഞ്ഞാൽ തീവ്രവാദികൾ മോചനത്തിന് അർഹരായി തീരുന്നു.    

എന്നാൽ, ജയിലിൽ നിന്ന് മോചിതരായ ചിലർ വീണ്ടും തീവ്രവാദ പ്രവർത്തനങ്ങളിൽ ഭാഗമാവുന്നുവെന്ന് തീവ്രവാദത്തെ സംബന്ധിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള സ്വതന്ത്ര നിരൂപകൻ ജോനാഥൻ ഹാൾ ക്യുസി പറഞ്ഞു. 2019 -ലെ ലണ്ടൻ ബ്രിഡ്ജ് ആക്രമണത്തിൽ രണ്ട് പേരെ കൊലപ്പെടുത്തിയ ഉസ്മാൻ ഖാൻ അതിനൊരു ഉദാഹരണമാണ് എന്നദ്ദേഹം പറയുന്നു. എട്ട് വർഷത്തെ തടവിൽ നിന്ന് മോചിതനായി അയാൾ 11 മാസങ്ങൾക്ക് ശേഷമാണ് അടുത്ത ആക്രമണം നടത്തിയത്. തനിക്ക് മാനസാന്തരം സംഭവിച്ചുവെന്ന് ജയിൽ ചാപ്ലിനെയും പ്രൊബേഷൻ ഓഫീസറെയും വിശ്വസിപ്പിച്ചായിരുന്നു ഖാൻ പുറത്തിറങ്ങിയത്. എന്നാൽ, ഖാന്റെ കേസിനെ തുടർന്ന് ഇനി മുതൽ പരോൾ ബോർഡ് അതീവ ജാഗ്രത പുലർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖാനെ കൂടാതെ ജയിലിൽനിന്ന് മോചിതനായ മറ്റൊരാളും ആക്രമണങ്ങൾ നടത്തിയതിനെ തുടർന്ന്, 2020 -ൽ യുകെ സർക്കാർ അടിയന്തര നിയമങ്ങൾ നടപ്പാക്കിയിരുന്നു. ആ നിയമങ്ങൾ തീവ്രവാദികളെ ജയിലിൽ നിന്ന് നേരത്തെ മോചിപ്പിക്കുന്നത് തടയുന്നു. ശിക്ഷയുടെ മൂന്നിൽ രണ്ട് ഭാഗമെങ്കിലും അവർ അനുഭവിക്കണമെന്ന് ഇത് അനുശാസിക്കുന്നു. അവരുടെ കേസുകൾ പരോൾ ബോർഡ് വ്യക്തിഗതമായി കേട്ട് വിലയിരുത്തും. അത്തരം 92 കേസുകളുണ്ട്. അവയിൽ ചിലത് 2022 -ൽ പരോൾ ജഡ്ജിമാരുടെ മുമ്പാകെ വരുമെന്ന് ടൈംസ് റിപ്പോർട്ട് ചെയ്തു.

പരോൾ ബോർഡിന് മുമ്പാകെ ഹാജരാകേണ്ടവരിൽ രംഗ്‌സീബ് അഹമ്മദും ഉൾപ്പെടുന്നു. കൂട്ടക്കൊല നടത്താൻ മൂന്നംഗ അൽ-ക്വയ്‌ദ സെല്ലിന് നേതൃത്വം നൽകിയതിനാണ് അയാളെ യുകെ കോടതി ശിക്ഷിച്ചത്. 2004 -ൽ കെന്റിലെ ഒരു ഷോപ്പിംഗ് സെന്ററിലും ലണ്ടനിലെ ഒരു ക്ലബിലും ബോംബ് സ്‌ഫോടനം നടത്താൻ പദ്ധതിയിട്ട ജവാദ് അക്ബറിന്റെ മോചനവും പരോൾ ബോർഡ് മാർച്ചിൽ പരിഗണിക്കും. ബോംബ് നിർമ്മിച്ച നിയോ-നാസി ജാക്ക് കോൾസയുടെ കേസ് ഫെബ്രുവരിയിൽ ബോർഡ് തീർപ്പ് കല്പിക്കും. ഇത്തരം ഡസൻ കണക്കിന് ഭീകരർ ജയിലിൽ നിന്ന് മോചിപ്പിക്കപ്പെടാമെന്ന ഭീതിയിൽ, ഭീകരർക്കുള്ള പരോൾ സംവിധാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി എംപിമാർ മുന്നോട്ട് വന്നിരിക്കയാണ്.  

2020 -ൽ പുതിയ നിയമം നിലവിൽ വന്നതിന് ശേഷം 117 കേസുകൾ പരോൾ ബോർഡിന് കൈമാറിയിരുന്നു. അതിൽ ഇതുവരെ 11 പേരെ മോചിപ്പിക്കുകയും 14 പേരെ വിട്ടയക്കാതിരിക്കുകയും ചെയ്തു. പരോൾ ബോർഡ് പറഞ്ഞു: “പൊതു സംരക്ഷണം എല്ലായ്പ്പോഴും ഞങ്ങളുടെ മുൻ‌ഗണനയാണ്. സമൂഹത്തിലേക്ക് തിരികെ അയക്കുന്ന തീവ്രവാദിയ്ക്ക് യാത്ര ചെയ്യാനും, ആരുടെയൊപ്പം സഹവസിക്കാമെന്നതിനും, ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനും, ഇലക്ട്രോണിക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും, ജോലിയ്ക്ക് പോകുന്നതിനും ഒക്കെ കടുത്ത നിയന്ത്രണങ്ങളും, വ്യവസ്ഥകളും ഉണ്ടാകും. കൂടാതെ, അവർ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയരായിരിക്കുകയും ചെയ്യും."

ഭീകരവാദ കേസുകൾ അവയുടെ സങ്കീർണ്ണത കാരണം പരിഗണിക്കാൻ കൂടുതൽ സമയമെടുക്കും. മുൻ ജഡ്ജിമാർ, ചീഫ് കോൺസ്റ്റബിൾമാർ, ജയിൽ ഗവർണർമാർ, പ്രോസിക്യൂട്ടർമാർ, സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ എന്നിവരുൾപ്പടെയുള്ള അംഗങ്ങളാണ് പാനലിലുള്ളത്. തീവ്രവാദ കേസുകളുടെ നിർണായകമായ സ്വഭാവം കാരണം, പരോൾ ബോർഡ് അവ കൈകാര്യം ചെയ്യാൻ കഴിയുന്ന സ്പെഷ്യലിസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും 2022 -ന്റെ തുടക്കത്തോടെ ഏകദേശം 70 അംഗങ്ങളെ പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു.  

click me!