
ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്ന് 61 -കാരിയായ ഭാര്യയെ 80 -കാരൻ കുത്തിക്കൊന്നു(Stabbed to death). കുറ്റാരോപിതനായ വ്യക്തിയുടെ പേര് വിറ്റോ കാൻഗിനി(Vito Cangini), മരിച്ച ഭാര്യയുടെ പേര് നതാലിയ കയ്റിചോക്ക്(Natalia Kyrychok). ക്രിസ്മസ് ദിനത്തിന്റെ അന്ന് രാത്രിയിലാണ് സംഭവം നടന്നത്. ഇറ്റലിയിലെ ഫനാനോ ഡി ഗ്രാഡര പട്ടണത്തിലെ അവരുടെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം. ഭാര്യയെ കുത്തിക്കൊന്നതായി വിറ്റോ പൊലീസിനോട് തുറന്ന് സമ്മതിച്ചിട്ടുണ്ട്.
ക്രിസ്മസ് ദിനത്തിൽ നതാലിയ തന്റെ ഭർത്താവ് വിറ്റോയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി ഭർത്താവ് വിറ്റോ വയാഗ്ര കഴിക്കുകയും ചെയ്തു. എന്നാൽ, പെട്ടെന്ന് ഭാര്യയുടെ മനസ്സ് മാറി. തനിക്ക് ഇപ്പോൾ സെക്സിന് താല്പര്യമില്ലെന്ന് അവൾ ഭർത്താവിനോട് പറഞ്ഞു. തുടർന്ന് ഒന്നും രണ്ടും പറഞ്ഞ് വിറ്റോയും നതാലിയയും തമ്മിൽ വഴക്കായി. ഒടുവിൽ വഴക്ക് മൂത്ത് വിറ്റോ ഭാര്യ നതാലിയയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. 17 വർഷത്തെ ദാമ്പത്യമായിരുന്നു ആ കത്തിത്തുമ്പില്‍ ഇല്ലാതായത്. എന്നാൽ, അയാളെ ഇതിന് പ്രേരിപ്പിച്ചതിന് പിന്നിൽ മറ്റൊരു കാരണവും കൂടിയുണ്ട്. വിറ്റോയും നതാലിയയും തമ്മിൽ 20 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ, തന്നെക്കാൾ ചെറുപ്പമായ ഭാര്യയെ അയാൾക്ക് എപ്പോഴും സംശയമായിരുന്നു. ഭാര്യയ്ക്ക് അവളുടെ ബോസുമായി അവിഹിതബന്ധമുണ്ടായിരുന്നുവെന്ന് വിറ്റോ സംശയിച്ചിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അയാൾ മൃതദേഹം രക്തം താളം കെട്ടി നിന്ന വെറും നിലത്ത് ഉപേക്ഷിച്ചു. ഒന്നും സംഭവിക്കാത്ത മട്ടിൽ ആ കിടപ്പുമുറിയിൽ തന്നെ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് പതിവുപോലെ ചായയും പ്രാതലും കഴിച്ചു. തുടർന്ന് നായയെയും കൊണ്ട് നടക്കാൻ പോയി. അതിനു ശേഷം പതിവ് പോലെ ജോലിയ്ക്ക് പോയി. ഉച്ചകഴിഞ്ഞ് അയാൾ തന്റെ ഭാര്യ രണ്ട് വർഷമായി ഷെഫായി ജോലി ചെയ്തിരുന്ന റെസ്റ്റോറന്റിൽ വിളിച്ച് നതാലിയയെ ഇനി ഒരിക്കലും കാണാനാകില്ലെന്ന് ബോസിനോട് പറഞ്ഞു. 'നിങ്ങൾക്കിടയിൽ എന്തോ ഉണ്ടായിരുന്നതായി എനിക്കറിയാം' വീറ്റോ ഭാര്യയുടെ ബോസിനോട് പറഞ്ഞു. ഇത് കേട്ടയുടൻ റെസ്റ്റോറന്റ് ഉടമ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് വിറ്റോയുടെ വീട്ടിൽ റെയ്ഡ് നടത്തുകയും ചെയ്തു.
തുടർന്ന്, നതാലിയയുടെ മൃതദേഹം വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. നാല് മാരകമായ കുത്തുകൾ മൃതദേഹത്തിൽ ഉള്ളതായി ഉദ്യോഗസ്ഥർ കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് കരുതുന്ന ആയുധവും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി. വിറ്റോ ഇപ്പോൾ അറസ്റ്റിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണ്.