
തായ്‌വാന് കൈയടക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കിടെ, നിക്കരാഗ്വയുടെ വക തായ്‌വാന് പുതിയ പ്രതിസന്ധി. നിക്കരാഗ്വയിലെ തായ്‌വാന്റെ എംബസിയും നയതന്ത്ര കാര്യാലയങ്ങളും നിക്കരാഗ്വ പിടിച്ചെടുത്തു. തായ്‌വാന്‍ ചൈനയുടെ അവിഭാജ്യ ഭാഗമാണ് എന്ന് പറഞ്ഞാണ്, തായ്‌വാന്റെ നയതന്ത്ര കാര്യാല്യങ്ങള്‍ നിക്കരാഗ്വ പിടിച്ചെടുത്തത്. ഈ മാസം ആദ്യം, ചൈനയെ മാത്രമേ അംഗീകരിക്കൂ എന്നു പറഞ്ഞ് നിക്കരാഗ്വ തായ്‌വാനുമായുള്ള നതതന്ത്രബന്ധം അവസാനിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാഴ്ചക്കുള്ളില്‍ രാജ്യം വിട്ടുപോവണം എന്ന് തായ്‌വാന്‍ നയതന്ത്രപ്രതിനിധികള്‍ക്ക് അന്ത്യശാസനം നല്‍കിയശേഷം കാര്യാലയങ്ങള്‍ നിക്കരാഗ്വ പിടിച്ചെടുത്തത്.
ഇതിന് തൊട്ടുമുമ്പായി തങ്ങളുടെ എംബസിയിലെ വസ്തുവകകള്‍ നിക്കരാഗ്വയിലെ കത്തോലിക്ക സഭയ്ക്ക് കൈമാറാന്‍ തായ്‌വാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം സഭയെ അറിയിക്കുകയും സഭ ഈ വസ്തുവകകള്‍ വാങ്ങാന്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍, ഇത് അനുവദിക്കില്ലെന്നാണ് നിക്കരാഗ്വയുടെ നിലപാട്. എംബസിയിലെ വസ്തുവകകള്‍ അടക്കം തായ്‌വാന്റെ ഉടമസ്ഥയിലുള്ളതെല്ലാം ചൈനയ്ക്ക് അവകാശപ്പെട്ടതാണെന്നും ഇത് മറ്റാര്‍ക്കും നല്‍കാന്‍ തായ്‌വാന് അവകാശമില്ലെന്നുമാണ് നിക്കരാഗ്വന്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗ പറയുന്നത്.
തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന വിവാദങ്ങള്‍ക്കിടയിലാണ് ഡാനിയല്‍ ഒര്‍ട്ടേഗ നവംബറില്‍ നിക്കരാഗ്വയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്നും തടയുകയും എതിരാളികളായ 40 പ്രമുഖ നേതാക്കളെ ജയിലിലടക്കുകയും ചെയ്താണ് ഒര്‍ട്ടേഗ വീണ്ടും അധികാരത്തില്‍ എത്തിയത്. നിക്കരാഗ്വയില്‍ ജനാധിപത്യം അട്ടിമറിക്കപ്പെട്ടതായും പ്രസിഡന്റ് ഒര്‍ട്ടേഗ ജനവിരുദ്ധ സമീപനങ്ങള്‍ സ്വീകരിക്കുകയാണെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഈയിടെ ആരോപിച്ചത്.
വീണ്ടും അധികാരത്തിലേറിയതിനു തൊട്ടുപിന്നാലെയാണ് ഒര്‍ട്ടേഗ ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്. തായ്‌വാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുകയായിരുന്നു ഇതിന്റെ ആദ്യപടി. തുടര്‍ന്നാണ് ഇന്ന് തായ്‌വാന്റെ അനുമതിയില്ലാതെ അവരുടെ നയതന്ത്ര കാര്യാലയങ്ങള്‍ പിടിച്ചെടുത്തത്. ചൈനയെ മാത്രമാണ് അംഗീകരിക്കൂ എന്നാണ് ഒര്‍ട്ടേഗ സര്‍ക്കാറിന്റെ നിലപാട്. 'തായ്‌വാന്‍ അടക്കമുള്ള ചൈനയുടെ മുഴുവന്‍ പ്രദേശങ്ങളെയും പ്രതിനിധീകരിക്കേണ്ടത് ചൈനയാ'ണെന്നും തായ്‌വാന്‍ സര്‍ക്കാറിന് ഇതിനൊരു അര്‍ഹതയും ഇല്ലെന്നുമാണ് നിക്കരാഗ്വ ഇപ്പോള്‍ പറയുന്നത്.
നിക്കരാഗ്വയുടെ നടപടി അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്ന് തായ്‌വാന്‍ പ്രതികരിച്ചു. തായ്‌വാന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് രാജ്യം വിടുന്നതിന് കേവലം രണ്ടാഴ്ചകള്‍ മാത്രം നല്‍കിയ നിക്കരാഗ്വയുടെ നടപടി അന്താരാഷ്ട്ര നയതന്ത്ര നിയമങ്ങളുടെ ലംഘനമാണ്. തങ്ങളുടെ വസ്തുവവകള്‍ വില്‍ക്കുന്നത് തടഞ്ഞ നടപടിക്കെതിരെയും തായ്‌വാന്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു.
തായ്‌വാനെ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്താനും നയതന്ത്ര അംഗീകാരം ഇല്ലാതാക്കാനും ചൈന നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് നിക്കരാഗ്വയുടെ ഈ സമീപനം എന്നാണ് രാജ്യാന്തര നയതന്ത്ര വിദഗ്ധര്‍ കരുതുന്നത്. നിലവില്‍ തായ്‌വാന് 14 വിദേശരാജ്യങ്ങളുമായി മാത്രമാണ് നയതന്ത്ര ബന്ധമുള്ളത്.